15 July Wednesday
ക്ലബ്ബുകൾക്കും ക്യാന്റീനുകൾക്കും മദ്യവിതരണത്തിന്‌ അനുമതി

ബെവ്‌ക്യു: ഇന്നലെ നൽകിയത്‌ 4.4 ലക്ഷം ടോക്കൺ; ആറര മിനിട്ടിൽ ഒരു ലക്ഷത്തിൽപ്പരം ടോക്കൺ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


സ്വന്തം ലേഖകൻ
വെർച്വൽ ക്യൂ സംവിധാനത്തിൽ മദ്യവിൽപ്പനയ്‌ക്കുള്ള ഇ ടോക്കൺ വിതരണം സുഗമമായി. ചൊവ്വാഴ്‌ചത്തെ മദ്യവിതരണത്തിനായി, തിങ്കളാഴ്‌ച 4.4 ലക്ഷത്തിൽപരം ടോക്കൺ വിതരണം ചെയ്‌തു. പകൽ 12നാണ്‌ ബുക്കിങ്‌ ആരംഭിച്ചത്‌. ആറര മിനിട്ടിൽ ഒരു ലക്ഷത്തിൽപ്പരം ടോക്കൺ ബുക്കിങ്ങായി. ഒന്നേകാൽ മണിക്കൂറിൽ മുന്നുലക്ഷം ടോക്കണും. വൈകിട്ട്‌ ഏഴുവരെ തുടർന്നു.

ടോക്കൺ ലഭ്യമാക്കുന്ന വിൽപ്പന കേന്ദ്രത്തിന്റെ ദൂരപരിധി അഞ്ച് കിലോമീറ്ററാക്കി പുനർനിശ്ചയിച്ചു. ഈ പരിധി കഴിഞ്ഞാൽ, 10, 15, 20 ചതുരശ്ര കിലോമീറ്റർ പരിധി ക്രമാനുഗതമായി തെരഞ്ഞെടുത്ത്‌ ടോക്കൺ ലഭ്യമാക്കും.

സംസ്ഥാനത്തെ പ്രതിരോധ സേനയുടെ കീഴിലുള്ള കാന്റീനുകളിലും എൻസിസി കാന്റീനുകളിലും ക്ലബ്ബുകൾവഴിയും മദ്യവിതരണത്തിന്‌ അനുമതിയായി. ചൊവ്വാഴ്‌ച മുതൽ മദ്യം വിൽക്കാം. ബെവ്‌ക്യു ടോക്കൺ ക്ലബ്ബുകൾക്കും  കാന്റീനുകൾക്കും ബാധകമാകില്ല.

ക്ലബ്ബുകളിൽ അംഗങ്ങൾക്ക് രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ പാഴ്‌സലായി മാത്രം മദ്യം നൽകാം.  എല്ലാ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കും. ക്ലബ്ബിലും മദ്യ ഉപയോഗം പാടില്ല. അംഗങ്ങൾക്ക്‌ ഫോൺ, എസ്‌എംഎസ്‌ സംവിധാനംവഴി മുൻകൂട്ടി സമയം നൽകണം. ഈ സമയത്തുമാത്രമേ അംഗങ്ങൾ വിൽപ്പന കൗണ്ടറിൽ എത്താൻ പാടുള്ളൂ. ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ ഈ കേന്ദ്രത്തിൽ ഉണ്ടാകാൻ പാടില്ലെന്നും എക്‌സൈസ്‌ വകുപ്പ്‌ നിർദേശിച്ചൂ.


പ്രധാന വാർത്തകൾ
 Top