Deshabhimani

കൊടകര കള്ളപ്പണം കവർച്ചാക്കേസ് ; അന്വേഷണ പുരോഗതി അറിയിക്കാതെ ഇഡി, സാവകാശം വേണമെന്ന്‌ വീണ്ടും ആവശ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 01:54 AM | 0 min read


കൊച്ചി
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കള്ളപ്പണം കവർച്ചാക്കേസ്‌ മൂന്നരവർഷം പിന്നിട്ടിട്ടും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ വീണ്ടും സാവകാശം തേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണം അവസാനഘട്ടത്തിലാണെന്നും  കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി ഹെെക്കോടതിയെ അറിയിച്ചു. നടപടി വൈകുന്നതിനെതിരെ 50–-ാംസാക്ഷി ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി സന്തോഷ് നൽകിയ ഹർജിയിലാണ്‌ നടപടി. 

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2021 മെയ് അഞ്ചിന് ഇഡി എടുത്ത കേസിലെ അന്വേഷണ പുരോഗതിയാണ് ഹെെക്കോടതി ആരാഞ്ഞത്. മൂന്നാഴ്‌ച സമയം അനുവദിച്ച ജസ്‌റ്റിസ് കൗസർ എടപ്പഗത്ത് ഹർജി ജനുവരി 10ന്‌ പരിഗണിക്കാൻ മാറ്റി. ഹർജിയിൽ ഇഡിക്കും ആദായനികുതി വകുപ്പിനും നോട്ടീസ് അയച്ച ഹൈക്കോടതി,  മൂന്നാഴ്‌ചയ്‌ക്കകം അന്വേഷണ പുരോഗതി അറിയിക്കാൻ നവംബർ 14ന്‌ നിർദേശിച്ചിരുന്നു. ഇതിലാണ് വീണ്ടും സാവകാശം തേടിയത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പ്‌ ഏപ്രിൽ മൂന്നിന് കൊടകരയ്‌ക്കടുത്ത്‌ കാർതടഞ്ഞ് പണംതട്ടിയെടുത്ത കേസിലായിരുന്നു ഇഡിയുടെ തുടരന്വേഷണം. തുടക്കത്തിൽ 25 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു പരാതി. 3.5 കോടി രൂപ നഷ്ടപ്പെട്ടതായി പിന്നീട് തെളിഞ്ഞു. കള്ളപ്പണവുമായി (പിഎംഎൽഎ) ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ അധികാരമില്ലാത്തതിനാൽ കുറ്റപത്രമടക്കം ഇഡിക്കും ആദായനികുതി വകുപ്പിനും പൊലീസ്‌ കെെമാറി. എന്നാൽ ഇഡി കേസെടുത്തിട്ട്‌  വർഷങ്ങളായിട്ടും നടപടി ഉണ്ടാകാത്തതിനാലാണ്‌ സന്തോഷ് ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ കേസിൽ ഏഴാംസാക്ഷിയാണ്.



deshabhimani section

Related News

0 comments
Sort by

Home