03 March Wednesday
ട്രേഡ്‌ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി

കെ സ്വിഫ്‌റ്റ്‌ കെഎസ്‌ആർടിസിയുടെ ഭാഗം : ആശങ്ക വേണ്ടെന്ന്‌ എം ഡി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


ദീർഘദൂര സർവീസുകൾക്കായി  കെ സ്വിഫ്‌റ്റ്‌ എന്ന പേരിൽ പ്രത്യേക കമ്പനി രൂപീകരിക്കുന്നത്‌ സംബന്ധിച്ച്‌  ആശങ്ക വേണ്ടെന്നും കെഎസ്‌ആർടിസിയുടെ ഭാഗമായാണ്‌‌ പുതിയ കമ്പനിയും പ്രവർത്തിക്കുകയെന്നും എം ഡി ബിജു പ്രഭാകർ. അംഗീകൃത ട്രേഡ്‌ യൂണിയൻ പ്രതിനിധികളുമായി  നടത്തിയ ചർച്ചയിലാണ്‌ എംഡി ഇക്കാര്യം വ്യക്തമാക്കിയത്‌.  കെഎസ്‌ആർടിസി സിഎംഡി തന്നെയായിരിക്കും പുതിയ കമ്പനിക്കും. 10 വർഷത്തേക്കാണ്‌ കമ്പനി രൂപീകരിക്കുന്നത്‌.

പിന്നീട്‌ ആസ്‌തികൾ കെഎസ്‌ആർടിസിയിൽ ലയിപ്പിക്കും. സ്വിഫ്‌റ്റ്‌ കൈവരിക്കുന്ന ലാഭം കെഎസ്‌ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാനും മറ്റും ഉപയോഗിക്കും. ഇതിന്‌ വ്യവസ്ഥയുണ്ടാക്കും. സ്വിഫ്‌റ്റിന്‌ സ്വന്തമായി വർക്‌ഷോപ്പോ ഡിപ്പോയോ ഉണ്ടാകില്ല. വർക്കിങ് അറേഞ്ച്‌മെന്റ്‌ വ്യവസ്ഥയിലാകും കെഎസ്‌ആർടിസി ജീവനക്കാരെ നിയമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംഘടനകളുടെ അഭിപ്രായങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന്‌ എം ഡി പറഞ്ഞു. ജീവനക്കാരുടെ നിർദേശങ്ങൾകൂടി പരിഗണിച്ച്‌ കെഎസ്‌ആർടിസി നൽകുന്ന ശുപാർശ ധന, നിയമ വകുപ്പുകൾ വിശദമായി പരിശോധിച്ചശേഷമാകും കമ്പനി രൂപീകരണത്തിലേക്ക്‌ കടക്കുക.

കെഎസ്‌ആർടിഇഎ (സിഐടിയു), ടിഡിഎഫ്‌, ബിഎംഎസ്‌ സംഘടനാ പ്രതിനിധികൾ‌ ചർച്ചയിൽ പങ്കെടുത്തു‌.  പുതിയ കമ്പനിയിൽ കെഎസ്‌ആർടിസിയുടെയും ജീവനക്കാരുടെയും താൽപ്പര്യങ്ങൾ പൂർണമായി ഉറപ്പ്‌ വരുത്തണമെന്ന്‌ കെഎസ്‌ആർടിഇഎ ആവശ്യപ്പെട്ടു. കെഎസ്‌ആർടിസിയുടെ പൂർണ നിയന്ത്രണത്തിലായിരിക്കണം കമ്പനിയും.

ഇതുസംബന്ധിച്ച്‌ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ആവശ്യപ്പെട്ടു. ടിഡിഎഫ്‌ കമ്പനി രൂപീകരണത്തെ എതിർത്തു. 310 സിഎൻജി ബസും 50 ഇലക്‌ട്രിക്‌ ബസും വാങ്ങാനും 400 ഡീസൽ ബസ്‌ എൽഎൻജിയിലേക്ക്‌ മാറ്റാനുമായി 359 കോടി രൂപ കിഫ്‌ബി അനുവദിച്ചിട്ടുണ്ട്‌. കിഫ്‌ബി ധനസഹായത്തോടെ നിരത്തിലിറക്കുന്ന ബസുകൾ കാര്യക്ഷമമായി ഓപറേറ്റ്‌ ചെയ്യാൻ പ്രത്യേക കമ്പനി (എസ്‌പിവി) രൂപീകരിക്കണമെന്ന്‌ കിഫ്‌ബി നിഷ്‌കർഷിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ ദീർഘദൂര സർവീസുകൾക്കായി കെ സ്വിഫ്‌റ്റ്‌ രൂപീകരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top