18 November Monday

കേരള ബാങ്ക് ‐സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന് അഭിവാദ്യം: ബെഫി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കൊച്ചി> കേരളാ ബാങ്ക്‌ രൂപീകരിച്ച്‌ ജനകിയ അടിത്തറയുള്ള സഹകരണ ബാങ്കിംഗ് പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിനുള്ള കേരള സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്‌തു. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ്വ് ബാങ്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയിരിക്കയാണ്‌.

കേരളത്തിലെ മലപ്പുറം ഒഴികെയുള്ള 13 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിച്ചാണ് കേരള ബാങ്ക് യാഥാർത്ഥ്യമാകുന്നത്. ചില രാഷ്ട്രീയ കാരണങ്ങളാൽ പുറത്ത് നിൽക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തീരുമാനം പുന:പരിശോധിച്ച് കേരള ബാങ്കിന്റെ ഭാഗമായി മാറാൻ തയ്യാറാകണമെന്ന് ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

രാജ്യത്താകെ ജനകീയ ബാങ്കിംഗ് സംവിധാനങ്ങൾ ഇല്ലാതാക്കുന്ന നയങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ ഒരു സാഹചര്യത്തിലാണ് കേരളീയരുടെ സ്വന്തം ബാങ്ക് എന്ന ലക്ഷ്യവുമായി കേരള ബാങ്ക് കടന്നു വരുന്നത്. അത്യന്താധുനിക ബാങ്കിംഗ് സംവിധാനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും അതോടൊപ്പം ചെറുകിട കാർഷിക വായ്പകൾക്ക് മുൻഗണന നൽകുകയും ചെയ്ത് ജനകീയ ബാങ്കിംഗ് സങ്കൽപ്പം മുറുകെപ്പിടിച്ച് മുന്നോട്ട് കുതിക്കാൻ കേരള ബാങ്കിനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബെഫി പ്രസിഡന്റ്‌ ടി നരേന്ദ്രനും ജനറൽ സെക്രട്ടറി എസ് എസ് അനിൽ പ്രസ്‌താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top