23 April Friday

സീറ്റ്‌ തർക്കം കീറാമുട്ടി; കോൺഗ്രസിൽ കലാപം രൂക്ഷമായി; മുല്ലപ്പള്ളി പിൻവാങ്ങി

പ്രത്യേക ലേഖകൻUpdated: Wednesday Mar 3, 2021

തിരുവനന്തപുരം > സീറ്റ്‌ വിഭജനവും വച്ചുമാറലും യുഡിഎഫിൽ കീറാമുട്ടിയായതോടെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മത്സരരംഗത്തുനിന്ന്‌പിൻവാങ്ങി. ചങ്ങനാശേരി, മൂവാറ്റുപുഴ സീറ്റുകളെച്ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസും പരസ്യഏറ്റുമുട്ടലിലാണ്‌.

തിരുവല്ല കേരള കോൺഗ്രസിനും കയ്‌പ്പമംഗലം ആർഎസ്‌പിക്കും വിട്ടുകൊടുത്താൽ തെരഞ്ഞെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കുമെന്ന്‌ യൂത്ത്‌ കോൺഗ്രസിന്റെ ഭീഷണിയുമുണ്ട്‌. ഇതിനിടെ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥും വ്യക്തമാക്കി.

ചടയമംഗലവും ചേലക്കരയും മുസ്ലിംലീഗിന്‌ നൽകാനുള്ള നീക്കത്തിലും കോൺഗ്രസിൽ കലാപം രൂക്ഷമായി. അണികളില്ലാത്ത സി പി ജോണിന്റെ സിഎംപി, ഫോർവേഡ്‌ ബ്ലോക്ക്‌ എന്നിവയ്‌ക്ക്‌ അമിത പ്രധാന്യം കൊടുക്കരുതെന്ന്‌ ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുണ്ട്‌.

സ്‌ക്രീനിങ്‌ കമ്മിറ്റിയെ നിയോഗിച്ചു

തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ തീരുമാനിക്കാൻ ഹൈക്കമാൻഡ്‌ സ്‌ക്രീനിങ്‌ കമ്മിറ്റിയെ നിയോഗിച്ചു. ഒമ്പതംഗ കമ്മിറ്റിയുടെ ചെയർമാൻ എച്ച് കെ പാട്ടീലാണ്‌.

ഡുഡ്ഡില്ല ശ്രീധർ ബാബു, പ്രനീതി ഷിൻഡെ, താരീഖ്‌ അൻവർ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്‌ ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ സമിതിയിലുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരും  അംഗങ്ങളാണ്.

ഇരിപ്പുറയ്‌ക്കാതെ മുല്ലപ്പള്ളി

സ്ഥാനാർഥി നിർണയ ചർച്ചയ്‌ക്ക്‌ ചേർന്ന തെരഞ്ഞെടുപ്പ്‌ സമിതി യോഗത്തിലാണ്‌  മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, പി ജെ കുര്യൻ, കെ മുരളീധരൻ എന്നിവർ മത്സരിക്കാനില്ലെന്ന്‌ അറിയിച്ചത്‌. യുഡിഎഫിന്‌ വിജയസാധ്യതയില്ലെന്ന സർവേ ഫലങ്ങളും എഐസിസി നിയോഗിച്ച  ഏജൻസിയുടെ റിപ്പോർട്ടും കണക്കിലെടുത്താണ്‌ പിന്മാറ്റം. മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാർഥിയാക്കി കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേ‌ക്ക്‌ കെ സുധാകരനെ കൊണ്ടുവരാനായിരുന്നു നീക്കം. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പ്രസിഡന്റ്‌ സ്ഥാനവും പോകുമെന്നതാണ്‌ മുല്ലപ്പള്ളിയുടെ വീണ്ടുവിചാരത്തിന്‌ കാരണം. കൽപ്പറ്റ, കണ്ണൂർ, കൊയിലാണ്ടി എന്നിവയിലേതെങ്കിലും ഒന്നിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മുല്ലപ്പള്ളി.

കേരള കോൺഗ്രസുമായുള്ള സീറ്റ്‌ തർക്കം തീർക്കാനുള്ള ചർച്ചകളും വഴിമുട്ടി. ചങ്ങനാശ്ശേരിക്ക്‌ പകരം മൂവാറ്റുപുഴയെന്ന കോൺഗ്രസ്‌ ഫോർമുല  പി ജെ ജോസഫ്‌ തള്ളി. മൂവാറ്റുപുഴ എടുത്താലും ചങ്ങനാശ്ശേരി വിടില്ലെന്നാണ്‌ ജോസഫിന്റെ നിലപാട്‌. മൂവാറ്റുപുഴ വിട്ടുകൊടുക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ജോസഫ്‌ വാഴ‌ക്കന്റെ നേതൃത്വത്തിൽ പരസ്യമായി രംഗത്തുവന്നതും തിരിച്ചടിയായി. തിരുവല്ല സീറ്റ്‌ ഏറ്റെടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കുമെന്ന്‌ മണ്ഡലം കമ്മിറ്റി കെപിസിസിക്ക്‌ കത്ത്‌ നൽകി.

മുസ്ലിംലീഗിന്‌ 27 സീറ്റ്‌ നൽകാൻ ധാരണയായെങ്കിലും ചേലക്കരയും ചടയമംഗലവും നൽകരുതെന്ന്‌  കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ലീഗിലെ സ്ഥാനാർഥി നിർണയവും തർക്കത്തിലാണ്‌. അഴീക്കോട്‌ മത്സരത്തിനില്ലെന്ന്‌ പറഞ്ഞ കെ എം ഷാജിയെ കാസർകോട്‌ ഉൾപ്പെടുത്തി. പാലാരിവട്ടം അഴിമതി കേസിൽ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിന്‌ പകരം മകനെ സ്ഥാനാർഥിയാക്കാൻ ലീഗ്‌ തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top