16 January Saturday

ബിജെപിയിൽ കലഹം; പ്രചാരണത്തിന്‌‌ കേന്ദ്രനേതൃത്വമില്ല

ഇ എസ്‌ സുഭാഷ്‌Updated: Sunday Dec 6, 2020

തൃശൂര്‍ > ആഭ്യന്തരകലഹം രൂക്ഷമായ ബിജെപിയിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌‌ തിരിഞ്ഞു‌നോക്കാതെ കേന്ദ്ര നേതൃത്വം. ശോഭ സുരേന്ദ്രൻ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ പ്രചാരണത്തിൽനിന്ന്‌‌ വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ്‌ കേന്ദ്ര നേതാക്കളും കേരളത്തിലേക്ക്‌ വരാൻ വിസമ്മതിച്ചത്‌.

കേരളത്തിലെ ആർഎസ്‌എസ്‌ നേതൃത്വവും പ്രശ്‌നത്തിന്റെ ഗൗരവം ബോധിപ്പിച്ചിരുന്നു. ബിജെപിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്‌ ഡൽഹിയിലെത്തിയ സുരേന്ദ്രൻ തെരഞ്ഞെടുപ്പിന്‌ കേന്ദ്രനേതാക്കളെ ക്ഷണിക്കാനാണ് വന്നതെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, കേന്ദ്ര നേതാക്കളെ ക്ഷണിച്ചില്ലെന്നാണ്‌ സുരേന്ദ്രൻ ശനിയാഴ്‌ച തൃശൂരിൽ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ഹൈദരാബാദ്‌ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ പരിപാടിക്ക്‌ ദേശീയ പ്രസിഡന്റ്‌‌  ജെ പി നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും എത്തിയിരുന്നു. സ്‌മൃതി ഇറാനി, കിഷൻ റെഡ്‌ഡി തുടങ്ങി അര ഡസനിലധികം കേന്ദ്രമന്ത്രിമാരും എത്തി. കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന്‌ അവകാശപ്പെടുന്ന തെരഞ്ഞെടുപ്പിൽ ഒരു ദേശീയ നേതാവുപോലും പ്രചാരണത്തിനില്ല.

തമ്മിലടിയും ചേരിപ്പോരുമാണ് കാരണം‌.  ശോഭ സുരേന്ദ്രൻ പ്രചാരണരംഗത്ത് ഇല്ലാത്തത്‌ വലിയ ചർച്ചയാണ്‌. ഇവരുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നുള്ള കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയും കാരണമായി പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം പ്രതിസന്ധി രൂക്ഷമാകും. സാധാരണ പ്രവർത്തകർ മത്സരിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ തൽക്കാലം നിശ്ശബ്ദരാകാമെന്നാണ്‌ പി കെ കൃഷ്ണദാസിന്റെയും ശോഭ സുരേന്ദ്രന്റെയും നിലപാട്. കോർ കമ്മിറ്റി യോഗം മാറ്റിവച്ചിരുന്നു. നേതാക്കൾക്കിടയിലെ ഭിന്നത ‌ പ്രചാരണത്തെയും ബാധിച്ചതിനാൽ തെരഞ്ഞെടുപ്പ് ഫലത്തെ ഒരുവിഭാഗം നേതാക്കൾ ആശങ്കയോടെയാണ് കാണുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top