18 September Wednesday

പ്രതിരോധ മേഖലയിലേക്ക്‌ കുത്തകകൾ; ബെമലിന്റെ ഭൂമിവിൽപ്പനയ്‌ക്ക്‌ കേന്ദ്രാനുമതി

വേണു കെ ആലത്തൂർUpdated: Sunday Aug 25, 2019


പാലക്കാട്‌
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭാരത്‌ എർത്ത്  മൂവേഴ്‌സ്‌ ലിമിറ്റഡിലെ  (ബിഇഎംഎൽ)  വിവിധ യൂണിറ്റുകളിലെ ഭൂമിവിൽപ്പനയ്‌ക്ക്‌ കളമൊരുങ്ങി.  വിൽപ്പനയ്‌ക്ക്‌ കേന്ദ്രസർക്കാർ അംഗീകാരം നൽകിയതോടെയാണ്‌ സ്ഥാപനത്തിന്റെ  4160 ഏക്കർ ഭൂമി വിൽക്കുന്നത്‌. ആദ്യം ഭൂമി കച്ചവടം. പിന്നീട്‌ കെട്ടിടങ്ങൾ, തുടര്‍ന്ന്  ഉൽപ്പാദനമേഖല എന്നിങ്ങനെയാണ്‌ വിൽപ്പന. ഇതിനെതിരെ ജീവനക്കാർ പ്രക്ഷോഭം ആരംഭിച്ചു.  മൂന്നായി തിരിച്ചാണ്‌  വിൽപ്പനയ്ക്ക് ഒരുങ്ങുന്നത്. 16 ഘട്ടത്തിൽ ആദ്യ അഞ്ച്‌ ഘട്ടം പൂർത്തിയായി.

ഒന്നാം മോഡി സർക്കാരിന്റെ കാലത്ത്‌ 518 കോടി വിലനിശ്‌ചയിച്ച്‌ വിൽക്കാൻ ശ്രമിച്ചപ്പോൾ പാർലമെന്റിൽ എം ബി രാജേഷ്‌ ശക്തമായി  എതിർത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക്‌ കത്തെഴുതി. തുടർന്നാണ്‌ വിൽപ്പനയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്‌.  രണ്ടാം മോഡി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ തരംതിരിച്ച്‌ വിൽക്കാൻ തീരുമാനിച്ചതോടെയാണ്‌ ബെമലും പട്ടികയിൽ ഉൾപ്പെട്ടത്‌. രാജ്യാന്തര ടെൻഡറിലൂടെ 4000 കോടിയുടെ ഓർഡറാണ്‌ ബെമൽ  നിലവില്‍ നേടിയിട്ടുള്ളത്.  അടുത്ത മൂന്ന്‌ വർഷത്തേക്ക്‌ 10,000 കോടിയുടെ ഉൽപ്പാദനത്തിനും കരാര്‍  ലഭിച്ചിട്ടുണ്ട്. 

ബംഗളൂരുവിലെ 205 ഏക്കർ  ഭൂമിയുടെ വിപണിവില- 18,000 കോടിവരും. ഹെഡ്ഓഫീസ് -കെട്ടിടത്തിന്റെ മൂന്ന്‌ ഏക്കറിന്‌ 400 കോടിയും മതിപ്പുവില വരും. മൈസുരു കോളർ ഖനിയിൽ -1863 ഏക്കറും മൈസൂരു നഗരത്തിൽ 560 ഏക്കറും ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, കൊച്ചി എന്നിവിടങ്ങളിലും ഭൂമിയുണ്ട്. 

ബെമൽ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്താകെയുള്ള യൂണിറ്റുകളിലെ ജീവനക്കാർ പ്രക്ഷോഭം തുടങ്ങി. തിങ്കളാഴ്‌ച മൈസൂരും 30 ന്‌ പാലക്കാട്ടും സമരം നടക്കും. ബെമൽ കോ –-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ സമരം. സമരത്തിനു  സിഐടിയു  പിന്തുണ പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top