പെരിയാറിന്റെ തീരത്തെ വിനോദസഞ്ചാരകേന്ദ്രം കൂടിയായ ഭൂതത്താൻകെട്ട് ഡിവിഷനെ സമഗ്ര വികസനത്തിലേക്ക് നയിച്ചതിന്റെ പെരുമയുമായാണ് എൽഡിഎഫ് വീണ്ടും ജനവിധി തേടുന്നത്. കെ എം സലീമിന്റെ നേതൃത്വത്തിൽ 18.1 കോടിയുടെ വികസനമാണ് ഡിവിഷനിൽ നടപ്പാക്കിയത്. ചെറുവട്ടൂർ ടിടിഐ കെട്ടിടം (2.36 കോടി), ചെറുവട്ടൂർ ഹൈസ്കൂൾ (5.3 കോടി), നെല്ലിക്കുഴി ദയ ബഡ്സ് സ്കൂൾ (40 ലക്ഷം), പാഴൂർമോളം കുടിവെള്ളപദ്ധതി (85 ലക്ഷം) എന്നിവ ചിലതുമാത്രം.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ 80 കോടിയുടെ വികനപദ്ധതികൾക്ക് നേതൃത്വം നൽകിയ റഷീദ സലീമിനെയാണ് ഡിവിഷനിൽ എൽഡിഎഫ് വിജയം ആവർത്തിക്കാൻ നിയോഗിച്ചത്. യുവജന പ്രസ്ഥാനത്തിലൂടെ
പൊതുപ്രവർത്തനമാരംഭിച്ച റഷീദ, സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2005–-10ൽ നെല്ലിക്കുഴി പഞ്ചായത്ത് അംഗവും വടാട്ടുപാറ പൊയ്ക സ്കൂളിലെ അധ്യാപികയുമായിരുന്നു. എംഎ, ബിഎഡ് ബിരുദം. വൈദ്യുതി ബോർഡ് ജീവനക്കാരൻ കെ എം സലിമാണ് ഭർത്താവ്. മകൻ: മുഹമ്മദ് സിനാൻ.
നെല്ലിക്കുഴി മുൻ പഞ്ചായത്തംഗം രഹന നൂറുദ്ദീനാണ് പ്രധാന എതിരാളി. നെല്ലിക്കുഴി മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. ബിഎസ്സി ബിരുദം. ഫാഷൻ ഡിസൈനറാണ്. ബിജെപി ജില്ലാ കമ്മിറ്റി അംഗം വിനോദിനി ഉണ്ണിക്കൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. പിഡിസി. ഭർത്താവ്: ഉണ്ണിക്കൃഷ്ണൻ. മക്കൾ: അജിഷ രാജീവ്, വിഷ്ണു സായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..