04 December Wednesday
‘ധർമരാജൻ ഷാഫിക്ക്‌ 
4 കോടി കൊടുത്തു’

കൊടകര കുഴൽപ്പണം ; ധർമരാജനുമായി കെ സുരേന്ദ്രന്‌ അടുത്ത ബന്ധം , ഉരുണ്ടുകളിച്ച്‌ മുരളീധരൻ

സി എ പ്രേമചന്ദ്രൻUpdated: Sunday Nov 3, 2024


തൃശൂർ
വാജ്‌പേയി സർക്കാരിന്റെ കാലം മുതൽ കെ സുരേന്ദ്രനുമായി നല്ല ബന്ധമുണ്ടെന്നും സാമ്പത്തിക സഹായങ്ങൾ ചെയ്‌തിരുന്നതായും കുഴൽപ്പണം കടത്തിയ ധർമരാജന്റെ മൊഴി. ബിജെപി സംസ്ഥാന–- ജില്ലാ  നേതാക്കളുമായും അടുപ്പമുണ്ട്‌. ആർഎസ്‌എസ്‌ ശാഖയിൽ  പോയിട്ടുണ്ട്‌. ബിജെപിക്കുവേണ്ടി പലഘട്ടങ്ങളിൽ ബംഗളൂരുവിൽനിന്ന്‌ കുഴൽപ്പണം ഇറക്കി. നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ കുഴൽപ്പണക്കടത്ത്‌ പുറത്തായാൽ പാർടിക്ക്‌ ക്ഷീണമാകുമെന്ന്‌ ബിജെപി നേതാക്കൾ പറഞ്ഞതിനാലാണ്‌ പൊലീസിൽ പരാതി നൽകാൻ വൈകിയതെന്നും മൊഴി.  

അമിത്‌ ഷാ തിരുവനന്തപുരത്തും കോന്നിയിൽ സുരേന്ദ്രന്റെ പ്രചാരണത്തിനും വന്നപ്പോൾ ധർമരാജൻ പോയിരുന്നു. മൂന്നു തവണ കോന്നിയിൽ പോയി. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ബിജെപി കോഴിക്കോട്‌ ജില്ലാ പ്രസിഡന്റായിരുന്ന പി രഘുനാഥിന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ്‌ ചുമതലക്കാർക്ക്‌ 15,000 മുതൽ 20,000 രൂപവരെ വിതരണം ചെയ്‌തു.  

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ അറിവോടെ ബിജെപി കർണാടക എംഎൽഎയുടെ നേതൃത്വത്തിലാണ്‌ കേരളത്തിലേക്ക്‌ 41.4 കോടി കുഴൽപ്പണം ഇറക്കിയത്‌. സംഘടനാ സെക്രട്ടറി എം ഗണേഷിന്റെയും ഓഫീസ്‌ സെക്രട്ടറി ഗിരീശൻ നായരുടെയും നേതൃത്വത്തിൽ വിതരണത്തിന്‌ പദ്ധതി ഒരുക്കി. 
ആലപ്പുഴക്ക്‌ കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടിയാണ്‌ 2021 ഏപ്രിൽ മൂന്നിന്‌ കൊടകരയിൽ നിന്ന്‌ കവർന്നത്‌. സംഭവം നടന്നയുടൻ സുരേന്ദ്രനെയാണ്‌ വിളിച്ചതെന്നും ധർമരാജൻ പറഞ്ഞു. 

‘ധർമരാജൻ ഷാഫിക്ക്‌ 
4 കോടി കൊടുത്തു’
ബിജെപിക്കായി കുഴൽപ്പണം കടത്തിയ ധർമരാജൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിന്‌ നാലുകോടി രൂപ കൊടുത്തിട്ടുണ്ടെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ.  ഷാഫിക്കും സുധാകരനും പണം കൊടുത്തിട്ടുണ്ടെന്നാണ്‌ കോൺഗ്രസുകാർ തന്നെ വിളിച്ചുപറയുന്നത്‌.  ‘‘ചേട്ടാ 2021ൽ ഷാഫിക്കവിടെ നാലുകോടി രൂപ കൊണ്ടുക്കൊടുത്തിട്ടുണ്ട്‌’’ എന്ന്‌ പറഞ്ഞ്‌ കോൺഗ്രസുകാർ നിരന്തരം വിളിക്കുന്നതിനാൽ തനിക്ക്‌ സ്വൈര്യമില്ലെന്നും സുരേന്ദ്രൻ കൽപ്പറ്റയിൽ പറഞ്ഞു.

