15 May Saturday
പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ടു

പശുവിന് ചൊറിയുന്നു; ശൂരനാട്‌ ക്രഷറിന് ഉടൻ സ്റ്റോപ്പ്‌ മെമ്മോ നൽകണമെന്ന്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

ജീവനക്കാരെ പൂട്ടിയിട്ട്‌ പോരുവഴി പഞ്ചായത്ത്‌ ഓഫീസിനുമുന്നിൽ 
ബിജെപി പ്രവർത്തകർ കുത്തിയിരിക്കുന്നു

ശൂരനാട് > പശുക്കൾക്ക് ചൊറിച്ചിലുണ്ടാക്കുന്നതിനാൽ ക്രഷറിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ പോരുവഴി പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ പൂട്ടിയിട്ടു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
 
രാവിലെ പഞ്ചായത്ത് കമ്മിറ്റിയിൽ ബിജെപി അംഗങ്ങൾ പശുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലും മറ്റും പത്താംവാർഡിലെ ക്രഷറിന് അടിയന്തരമായി സ്റ്റോപ്പ്മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി സ്റ്റോപ്പ്മെമ്മോ നൽകാൻ മതിയായ കാരണമില്ലെന്നും പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. വർഷങ്ങളായി പ്രവർത്തിക്കുന്ന ക്രഷറിന് മാർച്ച് 31 വരെ ലൈസൻസുണ്ട്‌.
 
കോവിഡ്‌ പശ്ചാത്തലത്തിൽ ലൈസൻസ് നേടുന്നതിന് ഇത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. ഈ ക്രഷറുമായി ബന്ധപ്പെട്ട് അനുകൂലമായ ഹൈക്കോടതി വിധിയും നിലവിലുണ്ട്.കമ്മിറ്റി കഴിഞ്ഞ്‌ പുറത്തിറങ്ങിയ ബിജെപി പ്രതിനിധികളുടെ നേതൃത്വത്തിൽ ബിജെപി–-ആർഎസ്എസ് പ്രവർത്തകർ പഞ്ചായത്തിലെ പ്രധാന കവാടത്തിന്റെ ഷട്ടർ താഴ്ത്തിയശേഷം   ഉപരോധവുമായി നിലയുറപ്പിക്കുകയായിരുന്നു. ഓഫീസ് സമയം അവസാനിച്ചിട്ടും  പുറത്തിറങ്ങാൻ ജീവനക്കാരെ അനുവദിച്ചില്ല.
 
പഞ്ചായത്ത് ഓഫീസ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ, പിഡബ്ല്യുഡി, എൻആർഇജി ഓഫീസുകളിലെ ഗർഭിണി അടക്കമുള്ള ജീവനക്കാരും ഇതോടെ ഓഫീസിനകത്ത് കുടുങ്ങി. ശൂരനാട് പൊലീസ് എത്തി ബലമായി ഷട്ടർ തുറപ്പിച്ചാണ് ജീവനക്കാരെ പുറത്തെത്തിച്ചത്. 
ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനയും പഞ്ചായത്ത്‌ അധികൃതരും പൊലീസിൽ പരാതി നൽകി. പഞ്ചായത്ത് സെക്രട്ടറി ജയപ്രകാശിന്റെ  മൊഴി രേഖപ്പെടുത്തിയ ശൂരനാട് പൊലീസ് ബിജെപി പഞ്ചായത്ത്‌അംഗങ്ങളായ രാജേഷ് വരവിള, നമ്പൂരേത്ത് തുളസീധരൻ പിള്ള, നിഖിൽ മനോഹർ, രാജേഷ്, സ്മിത എന്നിവർക്കെതിരെയും മറ്റു കണ്ടാലറിയാവുന്നവർക്കെതിരെയും കേസെടുത്തു. 
എൽഡിഎഫ് അഞ്ച് ബിജെപി അഞ്ച് യുഡിഎഫ് അഞ്ച് എസ്ഡിപിഐ മൂന്ന് എന്നിങ്ങനെ കക്ഷിനിലയുള്ള പോരുവഴി പഞ്ചായത്തിൽ എൽഡിഎഫ് ഒഴികെയുള്ള കക്ഷികളെല്ലാം കൂടിച്ചേർന്നാണ് ഭരണം നടത്തുന്നത്‌. മുമ്പ്‌ പഞ്ചായത്ത് ഓഫീസ് പൂട്ടാതെ പോയതും വിവാദമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top