25 August Sunday

രാത്രിയാത്ര ആരുടേയും പ്രേരണയിലല്ല; റൂമും പൂജയും ബുക്ക് ചെയ്തത് ബാലഭാസ്കര്‍: ക്രൈം ബ്രാഞ്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

തൃശൂർ> ബാലഭാസ്കറിന്റെയും കുടുംബത്തിന്റെയും രാത്രിയാത്ര ആരുടേയും പ്രേരണയിൽ പെട്ടെന്ന് തീരുമാനിച്ചതെല്ലെന്ന് സ്ഥിരീകരിച്ചു. തൃശൂരില്‍ ഹോട്ടലിൽ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്കര്‍ തന്നെയാണെന്നും കണ്ടെത്തി.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം മടങ്ങുംവഴിയാണു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. തൃശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്‍കി.

അതോടൊപ്പം പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവര്‍ പങ്കെടുത്തതെന്നും സംശയമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ പേരില്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തതായിരുന്നു പൂജ. മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാനദിവസം മാത്രമാണ് ബാലഭാസ്കറും കുടുംബവും പങ്കെടുത്തത്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു. യാത്ര സംബന്ധിച്ച ദുരൂഹതകള്‍ നീക്കുന്നതിന്റെ ഭാഗമായിട്ടാണു ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്തിലുള്ള തെളിവെടുപ്പിലെ നിര്‍ണായക കണ്ടെത്തലുകള്‍.

കൂടാതെ കൊല്ലം പള്ളിമുക്കിൽ ജ്യൂസ‌് കുടിക്കാൻ വാഹനം നിർത്തുമ്പോൾ ബാലഭാസ‌്കർ ഇരുന്നിരുന്നത‌് പിൻസീറ്റിൽ ആയിരുന്നെന്ന‌് സാക്ഷികൾ മൊഴി ക്രൈം ബ്രാഞ്ചിന് നൽകി. കൊല്ലം സ്വദേശികളായ ലാൽകൃഷ‌്ണ, അഖിൽ, വിനു എന്നിവരാണ‌് ക്രൈംബ്രാഞ്ചിന‌് മൊഴി നൽകിയത‌്. ഡ്രൈവിങ‌് സീറ്റിൽ അർജുനെ കണ്ടതായും മൊഴി നൽകി.

ബന്ധുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയശേഷം വീട്ടിലേക്ക‌് മടങ്ങുകയായിരുന്നു. ഇതിനിടെയാണ‌് ജ്യൂസ‌് കുടിക്കാൻ പള്ളിമുക്കിൽ ഇറങ്ങിയത‌്. ആ സമയമാണ‌് ബാലഭാസ‌്കറും കുടുംബവും സഞ്ചരിച്ച വാഹനം എത്തിയത‌്. ഡ്രൈവിങ‌് സീറ്റിൽ ഇരുന്ന അർജുൻ കടയിലേക്ക‌് വന്നു. അകത്തുള്ളത‌് ആരെന്ന‌്  നോക്കിയപ്പോഴാണ‌് ബാലഭാസ‌്കറിനെ കണ്ടത‌്. പിൻസീറ്റിൽ മധ്യഭാഗത്തായി ഇരിക്കുകയായിരുന്നു. സംഗീതപരിപാടികളിലും വിവിധ ഷോകളിലൂടെയും കണ്ട‌് പരിചിതമുഖമായതിനാൽ വളരെ വേഗം തിരിച്ചറിഞ്ഞു. പടം എടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, വളരെ വേഗം ജ്യൂസ‌് കുടിച്ച‌് ബാലഭാസ‌്കറും കുടുംബവും മടങ്ങി. പള്ളിമുക്കിൽ നിന്ന‌് തിരിക്കുമ്പോഴും വാഹനം ഓടിച്ചത‌് ബാലഭാസ‌്കർ അല്ലായിരുന്നു. നേരത്തെ ഓടിച്ചിരുന്ന അർജുൻ തന്നെയായിരുന്നെന്നും മൂവരും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top