24 January Friday

ബോബനും മോളിയും വീണ്ടും വിവാദത്തിൽ; അവകാശം ടോംസിന്‌ വിട്ടുകൊടുക്കുകയായിരുന്നുവെന്ന്‌ മാമൻ മാത്യു

ലെനി ജോസഫ്‌Updated: Friday Dec 6, 2019

കോട്ടയം> കോടതി കയറിയ  ‘ബോബനും മോളി’യുടെയും  പേരിൽ  കാൽനൂറ്റാണ്ടിനു ശേഷം  വീണ്ടും  വാദപ്രതിവാദം. കേസിലെ കക്ഷികളായിരുന്ന കാർട്ടൂണിസ്‌റ്റ്‌ ടോംസും മലയാള മനോരമ മുൻ മുഖ്യപത്രാധിപർ കെ എം മാത്യുവും  വിടവാങ്ങിയെങ്കിലും  കേസിന്റെ അലയൊലി അടങ്ങുന്നില്ല.

പകർപ്പവകാശത്തെപ്പറ്റി  കോഴിക്കോട്‌ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന  ആഴ്‌ച്ചപ്പതിപ്പിലെ ചർച്ചയിൽ  ടോംസിന്റെ  അഭിഭാഷകനായിരുന്ന ഡോ. സെബാസ്‌റ്റ്യൻ പോൾ ‘ ബോബനും മോളി’യും കേസ്‌ പരാമർശിച്ചതോടെ  മനോരമ പത്രാധിപർ  മാമ്മൻ മാത്യൂ  അതേ പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കത്തിൽ  വിശദീകരണവുമായി  രംഗത്തെത്തി.

എറണാകുളം ജില്ലാ കോടതിയിൽ കാർട്ടൂണിസ്‌റ്റിന്‌ അനുകൂലമായ വിധി  ഉണ്ടായില്ലെങ്കിലും,  കാർട്ടൂൺ തുടർന്നും വരയ്‌ക്കുന്നതിനുളള അനുവാദം പുർണ്ണമായും  ഇടക്കാല  ഉത്തരവിലൂടെ ഹൈക്കോടതി കാർട്ടൂണിസ്‌റ്റിനു നൽകിയെന്നാണ്‌ സെബാസ്‌റ്റ്യൻ പോൾ ലേഖനത്തിൽ പറഞ്ഞത്‌.  ടോംസിന്‌ ആരെങ്കിലും ആശയങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ആശയങ്ങൾക്കുമാത്രമായി പകർപ്പവകാശം ബാധകമാകുന്നില്ലെന്ന്‌ സെബാസ്‌റ്റ്യൻ പോൾ ചൂണ്ടിക്കാട്ടി. 

എന്നാൽ സെബാസ്‌റ്റ്യൻ പോൾ കേസിന്റെ ഒരു വശം മാത്രമേ പറയുന്നുള്ളുവെന്ന്‌ ആരോപിച്ചാണ്‌  മാമ്മൻ മാത്യു രംഗത്തു വന്നത്‌. തന്റെ പിതാവ്‌  കെ എം മാത്യുവിന്റെ കൃതിയായ  ‘എട്ടാമത്തെ മോതിരത്തിൽ’  എഴുതിയ വിശദീകരണം ഉദ്ധരിക്കുകയുംചെയ്‌തു. 1992 ഏപ്രിൽ പത്തിന്‌ ബോബനും മോളിയുടെയും പകർപ്പവകാശം  മനോരമയ്‌ക്കു കിട്ടിയെന്നും ഈ കാർട്ടൂൺ വരയ്‌ക്കുന്നതിൽ നിന്ന്‌ ടോംസിനെ വിലക്കിയെന്നും അദ്ദേഹം പറയുന്നു.  കേസ്‌ ജയിച്ചശേഷം ‘ ബോബനും മോളി’യും തങ്ങൾ ടോംസിന്‌ വിട്ടുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.


പ്രധാന വാർത്തകൾ
 Top