13 May Thursday

മത്സ്യബന്ധന ബോട്ടിൽ 
കപ്പലിടിച്ച്‌ 3 മരണം ; അപകടം മംഗളൂരു തീരത്ത്

അനീഷ്‌ ബാലൻUpdated: Wednesday Apr 14, 2021

അപകടത്തിൽപ്പെട്ട ബോട്ട‌് തലകീഴായി മറിഞ്ഞനിലയിൽ


മംഗളൂരു
കേരളത്തിൽനിന്നുള്ള മത്സ്യബന്ധന ബോട്ടിൽ ചരക്ക്‌ കപ്പലിടിച്ച്‌ മൂന്ന്‌ മത്സ്യത്തൊഴിലാളികൾ മരിച്ചു. ഒമ്പതുപേരെ കാണാതായി. രണ്ടു‌ പേരെ കോസ്റ്റ്‌‌ ഗാർഡ്‌ രക്ഷിച്ചു. ബേപ്പൂർ ഭദ്രകാളി ക്ഷേത്രത്തിനു‌ സമീപത്തെ മാമന്റകത്ത്‌ ജാഫറിന്റെ ഉടമസ്ഥതയിലുള്ള റബ്ബാ എന്ന ബോട്ടാണ്‌ മംഗളൂരുവിൽനിന്ന്‌ 43 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽ പെട്ടത്‌. ചൊവ്വാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ്‌ സിംഗപ്പുർ രജിസ്‌ട്രേഷനുള്ള എംവി എപിഎൽ എൽഇ ഹവാരേ എന്ന കണ്ടെയ്‌നർ കപ്പൽ ബോട്ടിൽ ഇടിച്ചത്‌. നവി മുംബൈ തുറമുഖത്തേക്ക്‌ പോവുകയായിരുന്നു കപ്പൽ. ബോട്ട്‌ തലകീഴായി മറിഞ്ഞു.

ഞായറാഴ്‌ച രാത്രി പത്തോടെയാണ്‌ സ്രാങ്ക്‌ ഉൾപ്പെടെ 14 തൊഴിലാളികളുമായി ബോട്ട്‌ ബേപ്പൂരിൽനിന്ന്‌‌ മത്സ്യബന്ധനത്തിന്‌ പുറപ്പെട്ടത്. തമിഴ്‌നാട്‌, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ തൊഴിലാളികൾ‌. മണിക്‌ ദാസ് ‌(40), അലക്‌സാണ്ടർ (45), ഇയാളുടെ അമ്മാവൻ (50) എന്നിവരാണ്‌ മരിച്ചത്‌. മൃതദേഹങ്ങൾ മോർച്ചറിയിലാണ്‌. കോസ്റ്റ്‌‌ഗാർഡ്‌ രക്ഷപ്പെടുത്തിയ ബംഗാളിൽനിന്നുള്ള സുനിൽദാസ്‌, തമിഴ്‌നാട്ടിൽനിന്നുള്ള വേൽമുരുകൻ എന്നിവരെ മംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരച്ചിൽ തുടരുന്നു. മംഗളൂരുവിൽനിന്നുള്ള കോസ്റ്റ്‌‌ ഗാർഡിന്റെ രണ്ട്‌ കപ്പലും ഹെലികോപ്‌റ്ററും നേതൃത്വം നൽകുന്നു. കാസർകോട്ടുനിന്നുള്ള കോസ്റ്റ്‌‌ഗാർഡ്‌ സംഘവും എത്തി.

നേവിയുടെ സഹായം തേടി: മേഴ്സിക്കുട്ടിഅമ്മ
മംഗലാപുരത്ത് ബോട്ടിൽ കപ്പൽ ഇടിച്ച് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ സർക്കാർ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മരിച്ചവർ തമിഴ്നാട്, പശ്ചിമബംഗാൾ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകട കാരണം ഇനിയും വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്‌.

ഏരിയല്‍ സര്‍വേ നടത്താനും കൂടുതല്‍ പേരെ രക്ഷിക്കാനും കഴിയുക നേവിക്കാണ്‌. നിലവിൽ കോസ്റ്റ് ഗാര്‍ഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ബോട്ടിലുണ്ടായിരുന്നവരിൽ 7 പേർ തമിഴ്‌നാട് സ്വദേശികളും മറ്റു 7 പേർ പശ്‌ചിമ ബംഗാള്‍ സ്വദേശികളുമാണ്. ഇതില്‍ അഞ്ച് പേരെയാണ് രക്ഷപ്പെടുത്തിയത്. ബേപ്പൂരില്‍ നിന്ന് പോയ റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.

അടിയന്തര നിരീക്ഷണം നടത്തി ഇവരെ കണ്ടെത്താൻ നേവിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കപ്പലുകളുടെ സഞ്ചാരപാത സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം നിലവിലുണ്ട്. കപ്പലുകളുടെ സഞ്ചാര പാതയിലേക്ക്‌  ബോട്ടുകൾ വന്നാൽ വളരെ ദൂരത്തുനിന്നുതന്നെ അറിയാനും  ബോട്ടിലുള്ളവർക്ക് മുന്നറിയിപ്പ്‌  നൽകാനും കഴിയും. അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top