15 November Friday

ബോട്ടപകടത്തിൽപ്പെടുന്നവർക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ; വിജ്ഞാപനം ഉടൻ

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2019

കൊച്ചി > ബോട്ടപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബത്തിനും പരിക്കേൽക്കുന്നവർക്കും ഇൻഷുറൻസ്‌ പരിരക്ഷ യാഥാർഥ്യമാകുന്നു. 2010ലെ കേരള ഇൻലാൻഡ്‌ വെസൽസ്‌ റൂളിൽ ഇൻഷുറൻസ്‌ ക്ലെയിം പരിഗണിക്കുന്നതുകൂടി ഉൾപ്പെടുത്തി ഉടൻ വിജ്ഞാപനം ഇറക്കും. ഇതോടെ യാത്രികർക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാകും. വാഹനാപകട നഷ്ടപരിഹാര കേസ്‌ പരിഗണിക്കുന്ന മോട്ടോർ ആക്‌സിഡന്റ്‌ ക്ലെയിം ട്രിബ്യൂണലുകൾക്ക്‌ (എംഎസിടി) ബോട്ടപകട നഷ്ടപരിഹാര കേസുകൾകൂടി പരിഗണിക്കാൻ അനുമതി നൽകിയും ജലയാനങ്ങൾ രജിസ്‌റ്റർ ചെയ്‌ത സ്ഥലത്തിന്റെ പരിധിയിലെ എംഎസിടിയെ നഷ്ടപരിഹാരത്തിനായി സമീപിക്കാവുന്ന വിധത്തിലുമാകും വിജ്ഞാപനം പുറത്തിറങ്ങുക.

2010ൽ അന്നത്തെ എൽഡിഎഫ്‌ സർക്കാർ നിയമം കൊണ്ടുവന്നെങ്കിലും ഇൻഷുറൻസ്‌ ക്ലെയിം പരിഗണിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പ്രതിപാദിച്ചിരുന്നില്ല. പിന്നീടുവന്ന യുഡിഎഫ്‌ സർക്കാർ ഇതിന്‌ നടപടിയെടുത്തുമില്ല. 11 പേരുടെ ജീവൻ നഷ്ടമായ 2015ലെ ഫോർട്ടുകൊച്ചി ബോട്ടുദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ജോൺ ഫെർണാണ്ടസ്‌ എംഎൽഎയാണ്‌, ബോട്ടുയാത്ര ചെയ്യുന്നവർക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കാൻ എംഎസിടി കോടതികളെ ഇൻലാൻഡ്‌ വെസൽസ്‌ ആക്സിഡന്റ്‌സ്‌ ട്രിബ്യൂണലാക്കി നാമനിർദേശം ചെയ്യണമെന്ന്‌ നിയമസഭയിൽ ആവശ്യമുന്നയിച്ചത്‌. ഇത്‌ പരിഗണിച്ച മുഖ്യമന്ത്രി ജലയാനങ്ങളിലെ യാത്രികർക്ക്‌ തേർഡ്‌ പാർടി ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പാക്കുമെന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന്‌ ഉറപ്പുനൽകി. ഇതാണ്‌ ഇപ്പോൾ യാഥാർഥ്യമാകുന്നത്‌.

ഫിഷറീസ്‌, നിയമ വകുപ്പുകളുടെ അംഗീകാരം ലഭിച്ച വിജ്ഞാപനത്തിന്റെ കരട്‌ ഇപ്പോൾ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്‌. ഇവിടെനിന്നുള്ള അംഗീകാരം ലഭിച്ചാൽ നിയമവകുപ്പിൽ തിരിച്ചെത്തി വിജ്ഞാപനം ഇറങ്ങും. ഫോർട്ടുകൊച്ചി ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ ഇൻഷുറൻസ്‌ തുകയ്‌ക്കായി എംഎസിടിയെ സമീപിച്ചെങ്കിലും പരിധിയിൽ വരാത്തതിനാൽ തള്ളി. ഇതോടെയാണ്‌ ജോൺ ഫെർണാണ്ടസ്‌ എംഎൽഎ വിഷയത്തിൽ ഇടപെട്ടത്‌.


പ്രധാന വാർത്തകൾ
 Top