07 July Tuesday

ഇനി കാണില്ലല്ലോ... എംസി

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

സന്ദീപ് എസ് കുമാര്‍

അങ്കമാലി
അബുദാബിയിൽനിന്ന്‌ അടുത്തയാഴ്‌ച അവധിക്ക്‌ വരാനിരുന്നതാണ്‌ അങ്കമാലി സ്വദേശി നിവിൻ വർഗീസ്‌. നാട്ടിലെത്തുമ്പോൾ കാണാമെന്ന്‌ ഉറ്റ സുഹൃത്ത്‌ എംസി കെ മാത്യുവിന്‌ ഉറപ്പുനൽകിയിരുന്നു. ബംഗളൂരു മൈൻഡ്‌ ട്രീ ഐടി കമ്പനിയിൽ ജോലി ചെയ്‌തിരുന്ന എംസിയും കാണാമെന്ന്‌ വാക്കുനൽകി.

പക്ഷേ, അബുദാബിയിൽ മാർക്കറ്റിങ് മാനേജരായ നിവിൻ വ്യാഴാഴ്‌ച നാട്ടിലെത്തിയത്‌ എംസിയുടെ ചേതനയറ്റ ശരീരം ഒരുനോക്കു കാണാനായിരുന്നു. സഹപാഠിയും നാട്ടുകാരനുമായ എംസി അവിനാശിയിലെ ബസപകടത്തിൽ മരിച്ചതിന്റെ ആഘാതത്തിലാണ്‌ അങ്കമാലി പഴയ മാർക്കറ്റ്‌ റോഡിൽ താമസിക്കുന്ന ലവന്തിങ്കൽ വീട്ടിൽ നിവിൻ.

ഇരുവരും ആലുവ യുസി കോളേജിലാണ്‌ പഠിച്ചത്‌. ഒരുവർഷംമുമ്പ്‌ അവസാനമായി കണ്ടു. ഇടയ്‌ക്ക്‌ വിളിക്കുമായിരുന്നു. മരണവാർത്ത സുഹൃത്തുക്കളിൽനിന്നാണ്‌ അറിഞ്ഞത്. സുഹൃത്തുക്കൾക്ക്‌ സ്വന്തംവീട്ടിലെ ഒരംഗത്തിനെ പോലെയായിരുന്നു എംസി. നിവിന്റെ സഹോദരി നീന ക്യാൻസർബാധിച്ച്‌ മരിച്ചപ്പോൾ എംസിയാണ്‌ കൈത്താങ്ങായത്‌.

ദുബായിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന സുഹൃത്ത്‌ സന്ദീപ്‌ എസ്‌ കുമാറിനും എംസി എന്ന സ്‌നേഹസമ്പന്നനായ സുഹൃത്തിനെക്കുറിച്ചാണ്‌ പറയാനുണ്ടായിരുന്നത്‌. ആലുവ യുസി കോളേജിൽ ഒന്നിച്ചുപഠിച്ച ഇരുവരും ബംഗളൂരുവിൽ വിപ്രോ കമ്പനിയിൽ ഒരുമിച്ചുണ്ടായിരുന്നു. ‘‘മരിച്ചവരെക്കുറിച്ച്‌ ഒരുകുറ്റവും പറയരുതെന്നാണ്‌. എന്നാൽ, ഇവനെക്കുറിച്ച്‌ പറയാൻ ഞങ്ങൾക്ക്‌ യാതൊരു കുറ്റവുമില്ല’’... നിറഞ്ഞ മിഴികളോടെ  സന്ദീപ്‌ ഓർമിച്ചു. കോളേജിൽ ഒപ്പം പഠിച്ചിരുന്നവരും അല്ലാത്തവരുമായി നിരവധി പേർ എംസിയെ അവസാനമായി കാണാനെത്തി.


പ്രധാന വാർത്തകൾ
 Top