23 March Saturday

ബിജെപി നിയമസഭയിൽ എത്തിയതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനു മാത്രം; രമേശ‌് ചെന്നിത്തല ചരിത്രത്തെ നിഷേധിക്കുന്നു

വി ജയിൻUpdated: Saturday Feb 9, 2019

കേരള നിയമസഭയിൽ ബിജെപിക്ക‌് അക്കൗണ്ട‌് തുറക്കാൻ വഴിയൊരുക്കിയത‌് കോൺഗ്രസ‌്.  കേരളത്തിൽ സിപിഐ എം–-ബിജെപി കൂട്ടുകെട്ടെന്ന രാഷ‌്ട്രീയ മണ്ടത്തരം വിളമ്പുന്ന പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല ചരിത്രത്തെ നിഷേധിക്കുകയാണ‌്. തദ്ദേശ സ്ഥാപനങ്ങളിൽ വ്യാപകമാകുന്ന ബിജെപി–-യുഡിഎഫ‌് സഖ്യം ലോക‌്സഭാ തെരഞ്ഞെടുപ്പിലേക്ക‌് വ്യാപിപ്പിക്കാൻ പോകുന്നുവെന്ന വസ‌്തുത മൂടിവയ‌്ക്കാനാണ‌് ചെന്നിത്തലയുടെ വെപ്രാളം.1956ൽ കേരളം രൂപീകരിച്ചശേഷം 2016 വരെ സംഘപരിവാർ ശക്തികൾക്ക‌് നിയമസഭാ തെരഞ്ഞെടുപ്പിലോ ലോക‌്സഭാ തെരഞ്ഞെടുപ്പിലോ സംസ്ഥാനത്ത‌്  വിജയിക്കാൻ കഴിഞ്ഞില്ല. 1991ൽ വടകര ലോക‌്സഭാ മണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും കോലീബി സഖ്യമുണ്ടാക്കി ബിജെപി സ്വതന്ത്രരെ വിജയിപ്പിക്കാൻ യുഡിഎഫ‌് ശ്രമിച്ചിട്ടും ഇടതുപക്ഷ ജനാധിപത്യമുന്നണി അതിനെ പരാജയപ്പെടുത്തി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ‌് വോട്ടാകെ മറിച്ചുകൊടുത്ത‌് ബിജെപി സ്ഥാനാർഥിയെ നേമം മണ്ഡലത്തിൽ ജയിപ്പിച്ചു. 2006 വരെ ഉണ്ടായിരുന്ന തിരുവനന്തപുരം ഈസ‌്റ്റ‌് മണ്ഡലമാണ‌് പുനർനിർണയത്തിനുശേഷമുള്ള  നേമം. അതായത‌് തിരുവനന്തപുരം കോർപറേഷനിലെ 37, 38, 39, 48 മുതൽ 58, 61 മുതൽ 68 ഡിവിഷനുകൾ. തിരുവനന്തപുരം ഈസ‌്റ്റ‌് മണ്ഡലത്തിൽ 2001ൽ  കോൺഗ്രസ‌് സ്ഥാനാർഥിയായ ബി വിജയകുമാർ. 29,351 വോട്ടിനെതിരെ 43,419 വോട്ടിനാണ‌് ജയിച്ചത‌്. 2006ൽ ബി വിജയകുമാറിനെ 32,450 വോട്ടിനെതിരെ 34,583 വോട്ടിന‌് സിപിഐ എം സ്ഥാനാർഥി വി ശിവൻകുട്ടി പരാജയപ്പെടുത്തി. 2001ലും 2006ലും ബിജെപി സ്ഥാനാർഥിക്ക‌് കിട്ടിയത‌് യഥാക്രമം 13,940 ഉം 6705 വോട്ട‌്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വി ശിവൻകുട്ടിയുടെ വോട്ട‌് 49,740 ആയി ഉയർന്നു. യുഡിഎഫിലെ ചാരുപാറ രവിയുടെ  വോട്ട‌് 20,145 ആയിരുന്നു. ബിജെപി സ്ഥാനാർഥി ഒ രാജഗോപാലിന‌് 43,540 വോട്ട‌് ലഭിച്ചു. 2001ൽ 43,419 വോട്ട‌് നേടിയ യുഡിഎഫിന‌് 2011ൽ പകുതിയിൽ താഴെയായി. യുഡിഎഫ‌് വോട്ട‌് പോയത‌് ബിജെപിയിലേക്കാണെന്ന‌് കണക്കുകൾ വ്യക്തമാക്കുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ വീണ്ടും ബിജെപി സ്ഥാനാർഥിയായി.

യുഡിഎഫ‌് ശക്തനായ സ്ഥാനാർഥിയെ നിർത്താതെ വി സുരേന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കി.  അതോടെ യുഡിഎഫ‌് വോട്ട‌് 2011ലെ 20,145 ൽനിന്ന‌് 13,860 ആയി കുറഞ്ഞു. പരാജയപ്പെട്ടെങ്കിലും എൽഡിഎഫ‌് സ്ഥാനാർഥി വി ശിവൻകുട്ടിയുടെ വോട്ട‌് 2011നേക്കാൾ  പതിനായിരത്തോളം കൂടുതലായി. ഒ രാജഗോപാലിന‌് 67,813 വോട്ടും വി ശിവൻകുട്ടിക്ക‌് 59,142 വോട്ടുമാണ‌് കിട്ടിയത‌്. 2001,   2006 വർഷങ്ങളിൽ തിരുവനന്തപുരം ഈസ‌്റ്റ‌് മണ്ഡലത്തിലും 2011,  2016 വർഷങ്ങളിൽ നേമം മണ്ഡലത്തിലും എൽഡിഎഫിന്റെ വോട്ട‌് ക്രമാനുഗതമായി  കൂടി. എന്നാൽ, ഈ നാല‌് തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വോട്ട‌് ക്രമാനുഗതമായി കുറഞ്ഞു. 2001ലെ 43,419ൽനിന്ന‌് 2016ൽ 13,860 ആയി. യുഡിഎഫിന‌് കുറഞ്ഞ വോട്ടാണ‌് ബിജെപിയുടെ നേട്ടമായത‌്.  ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫും ബിജെപിയും കൈകോർത്ത‌് എൽഡിഎഫ‌് ഭരണസമിതികളെ താഴത്തിറക്കാൻ ശ്രമിക്കുകയാണ‌്.

അതിന്റെ നിരവധി ഉദാഹരണം വിവിധ ജില്ലകളിൽനിന്നായി പുറത്തുവന്നു. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ‌്, കോട്ടുകാൽ പഞ്ചായത്തുകൾ മുതൽ പാലക്കാട‌്, പരപ്പനങ്ങാടി നഗരസഭ വരെ നിരവധി സ്ഥലങ്ങളിൽ യുഡിഎഫ‌്–-ബിജെപി പരസ‌്പരസഹായ സംഘത്തിന്റെ അട്ടിമറി പ്രവർത്തനങ്ങൾ കണ്ടു. വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിലേക്ക‌് ആസൂത്രണം ചെയ‌്തിട്ടുള്ള  അധാർമിക കൂട്ടുകെട്ടിന്റെ പ്രായോഗിക പരിശീലനമാണ‌് ഇതെന്ന‌് കേരളം കാണുന്നുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top