20 February Wednesday

നാടകാന്ത്യം നാണംകെട്ട്‌ ബിജെപി ; സമരം ‘തിളച്ചില്ല’, ആളൊഴിഞ്ഞതോടെ കെടുത്തി

സുമേഷ‌് കെ ബാലൻUpdated: Monday Jan 21, 2019

തിരുവനന്തപുരം> ശബരിമല സ‌്ത്രീപ്രവേശനത്തിന്റെ പേരുപറഞ്ഞ‌് 114 ദിവസമായി സംസ്ഥാനത്ത‌് സംഘപരിവാർ നടത്തുന്ന സമരകോലാഹലങ്ങൾക്കും 49 ദിവസമായി സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിവന്ന നിരാഹാരനാടകത്തിനും നാണംകെട്ട അന്ത്യം. സ‌്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹർജികൾ പരിഗണിക്കണമോയെന്ന‌് സുപ്രീംകോടതി തീരുമാനിക്കുന്നതിന‌് രണ്ടുദിവസം മുമ്പാണ‌് സെക്രട്ടറിയറ്റ‌് നടയിലെ സമരത്തിൽനിന്നുള്ള പിൻവാങ്ങൽ.

സമരം വിജയത്തിലെത്തിയില്ലെന്ന സംസ്ഥാന പ്രസിഡന്റിന്റെ കുമ്പസാരത്തോടെയാണ‌് വിശ്വാസത്തെ മുതലെടുക്കാനായി ആരംഭിച്ച  സമരനാടകത്തിന‌് തിരശീല വീഴുന്നത‌്. ശബരിമലവിധി വീണുകിട്ടിയ സുവർണാവസരമാണെന്ന‌  ശ്രീധരൻപിള്ളയുടെ  പ്രഖ്യാപനത്തോടെ ഹർത്താലും രഥയാത്രയും നിരാഹാരവും അക്രമപരമ്പരയുമെല്ലാം സംഘടിപ്പിച്ചെങ്കിലും ജനം ഇതെല്ലാം തള്ളിക്കളഞ്ഞു.

അക്രമികൾ തമ്പടിച്ചു, വിശ്വാസികൾ കൈയൊഴിഞ്ഞു
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച‌് സെപ്തംബർ 28ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച‌് വിധി പുറപ്പെടുവിച്ചതോടെയാണ‌്  സംഘപരിവാർ കോലാഹലങ്ങളും അക്രമങ്ങളും ആരംഭിച്ചത്. തുടക്കത്തിൽ ആർഎ‌സ‌്എസ‌്–-ബിജെപി നേതാക്കൾ വിധിയെ സ്വാഗതം ചെയ‌്തെങ്കിലും പിന്നീട‌് മലക്കംമറിയുകയായിരുന്നു. തുലാമാസ പൂജകൾക്ക‌് നട തുറന്നപ്പോൾ ഭക്തരുടെ വേഷത്തിൽ ആർഎസ‌്എസുകാരും സന്നിധാനത്ത‌് കുഴപ്പങ്ങൾ സൃഷ്ടിക്കാനായി തമ്പടിച്ചുതുടങ്ങി. പന്തളത്തുനിന്ന‌് തിരുവനന്തപുരത്തേക്ക് ജാഥ നടത്തി. ശബരിമലയിൽ പ്രവേശിക്കാനെത്തിയ യുവതികളെയും മാധ്യമപ്രവർത്തകരെയും 50 കഴിഞ്ഞ സ‌്ത്രീകളെയുംവരെ ആർഎസ‌്എസ‌്–-ബിജെപി പ്രവർത്തകർ  ആക്രമിച്ചു. ചിത്തിര ആട്ടവിശേഷത്തിന‌് നടതുറന്നപ്പോഴും ബിജെപി അക്രമപ്പേക്കൂത്തുകൾ തുടർന്നു.

