08 December Sunday

ഷഹ്‌‌‌ല ഷെറിന്റെ മരണം: കുറ്റക്കാരെ പിരിച്ചുവിടണം- എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

ബത്തേരി > പാമ്പ്‌ കടിയേറ്റ വിദ്യാർഥിനിക്ക്‌ യഥാസമയം ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ലെന്ന സഹപാഠികളുടെ പരാതി ഗൗരവത്തിൽ കണ്ട് കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ. പൊതുവിദ്യാഭ്യാസ പുരോഗതിക്ക് സർക്കാർ മികച്ച പിന്തുണ നൽകുന്ന സാഹചര്യത്തിലും അത് ഉപയോഗപ്പെടുത്താതെ സ്കൂളിലെ പൊട്ടിപൊളിഞ്ഞ ബിൽഡിങ്ങുകളിൽ വേണ്ട നവീകരണങ്ങൾ നടത്താതെ ക്ലാസെടുക്കാൻ തീരുമാനിച്ച അധികൃതരും അധ്യാപകരും പിടിഎ യും മറുപടി പറയണമെന്നും എസ്എഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

ക്ലാസ് മുറിയിൽ  ചെരിപ്പ് ധരിക്കാനും കുട്ടികളെ അനുവദിച്ചിരുന്നില്ല. പാമ്പ് കടിച്ചതായി കുട്ടി പറഞ്ഞിട്ടും രക്ഷിതാവ് വരുന്നതുവരെ കുട്ടിയെ ആശുപത്രിയിലെത്തിക്കാനും അധ്യാപർ തയ്യാറായില്ല.  സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വീഴ്‌ച വരുത്തിയ സ്കൂളിലെ  ഉദ്യോഗസ്ഥരും മനേജ്മെന്റും പിടിഎയും അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കണം. ഗുരുതര വീഴ്ച്ച വരുത്തിയ അധ്യാപകരെ പിരിച്ച് വിടണം.  വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ വിദ്യാർഥികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താനവയിൽ പറഞ്ഞു.

എസ്എഫ്ഐ പ്രതിഷേധിച്ചു

വിദ്യാർഥിനി പാമ്പ്‌ കടിയേറ്റ്‌ മരിച്ച  സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ മാർച്ച്‌ സംഘടിപ്പിച്ചു.   ബത്തേരിയിൽ നടന്ന മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം എൻ എസ് വൈഷ്‌ണവി  ഉദ്ഘാടനം ചെയ്‌തു. ബത്തേരി ഏരിയാ സെക്രട്ടറി ടി പി ഋതുഷോഭ്, പ്രസിഡന്റ് വിനീഷ് കുമാർ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top