04 April Saturday

ബന്ദിപ്പുർ ബദൽപ്പാത വേണ്ട; ആകാശപാത മതി; സംസ്ഥാനം സത്യവാങ്‌മൂലം നൽകി

സ്വന്തം ലേഖകൻUpdated: Wednesday Feb 19, 2020

ന്യൂഡൽഹി > ബന്ദിപ്പുർ രാത്രിയാത്രാ നിരോധന വിഷയത്തിൽ നിർദിഷ്ട ബദൽപ്പാത അംഗീകരിക്കാനാകില്ലെന്ന്‌ അറിയിച്ച്‌ കേരളം സുപ്രീംകോടതിയിൽ അധികസത്യവാങ്മൂലം നൽകി. ദേശീയപാത 766ൽ യാത്രാനിരോധനം ഏർപ്പെടുത്താൻ പറഞ്ഞ കാരണങ്ങൾ ബദൽപാതയ്‌ക്കും ബാധകമാണ്‌. യാത്രാനിരോധനം നീക്കി ആകാശപാത നിർമിക്കാൻ നിർദേശിക്കണമെന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു.

വ്യോമ, റെയിൽ, ജല ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത വയനാടിന്റെ ജീവനാഡിയാണ്‌ കോഴിക്കോട്‌–-കൊല്ലെഗൽ ദേശീയപാത. മാനന്തവാടി –-ഗോണിക്കുപ്പ –- മൈസൂർ ബദൽപ്പാത അംഗീകരിക്കാൻ പറ്റാത്തതിനുള്ള കാരണങ്ങൾ അധികസത്യവാങ്മൂലത്തിൽ അക്കമിട്ട്‌നിരത്തി.

ബദൽപ്പാത നാഗർഹോളേ കടുവാസംരക്ഷണകേന്ദ്രത്തിലൂടെയും കൂർഗ്‌ ജില്ലയിലെ നിബിഡ വനപ്രദേശത്തിലൂടെയുമാണ്‌  പോകുന്നത്‌. ബദൽപ്പാത ദേശീയപാതാ നിലവാരത്തിലേക്ക്‌ ഉയർത്തണമെങ്കിൽ 250 ഹെക്ടർ വനപ്രദേശമെങ്കിലും നശിപ്പിക്കേണ്ടി വരും. ഇത്‌ പരിസ്ഥിതിക്ക്‌  കനത്ത ആഘാതമുണ്ടാക്കും. ബദൽപ്പാത നിലവിൽ വന്നാൽ ഇപ്പോൾ 30 കിലോമീറ്റർ യാത്രചെയ്യുന്നവർ  200 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വരും.

അസമിലെ കാസിരംഗ ദേശീയ ഉദ്യാനം, മധ്യപ്രദേശിലെ കൻഹാ, പെഞ്ച്‌ കടുവാസംരക്ഷണകേന്ദ്രങ്ങങ്ങളിൽ ഇല്ലാത്ത ഗതാഗതനിയന്ത്രണം ബന്ദിപ്പുർ ദേശീയ ഉദ്യാന പരിസരത്ത്‌ ഏർപ്പെടുത്തുന്നത്‌ വിവേചനമാണ്‌. പ്രളയമുണ്ടായപ്പോൾ വയനാട്ടിലേക്ക്‌ രക്ഷാപ്രവർത്തകരെ എത്തിക്കാൻ ദേശീയപാത 766 മാത്രമാണുണ്ടായിരുന്നത്‌. രാത്രിയാത്രാനിരോധനം  നീക്കണമെന്ന്‌ കേരള നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയിട്ടുണ്ട്‌. ആകാശപ്പാത നിർമിക്കുന്നതാണ്‌ ഉചിതം. ഇതിനായി 250 കോടിരൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top