17 January Friday

ആയിരങ്ങള്‍ അണിനിരന്നു: ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരായ ഡിവൈഎഫ്‌ഐ ലോങ്‌ മാര്‍ച്ചിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

കൊച്ചി> ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ചിന് തുടക്കമായി. കൊച്ചി കപ്പല്‍ശാലയ്ക്കു മുന്നില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണശുദ്ധീകരണ സ്ഥാപനമായ ബിപിസിഎല്ലിന്റെ ഓഹരികള്‍ പൂര്‍ണമായും സര്‍ക്കാര്‍ കൈയ്യൊഴിയാനാണ് തീരുമാനം. ഇതിനെതിരെ ശക്തമായ പ്രതിഷേധറിയിച്ചുകൊണ്ടാണ് ലോംഗ് മാര്‍ച്ച്.



മാര്‍ച്ചില്‍ സംവിധായകന്‍ ആഷിക് അബു പങ്കെടുത്തു. ബിപിസിഎല്‍ വില്‍ക്കരുതെന്നും നാടിനായി നടക്കാന്‍ താനുമുണ്ടെന്നും ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഉള്‍പ്പെടെ ലാഭത്തില്‍പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. കൊച്ചി ബിപിസിഎല്‍ എണ്ണശുദ്ധീകരണശാലയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്.ഇന്ത്യ ഗവണ്‍മെന്റ് 27.75 കോടിരൂപ ചെലവഴിച്ച് സ്ഥാപിച്ച ബിപിസിഎല്‍ 3.38 ലക്ഷം കോടി രൂപയിലധികം വിറ്റുവരവും 7132 കോടിരൂപ ലാഭവുമുള്ള സ്ഥാപനമാണ്.  48,182 കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ വ്യവസായസ്ഥാപനം കൂടിയാണ്.



 വില്‍പന രാജ്യത്തിന്റെ  ഊര്‍ജസുരക്ഷയെയും  ബാധിക്കും. കേരളത്തിന്റെ  5426 കോടിരൂപയുടെ വ്യവസായ സ്വപ്നപദ്ധതിയായ പെട്രോകെമിക്കല്‍ പാര്‍ക്കും ത്രിശങ്കുവിലാകും.ബിപിസിഎല്‍ വില്‍പ്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ച ഘട്ടത്തില്‍ത്തന്നെ നിരവധി ബഹുരാഷ്ട്ര എണ്ണകമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ എണ്ണക്കമ്പനിയായ ടെലൂറിയനാണ് ഇവരില്‍ മുന്‍പന്തിയിലുള്ളത്.



സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍  മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി എ എ റഹീം, ട്രഷറര്‍ എസ് കെ സജീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ജില്ലയിലെ 20 ബ്ലോക്കില്‍നിന്നായി അയ്യായിരത്തോളം യുവജനങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നു.



സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്, എം സ്വരാജ് എംഎല്‍എ,  എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് ജാഥയോടൊപ്പം ചേരും. പള്ളിമുക്ക്, വൈറ്റില, തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷന്‍ വഴി വൈകിട്ട് നാലിന് ബിപിസിഎല്‍ ആസ്ഥാനത്തെത്തും. സമാപന സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.  


പ്രധാന വാർത്തകൾ
 Top