21 June Monday

കൊല്ലത്ത്‌ വോട്ട്‌ കച്ചവടത്തിൽ 
കുടുങ്ങി ബിജെപി; കുണ്ടറയിലും കരുനാഗപ്പള്ളിയിലും തർക്കം

സ്വന്തം ലേഖകന്‍Updated: Sunday May 9, 2021
കൊല്ലം > ആറുമാസം മുമ്പ് ‌നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ 20 ശതമാനത്തിനു‌ മുകളിൽ വോട്ട്‌ ലഭിച്ച സംസ്ഥാനത്തെ 35 മണ്ഡലങ്ങളിൽ ജില്ലയിൽ നിന്നുള്ളത്‌ അഞ്ചു‌ മണ്ഡലമായിരുന്നു. കരുനാഗപ്പള്ളി (21.21),  കുണ്ടറ (20.45) , കൊല്ലം (26.08), ചാത്തന്നുർ (26. 36), കൊട്ടാരക്കര  (23.26 )മണ്ഡലങ്ങളാണ്‌ ഈ പട്ടികയിലുള്ളത്‌. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ ഒഴികെയുള്ള മണ്ഡലങ്ങളിൽ ബിജെപിക്ക്‌ കുത്തനെ വോട്ട്‌ കുറഞ്ഞു. ബിജെപി–- യുഡിഎഫ്‌ വോട്ട്‌ കച്ചവടത്തിന്റെ  ഭാഗമായി കരുനാഗപ്പള്ളിയിലും കുണ്ടറയിലും യുഡിഎഫ്‌ വിജയിക്കുകയും ചാത്തന്നൂരിൽ വോട്ട് ഉയർത്തി ബിജെപി രണ്ടാം സ്ഥാനം നിലനിർത്തുകയും ചെയ്‌തു. ഇരവിപുരത്തും കുണ്ടറയിലും ബിഡിജെഎസ്‌ സ്ഥാനാർഥിയെ നിർത്തിയാണ്‌ ബിജെപി യുഡിഎഫിന്‌ വോട്ട്‌ കച്ചവടം നടത്തിയത്‌.
 
2016 നിയമസഭ, 2019 പാർലമെന്റ്‌ തെരഞ്ഞെടുപ്പുകളിൽ നടന്ന കച്ചവടം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തവണ ജില്ലയിലെ 11 മണ്ഡലങ്ങളിലായി 1,94,916 വോട്ട്‌ മാത്രമാണ്‌ എൻഡിഎയ്ക്കു ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 3, 24, 982 വോട്ട് നേടിയിരുന്നു. 1, 30, 066  വോട്ടിന്റെ  കുറവുണ്ടായി. കുണ്ടറയിൽ 2016ൽ എൻഡിഎ സ്ഥാനാർഥിക്ക്‌ 20,257 ( 13.39 ശതമാനം )വോട്ട്‌ ലഭിച്ചിരുന്നു. 2019ൽ എൻ കെ പ്രേമചന്ദ്രനുമായി ധാരണയുണ്ടാക്കിയതിനാൽ ബിജെപി വോട്ട്‌ 14,696  ( 9.73 ശതമാനം )ആയി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 33,672 വോട്ട്‌ ( 20.97  ശതമാനം )ബിജെപി നേടി . ഈ വോട്ടാണ്‌  ഇത്തവണ 6097 മാത്രമായത്‌ ( 3.88 ശതമാനം).
 
കരുനാഗപ്പള്ളിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക്‌ 36,749 വോട്ട് ലഭിച്ചിരുന്നു. നിയമസഭയിൽ‌ അത്‌ 12,081 ആയി ചുരുങ്ങി. കൊട്ടാരക്കരയിൽ 2016ൽ 24,062 വോട്ടാണ്‌ ബിജെപി നേടിയത്‌. ഇത്തവണ ലഭിച്ചത്‌ 21,223.  ഇരവിപുരത്ത്‌ 2016ൽ 19,714 വോട്ട്‌ നേടിയ എൻഡിഎയ്ക്ക്‌ ഇത്തവണ 8468 വോട്ടായി കുറഞ്ഞു. കൊല്ലത്ത്‌ എൻഡിഎയ്ക്ക്‌ 2016ൽ 17,409 വോട്ടാണ് ലഭിച്ചതെങ്കിൽ ഇത്തവണ 14,252ലേക്ക് ചുരുങ്ങി‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top