18 February Monday

സമരം അവസാനിപ്പിക്കാൻ കൃഷ‌്ണദാസിനെ ‘പിടിച്ചുകിടത്തി’

സ്വന്തം ലേഖകൻUpdated: Saturday Jan 19, 2019

സെക്രട്ടറിയറ്റിനുമുന്നിൽ ആർക്കുംവേണ്ടാതായ ബിജെപി സമരപ്പന്തലിൽ രണ്ടുദിവസത്തേക്ക‌് ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ‌്ണദാസ‌്  നിരാഹാരം ആരംഭിച്ചു. സമരം ഞായറാ‌ഴ‌്ച അവസാനിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ‌്  കൃ‌ഷ‌്ണദാസ‌് ഉണ്ണാവ്രതത്തിന‌് തയ്യാറായത‌്. ഒന്നരമാസംമുമ്പാണ‌് ശബരിമല വിഷയത്തിൽ മുതലെടുപ്പിനായി അനിശ്ചിതകാലസമരം തുടങ്ങിയത‌്. ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണനാണ‌് നിരാഹാരം തുടങ്ങിയത‌്‌.

എന്നാൽ, സമരം ക്ലച്ചുപിടിച്ചില്ലെന്നുമാത്രമല്ല, കേരളത്തെ കലാപഭൂമിയാക്കാനുള്ള സംഘപരിവാർ നീക്കം സംസ്ഥാന സർക്കാർ അടിച്ചമർത്തുകയുംചെയ‌്തു. പൊതുമുതൽ നശിപ്പിച്ചവരെ നിയമത്തിന‌് മുന്നിലുമെത്തിച്ചു. നാടിന്റെ മതേതരമനസ്സിനെ ഇല്ലാതാക്കാനുള്ള  ശ്രമങ്ങളുടെ ഭാഗമായ സമരത്തെ ജനം അവഗണിച്ചതോടെ ബിജെപി നേതാക്കൾ പരിഹാസ്യരായി.
തുടർസത്യഗ്രഹം കിടക്കാൻ നേതാക്കളെ കിട്ടാത്ത ദുരവസ്ഥയുമുണ്ടായി.

ഒടുവിൽ മഹിളാ മോർച്ച നേതാവ‌് വി ടി രമയെ കിടത്തി. പത്തുദിവസം നിരാഹാരം കിടന്നിട്ടും സമരപ്പന്തലിൽ രമ ഊർജസ്വലയായി കാണപ്പെട്ടതും സാമൂഹ്യമാധ്യമങ്ങൾ പരിഹസിച്ചു.

തുടർന്നാണ‌് രമയെ മാറ്റി രണ്ടുദിവസത്തേക്ക‌് എന്ന നിബന്ധനയോടെ കൃഷ‌്ണദാസ‌് കിടക്കാൻ തയ്യാറായത‌്. സമരം ഞായറാഴ‌്ച അവസാനിപ്പിക്കാൻ ധാരണയായിട്ടുണ്ടെന്ന‌് ബിജെപി കേന്ദ്രങ്ങൾ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top