06 December Friday

കോസ്റ്റ്‌ ഗാർഡ്‌ അക്കാദമി കേരളത്തിനില്ല; പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

ന്യൂഡൽഹി > എട്ടുവർഷമായി കേരളം കാത്തിരിക്കുന്ന കണ്ണൂർ അഴീക്കൽ ഇരിണാവിലെ കോസ്റ്റ്‌ ഗാർഡ്‌ അക്കാദമി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.  കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകാത്തതിനാലാണ്‌ പദ്ധതി ഉപേക്ഷിച്ചതെന്ന്‌ പ്രതിരോധ സഹമന്ത്രി ശ്രീപദ്‌നായിക്‌ രാജ്യസഭയിൽ സിപിഐ എം ഉപനേതാവ്‌ എളമരം കരീമിനെ അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക് സ്ഥലം കൈമാറി പ്രാരംഭ നടപടിയെടുത്തത്‌. പദ്ധതിപ്രദേശം സിആർഇസഡ്‌–- 1എ മേഖല ആയതിനാല്‍  നിർമാണപ്രവർത്തനം അനുവദനീയമല്ലെന്നാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ വിശദീകരണം.

അക്കാദമി കർണാടകത്തിലേക്ക്‌ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്‌ ഉപേക്ഷിച്ചെന്ന സ്ഥിരീകരണം. കർണാടക സർക്കാർ മംഗലാപുരത്തിനു സമീപം ബൈക്കംപാടിയിൽ 160 ഏക്കർ  ഏറ്റെടുത്ത്‌ കേന്ദ്രത്തിന്‌ കൈമാറി. കേന്ദ്രമന്ത്രി നിർമല സീതാരാമനും കോസ്റ്റ്‌ ഗാർഡ്‌ ഡയറക്ടറും പ്രദേശം സന്ദർശിച്ചു. പദ്ധതി മാറ്റരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരള തീരദേശപരിപാലന അതോറിറ്റി 2015ൽ പദ്ധതിക്ക്‌ അനുമതി നൽകിയതും കത്തിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, കേന്ദ്രം അനുകൂല നിലപാടെടുത്തില്ല.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എളമരം കരീം വ്യവസായമന്ത്രിയായിരിക്കെയാണ്‌ കിൻഫ്രയുടെ 167 ഏക്കർ സ്ഥലം ഏറ്റെടുത്ത്‌ നൽകിയത്‌. 2009ൽ പദ്ധതിക്ക്‌ കേന്ദ്രാംഗീകാരം ലഭിച്ചു. 2011ൽ യുഡിഎഫ്‌ സർക്കാർ തറക്കല്ലിട്ടു. എ കെ ആന്റണി പ്രതിരോധമന്ത്രിയായി 2014 വരെയും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി 2016 വരെയും തുടർന്നിട്ടും പദ്ധതി ഒരിഞ്ച് മുന്നോട്ട് പോയില്ല. 2014ൽ അധികാരത്തിൽ വന്ന മോഡി സർക്കാരും താൽപ്പര്യമെടുത്തില്ല. കേരളത്തോടുള്ള മോഡി സർക്കാരിന്റെ അവഗണനയ്‌ക്ക്‌ മറ്റൊരു ഉദാഹരണമാണിതെന്ന് എളമരം കരീം പറഞ്ഞു. കോസ്റ്റ്‌ ഗാർഡ്‌ അക്കാദമി തീരദേശത്തല്ലാതെ സ്ഥാപിക്കാനാകില്ല. പദ്ധതി മറ്റെങ്ങോട്ടോ മാറ്റാനുള്ള നീക്കമാണെന്നും എളമരം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top