  കൊച്ചുമകന്റെ ചോറൂണിന് ശബരിമലയിലെത്തിയ 50 കഴിഞ്ഞ സ്ത്രീയെ ആക്രമിച്ച കേസിൽ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും പ്രതിയായി. മണ്ഡല–--മകരവിളക്ക് ഉത്സവത്തിന് നടതുറന്നപ്പോൾ നിരോധനാജ്ഞ ലംഘിച്ച‌് ശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ  പൊലീസ‌് അറസ്റ്റ‌് ചെയ‌്തതോടെ ശബരിമല കർമസമിതി ഹർത്താൽ പ്രഖ്യാപിച്ചു. ബിജെപി പിന്തുണയും നൽകി. നവംബർ 18ന് ശബരിമലയിൽ പ്രശ‌്നം സൃഷ്ടിക്കാനെത്തിയ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ‌്തു. ശശികലയെ അറസ‌്റ്റ‌് ചെയതപ്പോൾ ഹർത്താൽ നടത്തിയ  ബിജെപി  സുരേന്ദ്രനെ അറസ്റ്റ‌് ചെയ‌്തപ്പോൾ ഒരു പ്രതിഷേധവും സംഘടിപ്പിക്കുന്നില്ലെന്നായതോടെ ബിജെപി പ്രവർത്തകരും രണ്ട‌് തട്ടിലായി. പൊലീസ‌് പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയതോടെ ബിജെപി സമരം സെക്രട്ടറിയറ്റിന‌് മുന്നിലേക്ക‌് മാറ്റി.

സമരം ‘തിളച്ചില്ല’, ആളൊഴിഞ്ഞതോടെ കെടുത്തി
ഡിസംബർ മൂന്ന് മുതലാണ‌് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ സെക്രട്ടറിയറ്റിന‌് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത‌്. രണ്ട‌് ദിവസം കഴിഞ്ഞതോടെ സമരപ്പന്തലിലേക്ക‌് ആളുകൾ എത്താതായി. രാധാകൃഷ‌്ണന‌് പിന്നാലെ  സി കെ പത്മനാഭൻ, ശോഭ സുരേന്ദ്രൻ, എൻ ശിവരാജൻ, പി എം വേലായുധൻ എന്നിവർക്കായിരുന്നു ഊഴം. സമരത്തിന‌് മുതിർന്ന നേതാക്കളെ കിട്ടാതായതോടെ വി ടി രമയെ രംഗത്തിറക്കി. ജനപിന്തുണയില്ലാതെ സമരം വലിച്ചുനീട്ടുന്നതിൽ അർഥമില്ലെന്ന വിലയിരുത്തലിൽ സമരം തീർക്കുന്നതിന‌് രണ്ട‌് ദിവസം മുമ്പ‌് ദേശീയ നേതാവ‌് പി കെ കൃഷ‌്ണദാസിനെ കളത്തിലിറക്കുകയായിരുന്നു.

സമരത്തിന്റെ സമാപന ദിവസം നടന്ന പരിപാടിയിൽ വി മുരളീധരനും കെ സുരേന്ദ്രനും പങ്കെടുത്തുമില്ല. സമ്മേളനത്തിൽ എല്ലാവരും സംസാരിച്ചുകഴിഞ്ഞശേഷമാണ‌് തുഷാർ വെള്ളാപ്പള്ളി സ്ഥലത്തെത്തിയത‌്. സമരത്തിന്റെ തുടർച്ചയായി രണ്ടാഴ‌്ച ജനസമ്പർക്കയജ്ഞവും തുടർന്നും പ്രശ‌്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഉപവാസയജ്ഞം വീണ്ടും സംഘടിപ്പിക്കുമെന്നുമാണ‌് ശ്രീധരൻപിള്ളയുടെ പ്രഖ്യാപനം. അയ്യപ്പഭക്ത സമിതി നടത്താൻ തീരുമാനിച്ച സെക്രട്ടറിയറ്റ‌് വളയലും അണികളെ കിട്ടാത്തതിനെ തുടർന്ന‌് ഉപേക്ഷിച്ചു. ഇതിന‌് പകരമായി ഞായറാഴ‌്ച അമൃതാനന്ദമയിയെ ഉൾപ്പെടെ പങ്കെടുപ്പിച്ച‌് അയ്യപ്പസംഗമം സംഘടിപ്പിച്ചെങ്കിലും അതും പൊളിഞ്ഞു. രണ്ടുലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കാൽലക്ഷംപേർ പോലും എത്തിയില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top