18 February Monday

പിന്തുണയില്ല: ഗത്യന്തരമില്ലാതെ ബിജെപി സമരനാടകം അവസാനിപ്പിക്കുന്നു

സ്വന്തം ലേഖകൻUpdated: Saturday Jan 19, 2019
തിരുവനന്തപുരം > ശബരിമല സ‌്ത്രീ പ്രവേശനത്തിന്റെ മറവിൽ ബിജെപി നടത്തിവന്ന സമര നാടകം അവസാനിപ്പിക്കുന്നു. 48 ദിവസമായി സെക്രട്ടറിയറ്റിന‌് മുന്നിൽ നടത്തിവന്ന സമരമാണ‌് ഗത്യന്തരമില്ലാതെ നിർത്തുന്നത‌്. ഞായറാ‌ഴ‌്ച പകൽ 10.30 ഓടെ സമരം അവസാനിപ്പിക്കുമെന്ന‌് ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള പ്രഖ്യാപിച്ചു. ശനിയാഴ‌്ച രാത്രി എട്ടിന‌് സമരപ്പന്തലിലെത്തിയാണ‌് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത‌്.
 
കൊട്ടിഘോഷിച്ച‌് തുടങ്ങിയ സമരത്തെ നേതാക്കളും പ്രവർത്തകരും തുടക്കംമുതലേ കൈവിട്ടിരുന്നു. ബിജെപിയിലെ ഗ്രൂപ്പ‌് വഴക്കിന്റെ ഭാഗമായി തുടങ്ങിയ നിരാഹാര സമരത്തോട‌് ഒരു വിഭാഗം എതിർപ്പ‌് ശക്തമാക്കിയിരുന്നു. 
മുൻനിര നേതാക്കളാരും തുടർസമരം ഏറ്റെടുക്കാൻ തയാറായില്ല. ഇതോടെ പ്രവർത്തകർക്കുപോലും അറിയാത്ത നേതാക്ക‌ളെ കൊണ്ടുവന്ന‌് നിരാഹാരം കിടത്തേണ്ട അവസ്ഥയിലെത്തി സംസ്ഥാന പ്രസിഡന്റും സംഘവും. സമരം അവസാനിപ്പിക്കുന്നതിന‌് മുന്നോടിയായിട്ടാണ‌് കഴിഞ്ഞദിവസം ദേശീയ നേതാവായ പി കെ കൃഷ‌്ണദാസിനെ നിരാഹാരം കിടത്തിയത‌്.
 
ശബരിമലയുടെ മറവിൽ ഹർത്താലും അക്രമങ്ങളും വ്യാപമാക്കിയതോടെ പൊതുസമൂഹം ബിജെപി സമരത്തെ തള്ളിയിരുന്നു. സെക്രട്ടറിയറ്റ‌് വളയൽ ഉൾപ്പെടെ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും പ്രവർത്തകരെ കിട്ടാതെ ഉപേക്ഷിച്ചു. പൊതുസമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കാനാകാത്ത സമരം നേതൃത്വത്തിന‌് വയ്യാവേലി ആയതോടെയാണ‌് നിർത്തുന്നത‌്.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top