27 June Thursday

വീട്ടമ്മയോട‌് അപമര്യാദയായി പെരുമാറിയ സംഭവം; ബിജെപി നേതാവിന്റെ രാജിയിൽ കൊല്ലം ജില്ലാ നേതൃത്വം പ്രതിക്കൂട്ടില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

കൊല്ലം> അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയെത്തുടർന്ന്‌ ബിജെപി കൊല്ലം ജില്ലാ ജനറൽസെക്രട്ടറി സ്ഥാനത്തുനിന്നുള്ള നെടുമ്പന ഓമനക്കുട്ടന്റെ  രാജി പാർടി ജില്ലാനേതൃത്വത്തെ പ്രതികൂട്ടിലാക്കുന്നു. രാജി വൈകിയതിനു പിന്നിൽ  ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥിന്റെ ഇടപെടലാണെന്ന വിമർശനമാണ‌് പാർടിക്കുള്ളിൽ  ഉയരുന്നത‌്. ജില്ലാ പ്രസിഡന്റിന്റെ വിശ്വസ്തനാണ‌് നെടുമ്പന ഓമനക്കുട്ടൻ. എം ടി രമേശ്- പി കെ കൃഷ്ണദാസ് പക്ഷക്കാരാണ് ഇരുവരും. 

കൊലപാതകക്കേസിൽ റിമാൻഡിലായ ഓമനക്കുട്ടൻ ഇപ്പോൾ ഹൈക്കോടതിയിൽനിന്ന‌് ജാമ്യം നേടി നിൽക്കുകയാണ‌്.  ജില്ലാ കമ്മിറ്റി ഓഫീസിന് സ്ഥലം വാങ്ങിയത് ഉൾപ്പെടെ ജില്ലാ പ്രസിഡന്റിന്റെയും ഓമനക്കുട്ടന്റെയും പല ഇടപെടലുകളും വിവാദമായിരുന്നു. ഭൂമികച്ചവടത്തിൽ വൻ കമീഷൻ ഇടപാട‌് നടന്നെന്നാണ‌് പാർടിക്കുള്ളിലെ ആരോപണം.  പാർടിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തുവന്നെങ്കിലും സംസ്ഥാന നേതൃത്വം മൗനം പാലിച്ചു.

സ‌്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട‌്  കഴിഞ്ഞ ദിവസം ചേർന്ന  കമ്മിറ്റിയിൽ ഇക്കാര്യം വീണ്ടും ചർച്ചയായി.  ഓമനക്കുട്ടനെ സംരക്ഷിക്കുന്ന ജില്ലാ പ്രസിഡന്റിനെതിരെയും അന്വേഷണം വേണമെന്നാണ‌് ഒരു വിഭാഗത്തിന്റെ  ആവശ്യം. സംസ്ഥാന നേതാവ് കൊല്ലത്ത് ക്യാമ്പ് ചെയ്ത് പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഓമനക്കുട്ടനെതിരെ പരാതി നൽകിയ വീട്ടമ്മയുടെ സൈനികനായ ഭർത്താവ് ഈയാഴ്ച നാട്ടിലെത്തും.  ആരോപണ വിധേയനായ നേതാവിനെ പാർടിയിൽനിന്നു പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാർ ‘ദേശാഭിമാനി’യോട‌് പറഞ്ഞു.

മാനഭംഗപ്പെടുത്തിയെന്ന‌് മുമ്പ‌് ഒരു സ‌്ത്രീ ഓമനക്കുട്ടനെതിരെ ഉന്നയിച്ച പരാതി ഒതുക്കിയതും  ഇപ്പോൾ ചർച്ചയായിട്ടുണ്ട‌്. കൊല്ലം സ്വദേശിനിയുടെ പരാതി അന്ന് ആർഎസ്എസ് കാര്യാലയത്തിലാണ് ഒത്തുതീർപ്പാക്കിയത്. കൊല്ലം നഗരമധ്യത്തിലാണ്  ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനായി 12 സെന്റ് വാങ്ങിയത്. ഇതിനായി രൂപീകരിച്ച  കമ്മിറ്റിയുടെ കൺവീനറായിരുന്നു ഓമനക്കുട്ടൻ. ഓഫീസ് നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. ഭൂമി ഇടപാട‌് സംബന്ധിച്ച പരാതികൾ പാർടിതല അന്വേഷണത്തിലാണ്. കൊലപാതകക്കേസിൽ പ്രതിയായശേഷം കുറെനാൾ ഓമനക്കുട്ടനെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ഗോപിനാഥ്  ജില്ലാ പ്രസിഡന്റ് ആയതോടെയാണ‌്  ഓമനക്കുട്ടനെ ജില്ലാ സെക്രട്ടറിയും തുടർന്ന് ജില്ലാ ജനറൽ സെക്രട്ടറിയുമാക്കിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top