05 April Sunday

ഭാഗ്യലക്ഷ്മിയുടെ താളംതെറ്റിയ ജീവിതം തിരിച്ചുപിടിച്ചത് പോലീസിന്‍റെ കരുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020

ഭാഗ്യലക്ഷ്‌മി ഭർത്താവ്‌ പ്രകാശത്തിനൊപ്പം

കാസര്‍ഗോഡ് > ചീമേനി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ 25 വയസ്സുകാരി ഭാഗ്യലക്ഷ്മിയെ കണ്ടെത്തുമ്പോള്‍ അവര്‍ ഓര്‍മ്മകളെല്ലാം മാഞ്ഞുപോയൊരു സ്ത്രീയായിരുന്നു.   മനസ്സിന്‍റെ താളം തെറ്റി അലഞ്ഞുതിരിഞ്ഞ് എത്തിയ ഒരു തമിഴ്നാട്ടുകാരി.  പോലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ കളളാര്‍ ബെത്ലഹേം അഗതി മന്ദിരത്തില്‍ എത്തിച്ച് പരിചരണത്തിലായിരുന്ന ഭാഗ്യലക്ഷ്മി രണ്ട് മാസങ്ങള്‍ക്കുശേഷം തന്‍റെ ഓര്‍മ്മകളിലേക്കും പ്രിയപ്പെട്ടവരിലേക്കും തിരികെ എത്തി.

ചീമേനി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ലിസ കഴിഞ്ഞ ഡിസംബര്‍ 31 ന് പതിവ് ബീറ്റ് ഡ്യൂട്ടിക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തിയതായിരുന്നു.  പൊതുജനങ്ങളുടെ പരാതികൾ കേള്‍ക്കുന്നതിനിടയിലാണ്‌ സ്ത്രീ കരിയാപ്പ് വെയിറ്റിംഗ് ഷെഡ്ഡില്‍ കിടക്കുന്നതായി അറിയുന്നത്‌. ലിസ ഉടനെ ചീമേനി സ്റ്റേഷനില്‍ വിവരമറിയിച്ചു. 

ഭാഗ്യലക്ഷ്‌മി പൊലീസുകാർക്കൊപ്പം

ഭാഗ്യലക്ഷ്‌മി പൊലീസുകാർക്കൊപ്പം



പോലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐ റ്റി.ദിവാകരന്‍ ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തുമ്പോള്‍ ഭാഗ്യലക്ഷ്‌മി  ക്ഷീണിച്ച് അവശയായിരുന്നു. പോലീസുകാരുടെ ചോദ്യങ്ങളോട് സഹകരിക്കാന്‍ ആദ്യമവര്‍ തയ്യാറായില്ല.  നിര്‍ബന്ധിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തയായി. അനുനയ ശ്രമങ്ങള്‍ക്കൊടുവില്‍ വല്ലാതെ വിശക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞു. ഭക്ഷണം വാങ്ങികൊടുത്തശേഷം സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. തുടർന്ന്‌  ചീമേനി ആസ്‌ഥാനമായുള്ള കൈത്താങ്ങ് സന്നദ്ധ സംഘടനയുടെ ആള്‍ക്കാരുമായി ബന്ധപ്പെട്ട്  കളളാറിലെ ബത്ലഹേം അഗതി മന്ദിരത്തില്‍  ഭാഗ്യലക്ഷ്മിയെ പ്രവേശിപ്പിച്ചു. 

മാനസിക പ്രശ്നമുണ്ടായിരുന്ന ഭാഗ്യലക്ഷ്മി അവിടുത്തെ പരിചരണത്തില്‍  സാവകാശം ജീവിതത്തിലേക്ക് മടങ്ങി എത്തി . ഓര്‍മ്മകള്‍ ഓരോന്നായി തിരികെ വന്നു.  കഴിഞ്ഞ ദിവസം ഭര്‍ത്താവിന്‍റെ പേരും ഫോണ്‍ നമ്പറും  ചികഞ്ഞെടുത്തു. സേലം സ്വദേശി പ്രകാശം ആണ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ്. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രകാശവും അച്ഛന്‍ വീരമണിയും ഭാഗ്യലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഉടനെ സ്ഥലത്തെത്തി.  പോലീസ് കണ്ടെത്തിയിട്ട് രണ്ട് മാസമേ ആയുളളൂ എങ്കിലും ഭാഗ്യലക്ഷ്മിയെ വീട്ടില്‍ നിന്ന് കാണാതായിട്ട് എട്ട് മാസമായിരുന്നു.  കഴിയാവുന്ന എല്ലാ സ്ഥലത്തും അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ ഉളളുനീറി കഴിയുകയായിരുന്നു ആ കുടുംബം.

രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സേലത്തായിരുന്നു താമസം.  ഭാഗ്യലക്ഷ്മിയെ വീടിനകത്താക്കിയിട്ടാണ് പ്രകാശം കൂലിപ്പണിക്ക് പോയിരുന്നത്.  വേണ്ടപ്പെട്ടവരുടെ ശ്രദ്ധയൊന്ന് തെറ്റിയപ്പോഴാണ് ഭാഗ്യലക്ഷ്മി വീട് വിട്ടിറങ്ങിയത്.  പോലീസിനും ഭാഗ്യലക്ഷ്മിയെ പരിചരിച്ച ബെത്ലഹേം ആശ്രമത്തിലെ പരിചാരകര്‍ക്കും ഒരുപാട് നന്ദി പറഞ്ഞാണ് ഭാഗ്യലക്ഷ്മിയുമായി ബന്ധുക്കള്‍ സേലത്തേക്ക് മടങ്ങിയത്.


പ്രധാന വാർത്തകൾ
 Top