19 September Thursday

വാഹനത്തിലുണ്ടായിരുന്നത‌് 44 പവൻ; ക്ഷേത്രച്ചടങ്ങിനിടയിൽ ‘രക്തം’

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

തിരുവനന്തപുരം > ബാലഭാസ‌്കർ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത‌് 44 പവൻ ആഭരണങ്ങൾ എന്ന‌് ക്രൈംബ്രാഞ്ച‌്. ഇതിന‌ു പുറമെ വാഹനത്തിൽനിന്ന‌് പണവും കണ്ടെടുത്തിരുന്നു. രണ്ടുലക്ഷത്തിലധികം രൂപയാണുണ്ടായിരുന്നത‌്. വടക്കുംനാഥ ക്ഷേത്രത്തിൽ ബാലഭാസ‌്കറിനായുള്ള വഴിപാടിനുള്ള ചടങ്ങുകൾ ഏർപ്പാടാക്കിയത‌് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയുടെ മകനാണ‌്. മൂന്നുദിവസത്തെ ചടങ്ങായിരുന്നു ഇത‌്. എന്നാൽ, അവസാന ദിവസം ചടങ്ങ‌് വൈകി.  സ്ഥലത്ത‌് രക്തസാന്നിധ്യം കണ്ടെതിനെത്തുടർന്നാണ‌് ഇത‌്. പിന്നീട‌് ശുദ്ധിക്രിയക്ക‌ുശേഷമാണ‌് ചടങ്ങ‌് പുനരാരംഭിച്ചത‌്.

ബാലഭാസ‌്കറുമായി ചേർന്നുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട‌് പാലക്കാട്ടെ ആയുർവേദ ആശുപത്രി നടത്തിപ്പുകാരുടെ മൊഴി വിശ്വസനീയം അല്ലെന്നാണ‌് ക്രൈംബ്രാഞ്ച‌് നിഗമനം. പ്രകാശൻ തമ്പിയെയും വിഷ‌്ണുവിനെയും പരിചയമുണ്ടെന്നും ഇവർ മൊഴി നൽകിയിരുന്നു. ബാലഭാസ‌്കർവഴിയുള്ള പരിചയം എന്നാണ‌് പറഞ്ഞത‌്. ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയായ ലതയ‌്ക്കും ഭർത്താവ‌് ഡോ. രവീന്ദ്രനും പത്ത‌ുലക്ഷം രൂപ വായ‌്പ നൽകിയതായി തെളിയിക്കുന്നതുൾപ്പെടെയുള്ള രേഖകൾ ശേഖരിച്ചിട്ടുണ്ട‌്. ഇതിന‌ു പുറമെ ആശുപത്രി നടത്തിപ്പുകാർക്കെതിരെ കോഴിക്കോട‌് സ്വദേശി കരാറുകാരൻ നൽകിയ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചു. നിർമാണ ഇനത്തിൽ പണം തരാനുണ്ടെന്ന‌ു കാട്ടിയാണ‌് ഇയാൾ പരാതി നൽകിയിരിക്കുന്നത‌്. പരാതിയിൽ ബാലഭാസ‌്കറിന്റെ പേരും പരാമർശിക്കുന്നുണ്ട‌്. ബാലഭാസ‌്കറിന‌ുംകൂടി പങ്കാളിത്തമുള്ള സംരംഭമാണെന്ന‌് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണത്തെതുടർന്നാണ‌് കാശിന്റെ കാര്യത്തിൽ പ്രയാസം നേരിട്ടതെന്നും പരാതിയിലുണ്ട‌്. പരാതിയിൽ കേസെടുത്തതായി ചെർപ്പുളശേരി സിഐ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top