13 June Sunday

രക്തദാനം വാക്സിൻ സ്വീകരിച്ച്‌ 14 ദിവസത്തിനുശേഷം ; - ധൈര്യപൂർവം രക്തം ദാനം ചെയ്യാമെന്ന്‌ വിദഗ്ധർ

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021


തിരുവനന്തപുരം  
വാക്സിൻ സ്വീകരിച്ച്‌ രണ്ടാഴ്‌ച കഴിഞ്ഞാൽ രക്തം ദാനം ചെയ്യാമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ്‌ കേന്ദ്ര ആരോഗ്യവകുപ്പ്‌ ഡയറക്ടറേറ്റ്‌ പുറപ്പെടുവിച്ചു. മുൻ ഉത്തരവ്‌ പ്രകാരം 28 ദിവസത്തിനുശേഷമായിരുന്നു രക്തം ദാനം ചെയ്യാനാകുന്നത്‌. ഇതാണ്‌ 14 ദിവസമാക്കിയത്‌. ദാതാക്കളുടെ ലഭ്യത കുറഞ്ഞതോടെ നാഷണൽ ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻ കൗൺസിലി (എൻബിടിസി)ന്റെ തീരുമാനപ്രകാരമാണ് ഇത്‌. വാക്സിന്റെ ഓരോ ഡോസും സ്വീകരിച്ചശേഷമുള്ള 14 ‌ദിവസ ഇടവേളയിൽ രക്തം ദാനം ചെയ്യാമെന്നാണ്‌ പുതിയ നിർദേശം.

കോവിഡിൽ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്യുന്നതിൽ പൊതുവെ വിമുഖത പ്രകടമായിരുന്നു. ഇതിനു പിന്നാലെയാണ്‌ വാക്സിനെടുത്തവർ 28 ദിവസം കഴിഞ്ഞേ രക്തം ദാനം ചെയ്യാവൂവെന്ന നിർദേശവുമെത്തിയത്‌. ഇതോടെ കോവിഡിതര രോഗികൾക്കും അടിയന്തര ശസ്‌ത്രക്രിയകൾക്ക്‌ വിധേയരാകുന്നവർക്കും രക്തം   ലഭിക്കാത്ത സാഹചര്യവുമുണ്ടായി. 

"അമ്പത്‌ വയസ്സിൽ താഴെയുള്ളവരാണ്‌ കൂടുതലും രക്തദാനം ചെയ്യുന്നത്‌. ആരോഗ്യമുള്ളവർക്ക്‌ വാക്സിനെടുത്താലും മറ്റ്‌ പാർശ്വഫലങ്ങൾ ഉണ്ടാകില്ല. അതിനാൽ, 14 ദിവസത്തിനുശേഷം ധൈര്യമായി രക്തംനൽകാം'– ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റും എറണാകുളം ഐഎംഎ ബ്ലഡ്‌ ബാങ്ക്‌ ചുമതലക്കാരനുമായ ഡോ. ഏബ്രഹാം വർഗീസ്‌ പറഞ്ഞു. സർക്കാർ ആശുപത്രികളിലോ ഐഎംഎയുടെ ആറ്‌ ബ്ലഡ്‌ ബാങ്കുകളിലെത്തിയോ ആർക്കും രക്തം ദാനം ചെയ്യാം. സംസ്ഥാനത്ത്‌ ഡിവൈഎഫ്ഐയുടെയും എസ്‌എഫ്‌ഐയുടയും നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ്‌ വൻ വിജയമായിരുന്നു.

ആർത്തവവും വാക്സിൻ 
സ്വീകരണവും
സ്‌ത്രീകളിലെ ആർത്തവചക്രവും വാക്സിനും തമ്മിൽ ഒരു ബന്ധവുമില്ല. ആർത്തവദിനങ്ങളിൽ വാക്സിനേഷൻ പാടില്ലെന്ന മണ്ടൻ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന്‌ ഡോ. ഏബ്രഹാം പറഞ്ഞു.  മറ്റെല്ലാ ദിവസങ്ങളെയുംപോലെ ആ ദിവസവും സുരക്ഷിതമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top