22 March Friday

ചാരക്കേസും ബാർ കോഴയും ; അന്തംവിട്ട‌് യുഡിഎഫ‌്

കെ ശ്രീകണ‌്ഠൻUpdated: Thursday Sep 20, 2018ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ കമീഷനെ നിയമിച്ച സുപ്രീംകോടതി വിധിയും ബാർ കോഴയിൽ അന്വേഷണം തുടരാനുള്ള വിജിലൻസ‌് കോടതി ഉത്തരവും യുഡിഎഫ‌് നേതൃത്വത്തിന്റെ സ്വൈരം കെടുത്തുന്നു. ചാരക്കേസിലെ വിധി കോൺഗ്രസിനാണ‌് കനത്ത ആഘാതം ഏൽപ്പിച്ചതെങ്കിൽ ബാർ കോഴയിൽ വിജിലൻസ‌് റിപ്പോർട്ട‌് തള്ളിയത‌്  മാണി ഗ്രൂപ്പിന‌് ഓർക്കാപ്പുറത്തുള്ള അടിയായി.  ഫലത്തിൽ ഇത‌ു രണ്ടും യുഡിഎഫിലെ ഉമ്മൻചാണ്ടി‐ മാണി കൂട്ടുകെട്ടിനെയാണ‌് പ്രതിരോധത്തിലാക്കിയത‌്.  വിഴുപ്പലക്കാനും പരസ്യമായി ഏറ്റുമുട്ടാനും ത്രാണിയില്ലാത്തതിനാൽ യുഡിഎഫുകാർ മൗനം പാലിക്കുകയാണെന്ന‌ുമാത്രം.

ബാർ കോഴയിൽ പ്രതിക്കൂട്ടിലായ മാണിയെ വീണ്ടും യുഡിഎഫിലേക്ക‌് ആനയിച്ചതിൽ ഇഷ്ടക്കേടുള്ള വി എം സുധീരനും കൂട്ടർക്കും വിജിലൻസ‌് കോടതിവിധി ഉൗർജം പകർന്നിട്ടുണ്ട‌്. പക്ഷെ മാണിയെ തിരികെ എത്തിക്കാൻ ചരടുവലിച്ച ഉമ്മൻചാണ്ടിക്കും മറ്റുമെതിരെ പരസ്യമായി രംഗത്തുവരാൻ ഇവർക്ക‌് കരുത്തില്ല.
ചാരക്കേസിലെ രാഷ‌്ട്രീയ ഗൂഢാലോചനയ‌ുടെ പേരിൽ ഉമ്മൻചാണ്ടി അടക്കമുള്ളവർ പ്രതിക്കൂട്ടിലാണെങ്കിലും പത്മജ ഒഴികെ ആരും അവർക്കെതിരെ രംഗത്തുവന്നിട്ടില്ല.

പത്മജയുടെ ആരോപണം മകളുടെ വികാര പ്രകടനമായി കണക്കിലെടുത്ത‌്  അവഗണിക്കാനാണ‌് ഉമ്മൻചാണ്ടിയും ചെന്നിത്തലയും എം എം ഹസ്സനും തമ്മിലുണ്ടാക്കിയ ധാരണ. നരസിംഹറാവുവിനെതിരെ ആരോപണം ഉന്നയിച്ച‌് രംഗത്തുവന്ന കെ മുരളീധരനും  ഇവർക്കൊപ്പം ചേർന്നു.  പക്ഷെ പത്മജ എയ‌്തുവിട്ട അമ്പ‌് കൊള്ളേണ്ടിടത്ത‌ു കൊണ്ടു എന്നാണ‌് കോൺഗ്രസിനകത്തെ നിഗമനം. ജുഡിഷ്യൽ കമീഷന‌് മുന്നിൽ കരുണാകരനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേര‌് പറയുമെന്ന‌് പത്മജ വെല്ലുവിളി മുഴക്കിയിട്ടുണ്ടെങ്കിലും അത‌് ഉമ്മൻചാണ്ടിയും മറ്റും കാര്യമായി എടുക്കുന്നില്ല. മറിച്ചായിരുന്നെങ്കിൽ തെരുവ‌് യുദ്ധം കാണാമായിരുന്നൂവെന്നാണ‌് കോൺഗ്രസ‌് നേതാക്കൾ തന്നെ പറയുന്നത‌്.

ബാർ കോഴക്കേസിൽ വിജിലൻസ‌് കോടതിവിധി വന്നതോടെ മാണിയെ ആശ്വസിപ്പിക്കാൻ ഉമ്മൻചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മത്സരിച്ചു.
കേസ‌് യുഡിഎഫ‌് ഒറ്റക്കെട്ടായി നേരിടുമെന്നാണ‌് ഇവരെല്ലാം മാറിമാറി പറഞ്ഞത‌്. ‘പരസ‌്പരം ഊന്നുവടികളായി’നിന്ന‌് മാണിയെ കരകയറ്റാനുള്ള നീക്കമാണ‌് യുഡിഎഫ‌് നേതൃത്വത്തിന്റേത‌്. വിജിലൻസ‌് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയെ ഉപദേശിക്കുകയും ചെയ‌്തു.

ബാർ കോഴയിൽ കുറ്റവിമുക്തനാക്കിയത‌് തള്ളിക്കളഞ്ഞ വിജിലൻസ‌് കോടതിവിധി കേരള കോൺഗ്രസ‌് മാണി ഗ്രൂപ്പിനെ ഉലച്ചിരിക്കുകയാണ‌്. വിജിലൻസിന്റെ മൂന്നാം റിപ്പോർട്ടും കോടതി അംഗീകരിക്കുമെന്നാണ‌് മാണിയും കൂട്ടരും ഉറച്ചുവിശ്വസിച്ചത‌്.
യുഡിഎഫിൽ തിരികെ ചേക്കേറിയെങ്കിലും ബാർ കോഴയിൽ കോൺഗ്രസുകാർ ഇനിയും  വേട്ടയാടുമെന്ന‌് മാണിക്ക‌് ഉറപ്പാണ‌്. മകൻ ജോസ‌് കെ മാണിയെ രാജ്യസഭയിൽ എത്തിച്ചതാണ‌് ഏക ആശ്വാസം. വിജിലൻസ‌് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തിരക്കിട്ട കൂടിയാലോചനകൾ മാണി തുടങ്ങിയിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top