31 March Tuesday

ബാങ്കുകളിലെ താത്ക്കാലിക ജീവനക്കാർക്കും കോൺട്രാക്ട് ജീവനക്കാർക്കും ഉടനെ തിരിച്ചറിയൽ കാർഡ് നൽകണം : ബെഫി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
കൊച്ചി > കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജോലിക്കെത്തേണ്ടി വരുന്ന   ബാങ്കുകളിലെ താത്ക്കാലിക ജീവനക്കാർക്കും കോൺട്രാക്ട് ജീവനക്കാർക്കും  ഉടനെ തിരിച്ചറിയൽ കാർഡ് നൽകണമെന്ന് ബെഫി ജനറൽ സെക്രട്ടറി എസ് എസ് അനിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ബാങ്കുകളിലും ക്ലീനിംഗ് പണികൾ ദിവസക്കൂലിക്കാരോ കോൺട്രാക്ട് തൊഴിലാളികളോ ആണ് നിർവ്വഹിക്കുന്നത്. കോവിഡ് - 19 വ്യാപനം തടയുന്നതിനായി രാജ്യത്താകമാനം ഷട്ട് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കിലെ സ്ഥിരം ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉള്ളതിനാൽ ജോലി സംബന്ധമായി യാത്ര ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ ദിവസക്കൂലാക്കാരും കോൺടാക്ട് ജീവനക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
 
സംഘടന ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ഈ വിഷയം ചൂണ്ടിക്കാണിച്ചിട്ടും തികഞ്ഞ നിസംഗതയാണ് SLBC ചുമതലയുള്ള ബാങ്കുൾപ്പടെ പുലർത്തുന്നത്. ഭാവിയിൽ സ്ഥിരം ജോലിക്കായി ഇത്തരം രേഖ ഉപയോഗിക്കുമെന്ന പേരു പറഞ്ഞാണ് ബാങ്കുകൾ ഈ അപലപനീയമായ മനോഭാവം തുടരുന്നത്. സംഘടന കൊടുത്ത പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രാലയത്തിൽ നിന്നും നേരിട്ട് നിർദ്ദേശം നൽകിയിട്ടും പല ബാങ്കുകളും അത് നടപ്പിലാക്കാൻ തയ്യാറായിട്ടില്ല.
 
ഒരു മഹാമാരി തടഞ്ഞു നിറുത്തുന്നതിന് ഭരണകൂടമാകെ ഒറ്റക്കെട്ടോടെ നിൽക്കുമ്പോൾ ചില ബാങ്കധികാരികൾ പുലർത്തുന്ന ഈ നടപടിയെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഇന്ന് പല സ്ഥലങ്ങളിലും അത്തരം ജീവനക്കാരെ പോലീസ് തടഞ്ഞു നിറുത്തുകയും അവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഉടൻ വിഷയത്തിൽ ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു  
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top