03 April Friday
മലയാളികൾ ഏറെ ആശ്രയിച്ചിരുന്ന കൊച്ചിയിൽനിന്നുള്ള രണ്ടു ബംഗളൂരു സർവീസുകളിലൊന്നായിരുന്നു ഇത്‌

വൈകിയ യാത്രയിൽ പതിയിരുന്ന അപകടം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


സ്വന്തം ലേഖകൻ
ആവശ്യത്തിന്‌ റിസർവേഷൻ ഇല്ലാത്തതിനാൽ കെഎസ്‌ആർടിസിയുടെ മൾട്ടി ആക്‌സിൽ വോൾവോ ബസിന്റെ ഒരുദിവസം വൈകിയാരംഭിച്ച യാത്രയാണ്‌ വൻദുരന്തത്തിൽ കലാശിച്ചത്‌. മലയാളികൾ ഏറെ ആശ്രയിച്ചിരുന്ന കൊച്ചിയിൽനിന്നുള്ള രണ്ടു ബംഗളൂരു സർവീസുകളിലൊന്നായിരുന്നു ഇത്‌.

തിങ്കളാഴ്‌ച രാത്രി ഏഴിനാണ്‌ ബൈജുവിന്റെയും ഗിരീഷിന്റെയും സാരഥ്യത്തിൽ ഗരുഡ ബസ്‌ ബംഗളൂരുവിലേക്ക്‌ പുറപ്പെട്ടത്‌. അവിടെനിന്ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ തിരിച്ചുപോരേണ്ടതായിരുന്നു. എന്നാൽ, ആവശ്യത്തിന്‌ റിസർവേഷൻ ഇല്ലാതിരുന്നതിനാൽ യാത്ര റദ്ദാക്കി. ശിവരാത്രി അടുത്തതിനാൽ ഒരുദിവസം വൈകിച്ചാൽ ആവശ്യത്തിന്‌ യാത്രക്കാരുണ്ടാകുമെന്ന്‌ കണക്കാക്കി. അത്തരം ക്രമീകരണങ്ങൾ സാധാരണ നടത്താറുണ്ടെന്ന്‌ എറണാകുളം ഡിടിഒ  വി എം താജുദീൻ പറഞ്ഞു.

പ്രതീക്ഷിച്ചപോലെ ബുധനാഴ്‌ചത്തേക്ക്‌ മാറ്റിയ സർവീസിൽ കൂടുതൽ റിസർവേഷൻ എത്തി. പലരും ശിവരാത്രി അവധിക്ക്‌ നാട്ടിൽ പോകുന്നവരായിരുന്നു. ആകെ 49 സീറ്റുള്ളതിൽ 48ലും യാത്രികർ റിസർവ്‌ ചെയ്‌തു. എന്നാൽ, ഓട്ടം തുടങ്ങിയ ബംഗളൂരു പീനിയ ബസ്‌ സ്‌റ്റാൻഡിൽനിന്ന്‌ നാല്‌ യാത്രികർ മാത്രമാണ്‌ കയറാനുണ്ടായിരുന്നത്‌. തുടർന്നുള്ള സ്‌റ്റീൽ സിറ്റി, സാറ്റലൈറ്റ്‌ ബസ്‌ സ്‌റ്റാൻഡ്‌, ശാന്തിനഗർ ബിഎംടിസി, ക്രൈസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി,  മാഡിവാല, ബൊമ്മനഹള്ളി, ഇലക്‌ട്രോണിക്‌ സിറ്റി എന്നിവിടങ്ങളിൽനിന്ന്‌ യാത്രക്കാർ കയറിയതോടെ മുഴുവൻ സീറ്റിലും ആളായി.

വൈകിട്ട്‌ ആറരയോടെ പീനിയയിൽനിന്ന്‌ ബസ്‌ എടുത്തെങ്കിലും ആദ്യ സ്‌റ്റോപ്പുകളിൽ ചിലയിടത്ത്‌ യാത്രികരെ കാത്തുകിടന്നതിനാൽ ക്രൈസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി ബസ്‌ സ്‌റ്റാൻഡിൽ എത്തുമ്പോൾ നിശ്‌ചയിച്ചതിലും മുക്കാൽമണിക്കൂറോളം വൈകി. ഹൊസൂർമുതൽ എറണാകുളംവരെയുള്ള യാത്രയിൽ റിസർവേഷൻ ചാർട്ടുപ്രകാരം പുതിയ യാത്രക്കാർ കയറാനുണ്ടായിരുന്നില്ല. അതിനാൽ നിശ്‌ചയിച്ചപ്രകാരം പുലർച്ചെ അഞ്ചരയോടെ എറണാകുളത്ത്‌ എത്താൻ പ്രയാസമുണ്ടായിരുന്നില്ല.  എന്നാൽ, യാത്രാമധ്യേ വഴിമാറി ഓടിക്കയറിയ മരണം കണക്കുകൂട്ടലുകളൊക്കെ തകർത്തു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top