22 August Thursday

ഇരിട്ടിയില്‍ അഞ്ചംഗ ബിജെപി ക്വട്ടേഷൻസംഘം പിടിയിൽ

സ്വന്തം ലേഖകൻUpdated: Monday Jul 15, 2019

ഇരിട്ടി> പ്രതിഫലം വാങ്ങി കൊല്ലാക്കൊല ചെയ്യുന്ന അഞ്ചംഗ ബിജെപി ക്രിമിനൽസംഘം  പൊലീസ‌് പിടിയിൽ. ശിവപുരത്തെ മുരിക്കിൻ സി പ്രവീൺ(27), ആയിത്തറ മമ്പറം വടക്കേക്കരമ്മൽ ഷിബിൻരാജ‌് (24), ശിവപുരം നന്ദനത്തിലെ പി പി ജനീഷ‌് (30), ശിവപുരം ലിജിൻ നിവാസിലെ എം ലിജിൻ (26), തില്ലങ്കേരി പടിക്കച്ചാലിലെ പി പി ലിജിത്ത‌് (29) എന്നിവരെയാണ‌് അന്വേഷകസംഘം അറസ‌്റ്റ‌് ചെയ‌്തത‌്.  കാപ്പ ഉൾപ്പെടെ പതിനാറോളം കേസുകളിൽ പ്രതികളാണിവർ. പി പി ലിജിത്ത‌് രണ്ട‌് കാപ്പകേസിലും  ജില്ലയിലെ വിവിധ പൊലീസ‌് സ‌്റ്റേഷൻ പരിധികളിലായി പതിനാറ‌് കേസുകളിലും പ്രതിയാണ‌്. ലിജിത്തുൾപ്പെടെ പിടയിലായ അഞ്ച‌് പേരിൽ മിക്കവരുടെയുംപേരിൽ ബോംബ‌് കേസുകളുമുണ്ട‌്. ക്വട്ടേഷൻ പണിയാണിവർക്കെന്ന‌്  പൊലീസ‌് പറഞ്ഞു.

ജൂൺ പതിനൊന്നിന്ന‌് വൈകിട്ട‌് നാലരയ്‌ക്ക‌്  ഉളിക്കലിലെ ഇന്റീരിയർ ഡിസൈനറായ ഷൈമോ(35)നെ   ഇരിട്ടി എടക്കാനത്തേക്ക‌് വിളിച്ചുവരുത്തി  സംഘം കമ്പികൊണ്ടടിച്ച‌് കാലൊടിക്കുകയായിരുന്നു. കാലൊടിഞ്ഞ‌് നിലത്തുവീണു കിടന്ന ഷൈമോന്റെ കാലിൽ കൂടി പ്രതികൾ  മാരുതി ആൾട്ടോ കാർ കയറ്റി കാൽ തകർന്നുവെന്ന‌് ഉറപ്പുവരുത്തി.  ഷൈമോന്റെ  ഒന്നരപ്പവൻ സ്വർണമാലയും 28,000 രൂപയും രണ്ട‌് മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തു. ഇതേതുടർന്ന‌ുള്ള  അന്വേഷണമാണ‌് ക്വട്ടേഷൻ  സംഘത്തിലെ പ്രതികളെ പിടികൂടാൻ സഹായിച്ചത‌്.

 ഷൈമോന്റെ തൊഴിൽ രംഗത്തെ പ്രതിയോഗിയാണ‌്  ഒരുലക്ഷം രൂപ പ്രതിഫലത്തിന‌് എടക്കാനം ആക്രമണം ആസൂത്രണം ചെയ‌്തത‌്.  പ്രതിഫലമായി ക്വട്ടേഷൻ നൽകിയ ആളിൽനിന്ന‌് ഇവർ 1,80,000 രൂപ കൈപ്പറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു.  ക്വട്ടേഷൻ  നൽകിയ ആളുൾപ്പെടെ മൂന്ന‌ുപേരെ കൂടി കണ്ടെത്താനുണ്ട‌്. ഇവരും വലയിലാണെന്ന‌് സിഐ പി കുട്ടികൃഷ‌്ണൻ അറിയിച്ചു. പ്രതികൾ ഷൈമോനിൽനിന്ന‌് തട്ടിപ്പറിച്ച സ്വർണമാലയുൾപ്പെടെയുള്ള തൊണ്ടി മുതലുകൾ കണ്ടെത്താനുള്ള നീക്കത്തിലാണ‌് അന്വേഷകസംഘം.

വ്യാജ സിം കാർഡ‌ുപയോഗിച്ചും കാറിന്റെ നമ്പർ പ്ലേറ്റ‌് മറച്ചുവച്ചും മൊബൈൽ ടവർ ലൊക്കേഷൻ അതിസമർഥമായി ദിശ മാറ്റിയുമുള്ള ആസൂത്രിത ക്വട്ടേഷൻ പണിയിൽ വിദഗ‌്ധരാണ‌് സംഘമെന്ന‌് പൊലീസ‌് വ്യക്തമാക്കി. പ്രതികളിൽ അഞ്ച‌ുപേരും ബിജെപിയുമായി ബന്ധപ്പെട്ട‌് അസംഖ്യം കേസുകളിലെ പ്രതികളാണെന്ന് പൊലീസ‌് അറിയിച്ചു. ഡിവൈഎസ‌്പി സജേഷ‌് വാഴവളപ്പിലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ‌് പ്രതികളെ പിടികൂടിയത‌്.


പ്രധാന വാർത്തകൾ
 Top