04 April Saturday

- അവിനാശി ദുരന്തം: ലോറി ഡ്രൈവർ റിമാൻഡിൽ; മനഃപൂർവമല്ലാത്ത നരഹത്യക്ക‌് കേസ‌്

സ്വന്തം ലേഖകൻUpdated: Saturday Feb 22, 2020

കോയമ്പത്തൂര്‍> അവിനാശിയിൽ കെഎസ്‌ആർടിസി ബസിൽ കണ്ടെയ്‌നർ ലോറിയിടിച്ച്‌ 19പേരുടെ മരണനിടയാക്കിയ ലോറി ഡ്രൈവർ  റിമാൻഡിൽ. കണ്ടെയ്‌നർ ലോറി ഡ്രൈവർ ഒറ്റപ്പാലം ചെറുമുണ്ടശേരി കൊല്ലത്തുംകുടി കെ എ  ഹേമരാജിനെ ആണ്‌ വെള്ളിയാഴ്‌ച തിരുപ്പൂർ ചീഫ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റ‌് കോടതി 15 ദിവസത്തേക്ക‌് റിമാൻഡ‌് ചെയ‌്തത്‌.  ഇയാളെ കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഹേമരാജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക്‌ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ‌് കേസെടുത്തത‌്.  ഇയാളുടെ ഡ്രൈവിങ് ലൈസൻസ്‌ സസ്‌പെൻഡു ചെയ്യാനും നടപടി  സ്വീകരിക്കും.  ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിന്‌ കാരണമായതെന്നു  ഹേമരാജ്‌ പൊലീസിനു മൊഴി നൽകി. ലോറി ഡിവൈഡറിൽ ഇടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഡിവൈഡറിൽ ഇടിച്ച് കയറിയതിന്റെ ആഘാതത്തിൽ ലോറി  ഇരട്ടിപ്രഹരത്തിൽ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു – അവിനാശി പൊലീസിന്റെ  ചോദ്യം ചെയ്യലിൽ ഹേമരാജ്‌ വെളിപ്പടുത്തി. ഹേമരാജ‌് വ്യാഴാഴ‌്ച പകൽ മൂന്നോടെ തിരുമുരുകൻപൂണ്ടി പൊലീസ‌് സ‌്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ബം​ഗളൂരുവില്‍ സ്ഥിരതാമസക്കാരനായ തൃശൂര്‍ തൃക്കൂര്‍ സ്വദേശിയുമായ  കിരൺകുമാറിന്റെ മൃതദേഹം വെള്ളിയാഴ‌്ച പോസ‌്റ്റ‌്മോർട്ടത്തിനു  ശേഷം  കര്‍ണാടകയിലെ തുംകൂറിലേക്ക്  കൊണ്ടുപോയി.  ബന്ധുക്കൾ എത്താത്തതിനെതുടർന്ന‌് വ്യാഴാഴ‌്ച പോസ‌്റ്റ‌്മോർട്ടം ചെയ‌്തിരുന്നില്ല.  വെള്ളിയാഴ്ച രാവിലെ   ബന്ധുക്കൾ തിരുപ്പൂർ ജില്ലാ ആശുപത്രിയിൽ എത്തി പോസ‌്റ്റ‌്മോർട്ടത്തിന്  ശേഷം മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top