18 August Sunday

സൈനികന്റെ ഭാര്യയോട് ബിജെപി കൊല്ലം ജനറല്‍ സെക്രട്ടറി അപമര്യാദയായി പെരുമാറിയ സംഭവം; ക്രിമിനല്‍കേസ് ഫയല്‍ചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

കൊല്ലം > സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതില്‍  പരാതിയെത്തുടര്‍ന്ന് രാജിവെച്ച ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ ക്രിമിനല്‍കേസ് ഫയല്‍ചെയ്യും. നാട്ടിലെത്തിയാലുടന്‍ കേസ് ഫയല്‍ചെയ്യാനുള്ള നടപടിയെടുക്കുമെന്ന് സൈനികനായ ഭര്‍ത്താവ് ദേശാഭിമാനിയോട് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന പ്രസിഡന്റിനും  നല്‍കിയ പരാതിയില്‍ ഉചിതമായ നടപടി ഉണ്ടായിട്ടില്ലെന്നും രാജിവച്ച ജനറല്‍സെക്രട്ടറിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു.

ഭര്‍ത്താവിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പാര്‍ടിനേതാവിനെ കാണാന്‍ പോയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 2017 ഫെബ്രുവരിയിലായിരുന്നു സംഭവം. പാര്‍ടി ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് ഫോണിലും  ഇ മെയിലിലും  നേരത്തെ  പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പരാതി പാരിഗണിക്കാമെന്ന് മറുപടി നല്‍കി.

ജില്ലാ പ്രസിഡന്റുമായി  ഏറെ അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് ഓമനക്കുട്ടനെന്നത് തീരുമാനത്തിന് തടസമാകുകയായിരുന്നു.   ഒരാഴ്ച മുന്‍പ് വീണ്ടും പരാതിഉയര്‍ന്നതോടെ രാജി എഴുതിവാങ്ങാന്‍  നേത്യത്വം നിര്‍ബന്ധിതരായി. കഴിഞ്ഞ ദിവസം കൊല്ലത്ത്  ബിജെപി സംഘടനാ സെക്രട്ടറി എന്‍ പത്മകുമാറിന്റെ സാന്നിദ്ധ്യത്തില്‍  ചേര്‍ന്ന യോഗമാണ് രാജി പരിഗണിച്ചത്.  സംഭവത്തെക്കുറിച്ച് രണ്ടംഗ സമിതി അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ്  രാജിയെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ സ്ഥാനം രാജിവച്ചത്കൊണ്ട് പ്രശ്നത്തിന് പരിഹാരമായെന്ന് കരുതേണ്ടെന്ന നിലപാടിലാണ് പരാതിക്കാരി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top