06 October Sunday

‘സദസ്യതാ അഭിയാൻ' ; ആകാശവാണിയിലൂടെ ബിജെപി മെമ്പർഷിപ് ക്യാമ്പയിൻ

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Tuesday Sep 3, 2024


തിരുവനന്തപുരം
ബിജെപിക്ക്‌ അംഗങ്ങളെ കൂട്ടാനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ ആകാശവാണി. തിങ്കൾ മുതൽ ആരംഭിച്ച ബിജെപിയുടെ മെമ്പർഷിപ്പ്‌ ക്യാമ്പയിനായ ‘സദസ്യതാ അഭിയാന്റെ’ പ്രചാരണമാണ്‌ ആകാശവാണി ഏറ്റെടുത്തിരിക്കുന്നത്‌. ആകാശവാണി വാർത്തകൾക്കിടയിലാണ്‌ മെമ്പർഷിപ്പ്‌ ക്യാമ്പയിൻ വിവരങ്ങൾ തിരുകിക്കയറ്റുന്നത്‌. ബിജെപിയിൽ അംഗത്വം പുതുക്കുന്ന കാലയളവിനെക്കുറിച്ചും എത്രഘട്ടമായാണ്‌ ക്യാമ്പയിൻ നടക്കുന്നതെന്നും വാർത്തയിൽ പറയുന്നുണ്ട്‌.

‘മിസ്‌ഡ്‌കോൾ അടിച്ചോ, ബിജെപി വെബ്‌സൈറ്റ്‌ വഴിയോ, മറ്റ്‌ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ അംഗത്വത്തിന്‌ അപേക്ഷിക്കാ’മെന്ന നിർദേശവുമുണ്ട്‌. കേരളം ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നിലയങ്ങൾ പ്രക്ഷേപണം ചെയ്‌ത വാർത്താബുള്ളറ്റിനുകളിലെല്ലാം കാമ്പയിൻ വിവരം തിരുകിക്കയറ്റി. 

ആകാശവാണിയുടെ വെബ്‌സൈറ്റിലും പ്രധാനവാർത്ത ബിജെപി മെമ്പർഷിപ്പ്‌ ക്യാമ്പയിനെക്കുറിച്ചാണ്‌. ദൂരദർശനെയും ആകാശവാണിയെയും രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗിക്കുന്നതിനെതിരെ ജീവനക്കാർക്കിടയിൽതന്നെ പ്രതിഷേധമുണ്ട്‌. അടുത്തിടെ ദൂരദർശന്റെ ലോഗോ കാവി പൂശി പരിഷ്‌കരിച്ചത്‌ വിവാദമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top