21 March Thursday

എൻമകജെയിലും ബിജെപി പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018


കാസർകോട‌് ജില്ലയിൽ കാറഡുക്ക പഞ്ചായത്തിന്‌ പിറകെ എൻമകജെയിലും ബിജെപിക്ക്‌ ഭരണം നഷ്ടമായി. എൻമകജെ പഞ്ചായത്ത്‌ പ്രസിഡന്റ് രൂപവാണി ആർ ഭട്ടിനെതിരെ യുഡിഎഫ‌് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏഴിനെതിരെ പത്ത്‌ വോട്ടിനാണ‌് പാസായത്‌. കോൺഗ്രസ്‌ അംഗം വൈ ശാരദയാണ‌് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത‌്.

എൽഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. വൈസ് പ്രസിഡന്റിനെതിരെ വ്യാഴാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കും.

വ്യക്തമായ ഭൂരിപക്ഷമില്ലാതെയാണ്‌ എൻമകജെയിലും ബിജെപി അധികാരത്തിലെത്തിയത്‌. ആകെയുള്ള 17ൽ ബിജെപിക്ക്‌ ഏഴ്‌ സീറ്റേയുള്ളൂ. യുഡിഎഫിനും ഏഴ്‌ സീറ്റുണ്ട്‌. എൽഡിഎഫിന്‌ മൂന്ന്‌ സീറ്റാണുള്ളത്‌. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌  തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ വിട്ടുനിന്നതിനാൽ നറുക്കെടുപ്പിലൂടെയാണ്‌ ബിജെപിക്ക്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചത്‌. 

ബിജെപി ജില്ലയിൽ നാല്‌ പഞ്ചായത്തിലാണ്‌ അധികാരത്തിലുണ്ടായിരുന്നത്‌. അതിൽ കാറഡുക്കയിലും എൻമകജെയിലും പുറത്തായി. മധൂർ, ബെള്ളൂർ പഞ്ചായത്തുകളിലാണ്‌ ബിജെപി ഭരണമുള്ളത്‌.
 

പ്രധാന വാർത്തകൾ
 Top