21 June Monday

പാലക്കാട്ട്‌ കോൺഗ്രസിന്റെ 10000 വോട്ട്‌ ബിജെപി വാങ്ങിയെന്ന്‌ മുസ്ലിം ലീഗ്‌; ജയിച്ചത്‌ തങ്ങളുടെ വോട്ടിൽ

വേണു കെ ആലത്തൂർUpdated: Sunday May 9, 2021
പാലക്കാട്‌ > നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ മണ്ഡലത്തിൽ കോൺഗ്രസിന്‌ ലഭിക്കേണ്ട പതിനായിരത്തോളം വോട്ട്‌ ബിജെപി വാങ്ങിയെന്ന്‌ മുസ്ലിം ലീഗിന്റെ വിലയിരുത്തൽ. കോൺഗ്രസ്‌ സ്ഥാനാർഥി ഷാഫി പറമ്പിൽ ജയിച്ചത്‌ ലീഗിന്റെ വോട്ടിലാണെന്നും ജില്ലാ നേതൃത്വം റിപ്പോർട്ട്‌ നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ദുർബലമായതിന്റെ തുടർച്ചയാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിലും കണ്ടത്‌. ലീഗിന്റെ പ്രവർത്തനം കൊണ്ടുമാത്രമാണ്‌ പാലക്കാട്‌ മണ്ഡലം യുഡിഎഫിന്‌ നിലനിർത്താനായതെന്നും സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
 
മലമ്പുഴ, ഷൊർണൂർ മണ്ഡലങ്ങളിൽ കോൺഗ്രസ് വോട്ട്‌ ബിജെപിക്കും പാലക്കാട്‌, തൃത്താല, നെന്മാറ മണ്ഡലങ്ങളിൽ  ബിജെപി വോട്ട്‌ കോൺഗ്രസിനുമെന്നായിരുന്നു  കോൺഗ്രസ്‌–- ബിജെപി ധാരണ. മലമ്പുഴ, ഷൊർണൂർ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ വോട്ട്‌ ബിജെപിക്ക്‌ കിട്ടിയപ്പോൾ പാലക്കാട്‌ മണ്ഡലത്തിൽ ബിജെപി വോട്ട് കോണ്‍​ഗ്രസിന് കിട്ടിയില്ല.  ഇവിടെ കോൺഗ്രസ്‌ വോട്ട്‌ ബിജെപിക്ക്‌ കച്ചവടം ചെയ്‌തു.  നേതൃത്വത്തിലെ ചിലർ നടത്തിയ ഇടപെടലായിരുന്നു ഇതിനുപിന്നിൽ. നെന്മാറയിലും തൃത്താലയിലും ബിജെപി വോട്ട്‌ കോൺഗ്രസിനായിരുന്നു.
 
തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിന്‌ പിന്നിലായ കോൺഗ്രസ്‌ നിയമസഭാ തെരഞ്ഞെടുപ്പിലും അത്  ആവർത്തിച്ചു. കഴിഞ്ഞ തവണ നാല്‌ നഗരസഭകൾ യുഡിഎഫിനുണ്ടായിരുന്നു. ചിറ്റൂർ, പട്ടാമ്പി, ചെർപ്പുളശേരി നഗരസഭകൾ കോൺഗ്രസും മണ്ണാർക്കാട്‌ ലീഗിനുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്‌ ശേഷം മണ്ണാർക്കാട്‌ മാത്രമായി ചുരുങ്ങി. മൂന്ന്‌ നഗരസഭകൾ കോൺഗ്രസിന്‌ നഷ്ടമായി. നഗരസഭ ചെയർമാനുള്ള പാർടി ലീഗ്‌ മാത്രമായി. ജില്ലാ പഞ്ചായത്തിലും കോൺഗ്രസിന്‌ രണ്ട്‌ അംഗങ്ങൾ നഷ്ടമായി. ലീഗിന്റെ അംഗസംഖ്യ രണ്ടായും ഉയർന്നു. പ്രതിപക്ഷത്തുള്ള മൂന്ന്‌ അംഗങ്ങളിൽ ഒന്നുമാത്രമാണ്‌ കോൺഗ്രസിന്. തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം തിരിച്ചടിയുടെ സൂചനയാണെന്ന്‌ മുന്നറിയിപ്പ്‌ നൽകിയിട്ടും മുഖവിലയ്‌ക്കെടുത്തില്ല.  ബിജെപി സഹായവും ശബരിമലയും തുണയ്‌ക്കുമെന്ന്‌ കോൺഗ്രസ്‌ നേതൃത്വം  വിസ്വസിച്ചു. അതാണ്‌ കോൺഗ്രസിനെ ഈ ഗതിയിലേക്ക്‌ എത്തിച്ചതെന്നും ലീഗ്‌ നേതൃത്വം വിലയിരുത്തുന്നു. രണ്ട്‌ എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസ്‌ തെരഞ്ഞെടുപ്പിന്‌ശേഷം ഒന്നില്‍ ഒതുങ്ങി.  പാലക്കാട്‌ മാത്രം. തൃത്താല നഷ്ടമായതോടെ ലീഗിനും കോൺഗ്രസിനും  ജില്ലയില്‍ ഓരോ എംഎൽഎ മാർ മാത്രമായി.
 
ജില്ലയിൽ നിന്ന്‌ രണ്ട്‌ മന്ത്രിമാർ എന്ന്‌ പ്രചാരണം നടത്തിയാണ്‌ യുഡിഎഫ്‌ അണികളെ തെറ്റിദ്ധരിപ്പിച്ചത്‌. ഇക്കാര്യം തൃത്താലയിലെ യുഡിഎഫ്‌ റോഡ്‌ ഷോയിൽ നേതാക്കൾ പ്രസംഗിച്ചിരുന്നു. ഇടതുമുന്നണി സർക്കാരിനെ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്ന വസ്‌തുത മനസ്സിലാക്കാൻ നേതൃത്വത്തിന്‌ കഴിയാത്തതാണ്‌ യുഡിഎഫിന്റെ തോൽവിയുടെ ആഴം കൂട്ടിയതെന്നും ലീഗ്‌ ജില്ലാ  നേതൃത്വം പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top