24 November Tuesday
മണ്ഡലം ജനറൽ സെക്രട്ടറി വ്യാപക പണപ്പിരിവ്‌ നടത്തുന്നു

നേതൃത്വത്തിന്റെ അഴിമതിയും അവഗണനയും; പാലക്കാട്‌ ബിജെപിയിൽനിന്ന്‌ നേതാക്കളുടെ കൂട്ടരാജി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

പാലക്കാട്‌ > ബിജെപി ആലത്തൂര്‍ മണ്ഡലം നേതൃത്വത്തിന്റെ  വ്യാപക പണപ്പിരിവിലും പ്രവര്‍ത്തകരോടുള്ള  അവഗണനയിലും പ്രതിഷേധിച്ച്‌ ആലത്തൂർ മണ്ഡലം ഭാരവാഹികള്‍  പാർടിയിൽനിന്ന്‌ രാജിവച്ചു. മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ പ്രകാശിനി നാരായണൻ, ഒബിസി മോർച്ച മണ്ഡലം ട്രഷറർ കെ നാരായണൻ, ആർഎസ്‌എസ്‌ മുഖ്യ ശിക്ഷക്‌ എൻ വിഷ്‌ണു എന്നിവരാണ്‌ രാജിവച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌.

വണ്ടാഴി പഞ്ചായത്തിലെ ആദ്യ ബിജെപി വനിതാ പ്രവർത്തകയാണ്‌ പ്രകാശിനി നാരായണൻ. 26 വർഷമായി ബിജെപിക്കുവേണ്ടി  പ്രവര്‍ത്തിച്ച വ്യക്തിയാണ്‌ കെ നാരായണൻ. നേതൃത്വത്തിലേക്ക്‌ പുതിയതായി വന്നവർ നടത്തുന്ന വൻ പണപ്പിരിവ്‌ പാർടിക്ക്‌ ദോഷം ചെയ്യുമെന്ന്‌ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയില്ലെന്നും അഴിമതി പുറത്തുകൊണ്ടുവന്ന തങ്ങളെ പാർടി അവഗണിക്കുകയാണെന്നും രാജിവച്ച ഭാരവാഹികള്‍ പറഞ്ഞു.

റോഡ്‌ നിർമാണ കമ്പനിയായ കെഎൻആർ കണ്‍സ്ട്രക്ഷന്‍കമ്പനിയില്‍ നിന്ന്‌ എട്ടുലക്ഷം രൂപയാണ്‌  ബിജെപി  വണ്ടാഴി പഞ്ചായത്ത്‌ കമ്മിറ്റിക്കുവേണ്ടി വാങ്ങിയത്‌. ഇതിന്‌ കണക്കില്ല. തുടർച്ചയായി നാലുവർഷം ശ്രീകൃഷ്ണജയന്തിയുടെ പേരിൽ വ്യവസായികളിൽനിന്നും നാട്ടുകാരിൽനിന്നും ലക്ഷക്കണക്കിന്‌‌ രൂപയാണ്‌ പാര്‍ടി  പിരിച്ചത്‌. അതിനും കണക്കില്ല.
ഇത്‌ ചർച്ചയായപ്പോൾ സംഘകാര്യാലയത്തിന്‌ സ്ഥലം വാങ്ങാൻ അഡ്വാൻസ്‌ നൽകി എന്ന്‌ പറഞ്ഞു. പിന്നീട്‌ അത്‌ തിരിച്ചുവാങ്ങി.

2018ൽ മുടപ്പല്ലൂരിലെ വേല ഉത്സവം ബിജെപി ഇടപെട്ട്‌ രണ്ടാക്കി നടത്താൻ നിശ്‌ചയിച്ചു. എന്നാൽ വേല തടസ്സപ്പെട്ടു. ഉത്സവത്തിന് ബിജെപിയുടെ പേരിൽ നിർബന്ധ പിരിവിലൂടെ 18 ലക്ഷം രൂപ സമാഹരിച്ചു. വേല മുടങ്ങിയതോടെ   ആകെ ചെലവായത്‌‌ രണ്ടുലക്ഷം മാത്രം. ബാക്കി തുകയ്ക്ക് കണക്കില്ല.

മതപരിവർത്തനം നടത്തുന്നുവെന്ന്‌ ആരോപിച്ച്‌ വള്ളിയോട്‌ പാസ്‌റ്ററെ ഭീഷണിപ്പെടുത്തി 20 ലക്ഷം ആവശ്യപ്പെട്ടു. കൊടുക്കാൻ വൈകിയപ്പോൾ പ്രവർത്തകരെ കൂട്ടി സമരത്തിനിറങ്ങി. പണം കിട്ടിയതോടെ പാതിവഴിക്ക്‌ സമരം നിർത്തി പ്രവർത്തകരെ പിരിച്ചുവിട്ടു. ഇത്‌ സംബന്ധിച്ച്‌‌ സംസ്ഥാന സമിതിയ്‌ക്ക്‌ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അതിർത്തിത്തർക്കം, വ്യവസായ ലൈസൻസ്‌ എന്നിവയുടെ പേരിലും പലരേയും ഭീഷണിപ്പെടുത്തി ബിജെപി മണ്ഡല നേതൃത്വം പണം തട്ടുന്നു. മറ്റ്  ജോലിയൊന്നും ഇല്ലാത്ത  മണ്ഡലം ജനറൽ സെക്രട്ടറി  ഇപ്പോൾ‌ സമ്പന്നനാണെന്നും  ഇയാളുടെ വരുമാന സ്രോതസ്സ്‌ അന്വേഷിക്കണമെന്നും രാജിവച്ചവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച്‌ സംസ്ഥാന പ്രസിഡന്റിന്‌ കത്ത്‌ നൽകിയിട്ടും   മറുപടിയില്ലെന്നും ഇവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top