18 September Saturday

നിയമസഭാ തെരഞ്ഞെടുപ്പ്‌; പത്തനംതിട്ടയിൽ തോൽപ്പിച്ചത്‌ 
നേതാക്കളെന്ന്‌ പരാതി

സ്വന്തം ലേഖികUpdated: Thursday Jul 29, 2021
പത്തനംതിട്ട > നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‌ കാരണം ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വം തന്നെയെന്ന്‌ സ്ഥാനാർഥികളും കോൺഗ്രസ്‌ ഭാരവാഹികളും. തോൽവി പഠിക്കാൻ നിയോഗിച്ച കെപിസിസി സമിതി നടത്തിയ തെളിവെടുപ്പിലാണ്‌ അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങളിൽ ഡിസിസി പ്രസിഡന്റ്‌ അടക്കമുള്ള ജില്ലയിലെ പ്രധാന നേതാക്കളാണ്‌ പാർടിയെ തോൽപിച്ചതെന്ന്‌ പരാതി ലഭിച്ചത്‌. അടൂർ മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിലേക്ക്‌ നേതാക്കൾ തിരിഞ്ഞുനോക്കിയില്ല.
 
ദേശീയ നേതാക്കൾ എത്തിയപ്പോൾ അടൂർ മണ്ഡലത്തെ അവഗണിച്ചു. തിരുവല്ല മണ്ഡലത്തിലെ തോൽവിക്ക്‌ മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യനെതിരെയും കോൺഗ്രസ്‌ ഭാരവാഹികൾ പരാതിയുമായി രംഗത്തെത്തി. കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിനകത്തെ ചേരിതിരിവുകളും തിരുവല്ലയിൽ തോൽവിക്ക്‌ ഇടയാക്കി. മണ്ഡലങ്ങളിലെ യുഡിഎഫ്‌ സ്ഥാനാർഥികളും ഭാരവാഹികളും നേരിട്ടെത്തിയാണ്‌ പരാതി നൽകിയത്‌.
 
റാന്നിയിലെ യുഡിഎഫ്‌ സ്ഥാനാർഥിയെ തോൽപിക്കാൻ ഡിസിസി ഭാരവാഹികൾ ഒത്തുചേർന്ന്‌ പ്രവർത്തിച്ചു. സംഘടനയുടെ താഴേത്തട്ടിലുള്ളവർ പറയുന്നതിന്‌ വില നൽകാത്ത ഡിസിസി പ്രസിഡന്റും ഡിസിസി പ്രസിഡന്റിന്റെ അഭിപ്രായങ്ങളോട്‌ യോജിക്കാനാവാത്ത പ്രവർത്തകരും തോൽവിക്ക്‌ മറ്റൊരു കാരണമായി. സ്ഥാനാർഥി നിർണയം മുതൽ തുടങ്ങിയ തമ്മിലടി തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിലും പ്രതിഫലിച്ചു. ബൂത്ത്‌ തലത്തിൽ പ്രവർത്തനങ്ങളെല്ലാം പാളി. സ്ഥാനാർഥികളുടെ അഭ്യർഥനകൾ പോലും ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിലെ തർക്കവും കോൺഗ്രസ്‌ പ്രവർത്തകരിൽ അവമതിപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്‌.
 
ദിവസേന പാർടി വിട്ട്‌ പ്രവർത്തകർ പോകുന്നതിന്റെ ഉത്തരവാദിത്തവും നേതൃത്വത്തിനാണെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകർ പറയുന്നു. കോന്നി, ആറന്മുള മണ്ഡലങ്ങളിലെ തോൽവിയുമായി ബന്ധപ്പെട്ട തെളിവെടുപ്പ്‌ ആഗസ്‌റ്റ്‌ അഞ്ചിന്‌ നടക്കും. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം യുഡിഎഫിന്‌ നഷ്ടമായതും വരും ദിവസങ്ങളിൽ നേതൃത്വത്തിന്‌ തിരിച്ചടിയാവാനാണ്‌ സാധ്യത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top