പരാതി നൽകിയാൽ  കുടുങ്ങുമെന്ന്‌ നേതാക്കൾ പറഞ്ഞു
കൊടകരയിൽ കുഴൽപ്പണം കവർച്ച ചെയ്‌ത സംഭവത്തിൽ പരാതി വൈകിച്ചത്‌ ബിജെപി  നേതാക്കളുടെ നിർദേശപ്രകാരം. നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനിടെ പരാതി കൊടുത്താൽ കുടുങ്ങുമെന്ന്‌ നേതാക്കൾ  പറഞ്ഞതായാണ്‌ ധർമരാജന്റെ മൊഴി. കുഴൽപ്പണം ആയതിനാലും ഉറവിടം കാണിക്കാൻ നിവൃത്തിയില്ലാത്തതിനാലും വിവരം പുറത്തായാൽ പാർടിക്ക്‌ ക്ഷീണമുണ്ടാകും. ബിജെപി സ്ഥാനാർഥികളായി മത്സരിച്ചിരുന്ന ഇ ശ്രീധരനും ജേക്കബ് തോമസും  വിട്ടുപോകുമെന്നും പറഞ്ഞു. അതിനാലാണ്‌ മൂന്നിന്‌ സംഭവമുണ്ടായിട്ടും എഴിന്‌ പരാതി നൽകിയത്‌. സംഖ്യ മൂന്നരകോടിക്കു പകരം 25 ലക്ഷമാക്കി ചുരുക്കിയതും നേതാക്കളുടെ നിർദേശപ്രകാരമെന്നാണ്‌ മൊഴി.

ഇഡി 
അന്വേഷിച്ചെന്ന്‌ 
സുരേന്ദ്രൻ
കൊടകര കുഴൽപ്പണ കേസ്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) അന്വേഷിച്ചിട്ടുണ്ടെന്ന്‌ ബിജെപി സംസ്ഥാന  പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. കേരള പൊലീസ്‌ എടുത്ത കേസിലെ എല്ലാ പ്രതികളെയും ഇഡി ചോദ്യം ചെയ്‌തിട്ടുണ്ടെന്ന്‌ സുരേന്ദ്രൻ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത്‌ അന്വേഷണവും നേരിടും. ഇഡി വിളിച്ചാൽ പോകാൻ തയ്യാറാണ്‌. കൊടകര കേസിൽ അഞ്ചുതവണയും ബത്തേരി കേസിൽ മൂന്നുതവണയും പൊലീസ്‌ വിളിപ്പിച്ചു. നാല്‌ മണിക്കൂർ ചോദ്യംചെയ്‌തു. കൈകൾ ശുദ്ധമാണ്‌. ഇഡി അന്വേഷണം എന്തായെന്ന്‌ ആർക്ക്‌ വേണമെങ്കിലും ഹൈക്കോടതിയിൽ ചോദ്യംചെയ്യാമെന്നും സുരേന്ദ്രൻ പറഞ്ഞു.

കള്ളക്കേസെന്ന്‌ 
പി കെ കൃഷ്‌ണദാസ്‌
കൊടകര കുഴൽപ്പണക്കേസ്‌ കള്ളക്കേസാണെന്ന്‌ ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്‌ണദാസ്‌. കള്ളക്കേസ് എന്തിന് ഇഡി അന്വേഷിക്കണമെന്ന്‌ അദ്ദേഹം ചോദിച്ചു. എന്ത് അന്വേഷണവും നടത്തിക്കോട്ടെ. തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും കൃഷ്‌ണദാസ്‌ പാലക്കാട്ട്‌  മാധ്യമങ്ങളോട്‌ പറഞ്ഞു.

ഉരുണ്ടുകളിച്ച്‌ മുരളീധരൻ
കൊടകര കുഴൽപ്പണക്കേസിൽ കേരള പൊലീസ്‌ കത്തെഴുതിയിട്ടും ഇഡി അന്വേഷിക്കാത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മുന്നിൽ ഉരുണ്ടുകളിച്ച്‌ ബിജെപി നേതാവ്‌ വി മുരളീധരൻ. കേരള പൊലീസ്‌ കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം നടത്താത്തത്‌ മൂന്നുകൊല്ലം കഴിഞ്ഞ്‌ ഉറക്കമുണർന്നപ്പോഴാണോ അറിഞ്ഞതെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. 2021ന്‌ ശേഷം മൂന്നുകൊല്ലം പൊലീസ്‌ ഉറക്കമായിരുന്നോയെന്നും ബിജെപി നേതാവ്‌ ചോദിച്ചു.

ബിജെപിയുടെ ഓഫീസ്‌ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ ഡ്രൈവറായിരുന്നോ എന്നറിയില്ല. 
       കൊടകര കുഴൽപ്പണകേസ്‌ അന്വേഷിക്കുന്നതിൽ നിന്ന്‌ കേരള പൊലീസിനെ ബിജെപി തടഞ്ഞിട്ടില്ല. ബിജെപിയുടെ ഓഫീസ്‌ സെക്രട്ടറിയെന്നത്‌ ചായവാങ്ങി കൊടുക്കാനുള്ളയാളാണ്‌. അയാൾ കോടികൾക്ക്‌ കാവൽനിന്നെന്ന്‌ പറഞ്ഞാൽ വിശ്വസിക്കില്ല–- മുരളീധരൻ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top