19 March Tuesday

ബെഫി ദേശീയ സമ്മേളനം: യുവസംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

തിരുവനന്തപുരം > ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച യുവ സംഗമം കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ശത കോടീശ്വരന്മാരായ കുടിശ്ശികക്കാര്‍ക്ക് വേണ്ടി പൊതുമേഖലാ ബാങ്കിംഗ് മേഖലയെ തകര്‍ക്കുന്ന നയസമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള യുവാക്കളുടെ കര്‍മ്മശേഷിയും പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും തിരിച്ചറിയാന്‍ അവസരം ലഭിച്ച സവിശേഷ സാഹചര്യമായിരുന്നു പ്രളയകാലം.. ഈ കര്‍മ്മോല്‌സുകതയെ ശരിയായ ദിശയിലൂടെ മുന്നോട്ട് കൊണ്ട് പോയി രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനുള്ള കടമ യുവജനങ്ങള്‍ക്ക് ഉണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുമേഖലാ ബാങ്കുകളെയും പൊതുമേഖലയെയും ഇല്ലാതാക്കുക എന്നത് ഒരു അജണ്ടയായിത്തന്നെ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ ബാങ്കുകളെ സംയോജിപ്പിച്ചും ലയിപ്പിച്ചും അവരുടെ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കഴിഞ്ഞ 30 വര്‍ഷത്തില്‍ നടന്ന  പൊതുമേഖലാ ഓഹരി വില്പനയില്‍ 58 ശതമാനവും നടന്നത് ഇക്കഴിഞ്ഞ 4 വര്‍ഷത്തിലാണ്. ഇതിനു മുന്‍പ് ഉണ്ടായ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് 10 ശതമാനം ഓഹരികളാണ് വിറ്റത്.  അതെ സമയം ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിറ്റത് 2.35 ശതമാനമാണ്.  രാജ്യസ്‌നേഹത്തിന്റെ മൊത്ത ചില്ലറ വില്പനക്കാരായ ബി ജെ പിയുടെ സര്‍ക്കാറുകളാണ് മൊത്തം ഓഹരികളുടെ 68 ശതമാനവും വിറ്റ് തുലച്ചത്. രാജ്യത്ത് 28 ലക്ഷം ഒഴിവുകളാണ് സര്‍ക്കാര്‍ മേഖലയില്‍ നികത്തപ്പെടാതെ കിടക്കുന്നത് എന്ന വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. തൊഴില്ലാതെ യുവാക്കള്‍ അലയുന്ന ജോബ്ലെസ്, വേജ് ലെസ് കാലഘട്ടത്തിലെ അവസ്ഥയാണ് ഇത്. ജി.ഡി.പി ഉയരുന്നതിന്റെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടുമ്പോഴും തൊഴിലില്ലായ്മ വര്‍ധിക്കുന്ന സമസ്യ തുടരുകയാണ്.  അദ്ദേഹം പറഞ്ഞു.

ദേശീയ സമ്മേളനത്തിന്റെ സംഘാടക സമിതി കണ്‍വീനര്‍ ജോസ് ടി എബ്രഹാം, ബെഫി സംസ്ഥാന ജോ.സെക്രട്ടറി എസ്.ശ്രീകുമാര്‍, ജില്ലാ പ്രസിഡന്റ് കെ.ഹരികുമാര്‍,  ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ്, റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി പ്രശാന്ത് എസ്.ബി.എസ് എന്നിവര്‍ ചര്‍ച്ച നയിച്ചു. ബെഫി ജില്ലാ കമ്മിറ്റി അംഗം ശരത് ഭാനു അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി നിഷാന്ത് സ്വാഗതം പറഞ്ഞു. വനിതാ സബ് കമ്മിറ്റി അംഗം കവിത കൃതജ്ഞത രേഖപ്പെടുത്തി.


പ്രധാന വാർത്തകൾ
 Top