Deshabhimani

മുംബൈ ദേശീയപാതയിലെ കൊള്ള ബിജെപി നേതാക്കളടങ്ങിയ അഞ്ചംഗ കൊള്ളസംഘം പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 03:22 AM | 0 min read

ചാലക്കുടി> ദേശീയപാത കേന്ദ്രീകരിച്ച് കോടികൾ കൊള്ളയടിച്ച ബിജെപി നേതാക്കളടങ്ങിയ അഞ്ചംഗ ഹൈവേ കൊള്ളസംഘത്തെ ചാലക്കുടി പൊലീസ്‌ പിടികൂടി മുംബൈ പൊലീസിന് കൈമാറി. ബിജെപി അതിരപ്പിള്ളി മണ്ഡലം വൈസ് പ്രസിഡന്റ്‌ കണ്ണൻകുഴിയിലെ മുല്ലശേരി വീട്ടിൽ കനകാംബരൻ (38), ബിഎംഎസ് നേതാവും വെറ്റിലപ്പാറ വഞ്ചിക്കടവിലെ ചിത്രകുന്നേൽ വീട്ടിൽ സതീശൻ(48), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിന് സമീപം പുത്തനമ്പൂക്കൻ വീട്ടിൽ അജോ(42), നോർത്ത് കൊന്നക്കുഴി സവദേശി പാലക്കാട് വടക്കഞ്ചേരിയിൽ താമസിക്കുന്ന ഏരുവീട്ടിൽ ജിനു എന്ന ജിനേഷ്(41), വടക്കാഞ്ചേരി കമ്മാന്തറയിലെ പ്രധാനി വീട്ടിൽ ഫൈസൽ(34) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്‌പി കെ സുമേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കഴിഞ്ഞ 10ന് ഗുജറാത്ത് രാജകോട്ടിലെ വ്യവസായി റഫീക്ഭായ് സെയ്‌തിനെയാണ്‌   കാറിൽ മുബൈയിലേക്ക് വരുന്നവഴി കൊള്ളയടിച്ചത്‌. മൂന്ന് കാറുകളിലായെത്തിയ കൊള്ളസംഘം മുംബൈ അഹമ്മദാബാദ് ദേശീയപാതയിൽ വാഹനം തടഞ്ഞ് വ്യവസായിയേയും ഡ്രൈവറേയും മർദിച്ച്  കാർ തട്ടിയെടുത്ത്‌  73 ലക്ഷം കൊള്ളയടിക്കുകയായിരുന്നു.  മുബൈ പൊലീസ്‌ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കാറുകളുടെ നമ്പർ വ്യാജമാണെന്ന് തെളിഞ്ഞു. ഹൈവേ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിൽ  മുബൈ പൊലീസ്‌ ചാലക്കുടിയിലെത്തി പൊലീസ്‌ സഹായം തേടി. സിസിടിവി ദ്യശ്യത്തിൽനിന്ന്‌ ചാലക്കുടി പൊലീസ്‌ പ്രതികളെ തിരിച്ചറിഞ്ഞു. രാത്രിതന്നെ പ്രതികളെ പിടികൂടി  പൊലീസ് മുബൈ പൊലീസിന്‌ കൈമാറി.
ചാലക്കുടി ഡിവൈഎസ്‌പിയുടെ ക്രൈ സ്‌ക്വാഡ്‌ അംഗങ്ങളായ വി ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, എ യു റെജി, എം ജെ ബിനു, ഷിജോ തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതി ജിനീഷ് വരന്തരപ്പിള്ളി പൊലീസ്‌ സ്റ്റേഷൻ പരിധിയിൽ യുവാവിനെ ടിപ്പർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയതടക്കം നിരവധി  കേസുകളിലെ പ്രതിയാണ്. ഫൈസൽ കോങ്ങാട് പൊലീസ്‌ സ്റ്റേഷൻ പരിധിയിൽ രണ്ട് കോടി രൂപയോളം രൂപ  കൊള്ളയടിച്ച കേസിലെ പ്രതിയാണ്.  ഏഴ് കോടി രൂപ വാഹനത്തിലുണ്ടായിരുന്നുവെന്നാണ്‌ വിവരം.  പ്രതികളെ ശനിയാഴ്‌ച വൈകിട്ടോടെ നെടുമ്പാശേരി വിമാത്താവളം വഴി മുംബൈയിലേക്ക്‌ കൊണ്ടുപോയി.



deshabhimani section

Related News

View More
0 comments
Sort by

Home