ബിജെപിയിൽ തമ്മിലടി രൂക്ഷം: നേതൃയോഗം വിലക്കി കേന്ദ്ര നേതൃത്വം
തിരുവനന്തപുരം
നേതാക്കളുടെ തമ്മിലടികാരണം സംസ്ഥാന നേതൃയോഗംപോലും ചേരാനാകാത്ത അവസ്ഥയിലായി ബിജെപി.
ഉപതെരഞ്ഞെടുപ്പ് പരാജയം ഉൾപ്പെടെ ചർച്ച ചെയ്യാൻ വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചിയിൽ നിശ്‌ചയിച്ചിരുന്ന യോഗം അവസാന നിമിഷമാണ് ഒഴിവാക്കിയത്. കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും പരാതികളും കേന്ദ്രനേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരേയും നിരവധി പരാതികളുണ്ട്.
കെ സുരേന്ദ്രൻ ഉൾപ്പെട്ട കുഴൽപണകേസ്, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് തുടങ്ങിയ വിഷയങ്ങളും സംസ്ഥാന നേതൃയോഗത്തിൽ ചർച്ചയാകുമെന്ന് കണ്ട് ഉടൻ വിശാല നേതൃയോഗം വിളിച്ചുചേർക്കേണ്ടെന്ന് കേന്ദ്രനേതൃത്വം അറിയിച്ചു. കോർകമ്മിറ്റി വിളിച്ചുചേർത്ത്, ഒത്തുതീർപ്പിലെത്തിയശേഷം വിശാല നേതൃയോഗം ചേർന്നാൽമതിയെന്നാണ് കേന്ദ്ര നിർദേശം.
ഇതനുസരിച്ച് തിങ്കളാഴ്‌ച കോർ കമ്മിറ്റി ചേരും. യോഗം എന്ന് കൂടണം, മാറ്റിവയ്‌ക്കണം എന്നതൊക്കെ നേതാക്കളുടെ സൗകര്യത്തിനനുസരിച്ച് തീരുമാനിക്കുമെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം. 15 മുതൽ ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിക്കും. ഭാരവാഹികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവയ്‌ക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രനേതൃത്വം താക്കീത് നൽകിയിട്ടുണ്ട്.
0 comments