13 July Monday

ബെവ്‌ക്യൂവിന്റെ സമയം തെളിഞ്ഞു; പ്ലേ സ്‌റ്റോറിൽ നമ്പർ വൺ

സി എൻ റെജിUpdated: Sunday Jun 7, 2020

കൊച്ചി > പത്തുദിവസത്തിനകം 23 ലക്ഷം ഉപയോക്താക്കൾ. വിവാദങ്ങളും പ്രതിസന്ധികളും അതിജീവിച്ച്‌ ആ യുവാക്കളുടെ സ്വപ്‌നം സൂപ്പർ ഹിറ്റായി. വൻകിട ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികളെ കടത്തിവെട്ടി ഫെയർകോഡ്‌ നിർമിച്ച ബെവ്‌ക്യൂ ആപ്,‌ ഗൂഗിൾ പ്ലേസ്‌റ്റോറിലെ ഫുഡ്‌ ആൻഡ്‌ ഡ്രിങ്ക്‌സ്‌ വിഭാഗത്തിൽ ടോപ്‌ നമ്പർ വണ്ണാണ്‌.

കോവിഡ്‌ പ്രതിരോധ കാലത്ത്‌ ബിവറേജസ്‌ കോർപറേഷന്‌ മദ്യവിതരണത്തിനായാണ്‌ സ്‌റ്റാർട്ടപ്‌ സംരംഭമായി ബെവ്‌ക്യു ആപ്‌ തയ്യാറാക്കിയത്‌. മെയ്‌ 28ന്‌ ആപ്‌ ഇറക്കിയെങ്കിലും നിസ്സാരമായ സാങ്കേതികത്തകരാർ വിമർശകർ ഏറ്റുപിടിച്ചു. പുതിയ സംരംഭകരെന്ന പരിഗണന നൽകാതെ പ്രതിപക്ഷവും ഒരുപറ്റം മാധ്യമങ്ങളും കമ്പനിയെയും ആപ്പിനെയും അപമാനിക്കാനും തകർക്കാനും ശ്രമിച്ചു.

വിദഗ്‌ധരുടെ സഹായത്തോടെ പ്രശ്‌നങ്ങൾ പരിഹരിച്ചാണ്‌ പ്ലേസ്‌റ്റോറിലെ മുൻനിരയിലേക്ക്‌ ആപ്‌ വളർന്നത്‌.പ്രതിസന്ധികളെ തരണംചെയ്യാൻ കേരള സ്‌റ്റാർട്ടപ്‌ മിഷൻ സഹായിച്ചുവെന്ന്‌ ഫെയർകോഡ്‌ സിഇഒ  എം ജി കെ വിഷ്‌ണു പറഞ്ഞു. സർക്കാരിനെ സഹായിക്കാൻ ആദ്യം സൗജന്യമായാണ്‌ ആപ്‌ തയ്യാറാക്കാൻ ഉദ്ദേശിച്ചത്‌. വിദഗ്‌ധരുടെ സേവനം ആവശ്യമായതിനാലാണ്‌ 2,84,000 രൂപയുടെ ബിഡ്‌ നൽകിയത്‌. തുടക്കത്തിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു.
ഇതിനിടെ കമ്പനി പൂട്ടി ഞങ്ങൾ സ്ഥലം വിട്ടുവെന്നുവരെ പ്രചരിപ്പിച്ചു. എന്നിട്ടും തളർന്നില്ല. സർക്കാരും തൊഴിൽവകുപ്പും കൂടെനിന്നു. സ്‌റ്റാർട്ടപ്‌ സംരംഭമെന്ന പരിഗണന നൽകാതെ വിമർശങ്ങളുണ്ടായി. ഫെയ്‌സ്‌ബുക്കിനും വാട്‌സാപ്പിനും വരെ ആദ്യമുണ്ടായ പ്രശ്‌നങ്ങൾ പരിഹരിച്ചാണ്‌ ആ കമ്പനികൾ മുന്നോട്ടുപോയത്‌. ബെവ്‌കോ ആപ്പിന്റെ പുതിയ പതിപ്പ്‌ ഉടനിറക്കും.

ആപ്പിളിൽ അടുത്ത ആഴ്‌ചയോടെ ‌ലഭ്യമാകുമെന്നും ആപ്‌ ഉപയോഗിക്കുന്നവർ സംതൃപ്‌തരാണെന്നും എം ജി കെ വിഷ്‌ണു പറഞ്ഞു. ആപ്‌ പുറത്തിറക്കി ആദ്യദിനം 14 ലക്ഷംപേരാണ്‌ ട്രാക്ക്‌ ചെയ്‌തത്‌. 1.38 ലക്ഷംപേർ ടോക്കൺ എടുത്തു. കൂടുതൽ ആളുകൾ ഒരേസമയം ഒരുമിച്ച്‌ ഉപയോഗിച്ചത്‌ ആപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
അഞ്ചുദിവസംകൊണ്ടാണ്‌ വിഷ്‌ണുവിനൊപ്പം സുഹൃത്തുക്കളായ ഹരീഷ്‌ മോഹനൻ, രജിത്‌ രാമചന്ദ്രൻ, നവീൻ ജോർജ്‌, ഷെറിൻ ജോസ്‌ എന്നിവർ ചേർന്ന്‌ ആപ്‌ നിർമിച്ചത്‌. പത്താംദിവസം പ്ലേസ്‌റ്റോറിൽ അപ്‌ലോഡ്‌ ചെയ്‌തു. 2019ൽ കൊച്ചി കടവന്ത്രയിലാണ്‌  ‌ഫെയർകോഡ്‌ പ്രവർത്തനം തുടങ്ങിയത്‌.


പ്രധാന വാർത്തകൾ
 Top