12 July Sunday

മെയ് 22 അഖിലേന്ത്യാ പ്രക്ഷോഭത്തില്‍ ബാങ്കു ജീവനക്കാരും പങ്കാളികളാകും: ബെഫി

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

തിരുവനന്തപുരം> 2020 മെയ് 22 ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രക്ഷോഭ പരിപാടികളില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാങ്കു ജീവനക്കാരും പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി). കൊറോണ രോഗവ്യാപന പശ്ചാത്തലത്തില്‍ രാജ്യമാകെ ലോക്ഡൗണിലായിരിക്കുന്ന വേളയില്‍ എല്ലാ തൊഴിലവകാശങ്ങളും കവര്‍ന്നെടുക്കുകയും രാജ്യത്തിന്റെ പൊതു സമ്പത്താകെ ദേശ വിദേശ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുകയും ചെയ്യുന്ന കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ അഖിലേന്ത്യാ പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

നിശ്ചലമായ സമ്പദ്‌മേഖലയെ ചലനാത്മകമാക്കുന്നതിന് ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുക എന്നതാണ് ഒരു ജനകീയ സര്‍ക്കാര്‍ കൈക്കൊള്ളേണ്ട മാര്‍ഗ്ഗം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങള്‍ വന്‍കിട കുത്തകകളെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് 2014 ല്‍  49.35 രൂപയായിരുന്നുവെങ്കില്‍ ഇന്ന് അത് കേവലം 12.96 രൂപയായി കൂപ്പുകുത്തി.

 വിപണിയിലെ വിലക്കുറവ് ജനങ്ങളില്‍ എത്തിക്കുന്നതിന് പകരം ഈ കൊറോണക്കാലത്ത് പെട്രോളിന്റെ കേന്ദ്ര എക്‌സൈസ് തീരുവ 10 ല്‍ നിന്ന് 32.98 രൂപയായും ഡീസലിന്റെത് 13 ല്‍ നിന്ന് 31.83 രൂപയായും വര്‍ദ്ധിപ്പിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സ്വാഭാവികമായി 2014 നേക്കാള്‍ കൂടിയ നിരക്കിലാണ് പെട്രോളും ഡീസലും ജനങ്ങള്‍ക്ക് ലഭിക്കുന്നത്.

തൊഴില്‍ നിയമങ്ങളിലും വലിയ അഴിച്ചു പണിയാണ് രാജ്യത്താകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴില്‍ സമയമുള്‍പ്പടെ പരിഷ്‌കരിക്കണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ആദ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 38 പ്രധാന തൊഴില്‍ നിയമങ്ങള്‍ 1000 ദിവസത്തേക്ക് മരവിപ്പിച്ചു.

മധ്യപ്രദേശ് സര്‍ക്കാര്‍ ഫാക്ടറി നിയമങ്ങളിലുള്‍പ്പടെ സാരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു .ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ് സര്‍ക്കാരുകള്‍ തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ഉയര്‍ത്തി. കൊറോണ വ്യാപനം തന്നെ തൊഴില്‍ നിയമ ഭേദഗതികളിലുടെ തടഞ്ഞു നിറുത്താം എന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെയും ചില സംസ്ഥാന സര്‍ക്കാരുകളുടെയും പ്രവര്‍ത്തനം.

പൊതു സമ്പത്തിന്റെ പൂര്‍ണ സ്വകാര്യവല്‍ക്കരണവും ഇതോടൊപ്പം വളരെ വേഗതയില്‍ നടപ്പിലാക്കുകയാണ്. കൊറോണ രോഗവ്യാപന പശ്ചാത്തലത്തില്‍ അമേരിക്ക വെന്റിലേറ്ററുകള്‍ക്കായി ചൈനയേയും പി.പി.ഇ.കിറ്റുകള്‍ക്കായി വിയറ്റ്‌നാമിനെയും സമീപിച്ചതും സ്‌പെയില്‍ ആരോഗ്യമേഖല ദേശസാല്‍ക്കരിച്ചതുമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ആശുപത്രി മേഖലയിലുള്‍പ്പടെ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

 പ്രതിരോധം, വ്യോമയാനം, വൈദ്യുതി, ആണവോര്‍ജം, ബഹിരാകാശ മേഖല തുടങ്ങി സര്‍വ്വവും ദേശവിദേശ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുകയാണ്. പൊതുമേഖല എന്നത് ഇനി തന്ത്രപ്രധാന മേഖലകളില്‍ മാത്രമായി ചുരുക്കുകയാണ്. ഏതൊക്കെ മേഖലകളാണ് തന്ത്രപ്രധാന്യമുള്ളത് എന്നത് ഇനിയും പ്രഖ്യാപിച്ചിട്ടുമില്ല. അങ്ങനെയുള്ള മേഖലകളില്‍ പോലും ഏറിയാല്‍ നാലു സ്ഥാപനങ്ങള്‍ മാത്രമേ പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടതുള്ളുവെന്നതാണ് പ്രഖ്യാപനം.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിംഗ് സമ്പ്രദായമുള്‍പ്പടെയുള്ള മേഖലകളുടെ മരണമണിയാണ് ധനമന്ത്രി മുഴക്കിയിരിക്കുന്നത്. പ്രധാനമന്ത്രി, വോക്കല്‍ പോലും ലോക്കലാകണം എന്ന് നിര്‍ദ്ദേശിച്ച, 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പ്രഖ്യാപന വേളയിലാണ് രാജ്യത്തെ പൊതു സമ്പത്താകെ വിദേശദേശ കുത്തകകള്‍ക്ക് വെള്ളിത്തളികയിലാക്കി കൈമാറാനുള്ള തീരുമാനം ധനമന്ത്രി രാജ്യത്തെ അറിയിച്ചത്.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ തൊഴില്‍ശക്തി, രാജ്യമാകെ ഉയര്‍ന്നു വരേണ്ട വലിയ പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട്, 2020 മെയ് 22ന് പ്രതിഷേധ ദിനം ആചരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ ബാങ്കു ജീവനക്കാരും പ്രതിഷേധ പരിപാടികളില്‍ അണിചേരണം. അന്നേ ദിവസം ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ/ ഏരിയാ കേന്ദ്രങ്ങളിലും പ്ലെക്കാര്‍ഡുകള്‍ പിടിച്ച് ശാരീരിക അകലം പാലിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതാണെന്നും ബെഫി അറിയിച്ചു.


 


പ്രധാന വാർത്തകൾ
 Top