23 April Tuesday
ആർഎസ്എസ്സിലൂടെ അല്ലാതെ ബിജെപിയിൽ എത്തിയവരേയും പ്രാദേശിക നേതാക്കളെയും പൂർണമായും അവഗണിച്ചു

ബിജെപിയുടെ പ്രചാരണത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്ത‌് ആർഎസ‌്എസ‌്; അന്തിമ തീരുമാനമെടുക്കുക ചുമതലയുള്ള ആർഎസ്എസ‌് നേതാക്കൾ

ഇ എസ‌് സുഭാഷ‌്Updated: Monday Mar 25, 2019

കൊല്ലം> പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിന്റെ പൂർണ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുത്തു. സ്ഥാനാർഥികളെ നിശ്ചയിച്ചതും ആർഎസ‌്എസ‌് ആയിരുന്നു. ഓരോ മണ്ഡലത്തിലേയും പ്രചാരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക ചുമതലയുള്ള ആർഎസ്എസ‌് നേതാക്കളാണ്. എല്ലാ ചുമതലയും ആർഎസ്എസ‌് പ്രാന്ത സഹകാര്യവാഹക് എം രാധാകൃഷ്ണനാണ്. ഫലത്തിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി ചുമതലപ്പെടുത്തിയവർ  നോക്കുകുത്തികളാകും.

തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല ആർഎസ്എസിന്റെ പ്രമുഖ നേതാവ് കെ പ്രസാദ്ബാബുവിനാണ്. പത്തനംതിട്ടയിൽ പ്രാന്തീയ സമ്പർക്ക് പ്രമുഖ് കെ ബി ശ്രീകുമാറിനും  തൃശൂരിൽ പ്രാന്തീയ സേവാപ്രമുഖ് എ വിനോദിനുമാണ‌്  ചുമതല.  തെരഞ്ഞെടുപ്പിൽ ആർഎസ്എസുകാർക്ക‌് മണ്ഡലം  ചുമതല നൽകാറുണ്ടെങ്കിലും ഇത്തവണ പൂർണ അധികാരമാണ‌് നൽകിയത‌്. ചുമതലയുള്ള ബിജെപി നേതാക്കൾ ആർഎസ്എസ് പ്രതിനിധികളുടെ നിർദേശം അനുസരിക്കണം.  സ്ഥാനാർഥി നിർണയത്തിനുപുറമെ പ്രചാരണരംഗത്തും ആർഎസ്എസ് സമ്പൂർണ നിയന്ത്രണം ഏറ്റെടുത്തതിൽ ബിജെപി നേതാക്കളും പ്രവർത്തകരും അസംതൃപ്തരാണ്.  ആർഎസ്എസ്സിലൂടെ അല്ലാതെ ബിജെപിയിൽ എത്തിയവരേയും പ്രാദേശിക നേതാക്കളെയും പൂർണമായും അവഗണിച്ചാണ‌്  ആർഎസ്എസ്  പ്രചാരണത്തിന് രൂപം നൽകിയത്.

കേന്ദ്രത്തിൽനിന്ന‌് വരുന്ന ഫണ്ട് അടക്കം കൈകാര്യം ചെയ്യുക  ചുമതലയുള്ള ആർഎസ്എസ് നേതാക്കളാണ്. സർവേയുടെ അടിസ്ഥാനത്തിൽ  മൂന്നു കാറ്റഗറിയായാണ് മണ്ഡലങ്ങളെ വേർതിരിച്ചത്. ഇതനുസരിച്ച് കോടിക്കണക്കിന് രൂപ ഓരോ മണ്ഡലത്തിനും ലഭിക്കും. യുഡിഎഫുമായുള്ള വോട്ട് കച്ചവടം പ്രാവർത്തികമാക്കലും പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തതിലെ പ്രധാന ലക്ഷ്യമാണ്. കണ്ണൂർ, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർഥികളെ മത്സരിപ്പിച്ച് യുഡിഎഫിനെ സഹായിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത‌്. എന്നാൽ, ഈ  കൂട്ടുകെട്ട് കൂടുതൽ മണ്ഡലങ്ങളിലേക്ക‌് വ്യാപിപ്പിക്കാനാണ‌് സംഘപരിവാർ തീരുമാനം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top