21 June Monday

കോൺഗ്രസിനോടും ബിജെപിയോടും ചില നിർദ്ദേശങ്ങൾ; എൻ പ്രഭാകരൻ എഴുതുന്നു....

എൻ പ്രഭാകരൻUpdated: Friday May 7, 2021
തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ കോൺഗ്രസ്സും ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കേരളത്തിലെ ഒരു സാധാരണ പൗരൻ എന്ന നിലയ്ക്ക് അവർക്കു മുന്നിൽ ചില നിർദ്ദേശങ്ങൾ വെക്കുകയാണ്.
ആദ്യം കോൺഗ്രസ്സുകാരോട്:
 
നിങ്ങളുടെ പാർട്ടിയുടെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം അതിന് ഒരു രാഷ്ട്രീയമില്ല എന്നതാണ്.കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ ഒരു സോപ്പോ സാനിറ്റൈസറോ മാസ്‌കോ പോലും സംഭാവന ചെയ്യാതെ 'സംസ്ഥാനത്ത് കോവിഡ് പടരുന്നേ,പടരുന്നേ' എന്ന് ആഹ്ലാദപൂർവമെന്ന പ്രതീതിയുണ്ടാക്കും വിധം വിളിച്ചു കൂവുന്നത്  രാഷ്ട്രീയമല്ല.നേതാക്കൾ രാവിലെയും വൈകീട്ടും പരസ്പരം അധിക്ഷേപി ക്കുന്നതും പരിഹസിക്കുന്നതും രാഷ്ട്രീയമല്ല.അന്യോന്യം ചെറുതാക്കാനുള്ള ശ്രമം മൂർധന്യത്തിലെത്തി ഇലക്ഷന്റെ തലേ ദിവസം ഒരു കോൺഗ്രസ് നേതാവിനു തന്നെ കേരളത്തിൽ കോൺഗ്രസ് എന്നൊരു പാർട്ടിയില്ല എന്നു പ്രസ്താവിക്കേണ്ടി  വരുന്നത് രാഷ്ട്രീയമല്ല.
 
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ,സമ്പദ് ഘടനയുടെ ഇന്നത്തെ അവസ്ഥയെ നിങ്ങൾ എങ്ങനെയാണ് വിലയിരുത്തുന്നത്?, ആഗോളവൽക്കരണം ഇന്ത്യയെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത് എന്ന് നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ?,നിങ്ങൾക്ക് ഒരു വിദ്യാഭ്യാസ നയം ഉണ്ടോ?, സാംസ്‌കാരിക മേഖലയിൽ നടത്തേണ്ടുന്ന പ്രവർത്തനങ്ങളെപ്പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?.
 
നല്ലൊരു ഗ്രന്ഥാലയമോ കലാസമിതി യോ നടത്തിക്കൊണ്ടുപോവാനുള്ള ശേഷി പോലും ഇല്ലാത്ത അവസ്ഥ യിലാണ് നിങ്ങൾ എന്ന കാര്യം ചിന്തിച്ചിട്ടുണ്ടോ?,കോൺഗ്രസ്സിന്റെ ചരിത്രം പഠിക്കുന്നതിൽ പോലും കോൺഗ്രസ്സുകാർക്ക് താൽപര്യമില്ലെ ന്ന കാര്യം നിങ്ങൾ നിങ്ങളുടെ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്‌തിട്ടുണ്ടോ?, മറ്റൊന്നും, ഒരു രാഷ്ട്രീയവും പറയാനില്ലാത്തതു കൊണ്ടല്ലേ  ശബരിമലയിലെ ആചാരസംരക്ഷണം ഒരേയൊരു വാഗ്ദാനമായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാമെന്ന് നിങ്ങളുടെ  ഒരഖിലേന്ത്യാനേതാവ് പോലും ചിന്തിച്ചുപോയത്.
 
ഇത് അങ്ങേയറ്റം അപമാനകരമായ അവസ്ഥയല്ലേ?. ഇങ്ങനെയൊക്കെയാണെങ്കിലും, കോൺഗ്രസ് നിലനിൽക്കുന്നത് രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യുമെന്നു തന്നെയാണ് ഞാൻ ഇപ്പോഴും കരുതുന്നത്.ഇപ്പോൾ അങ്ങിങ്ങായി അറ്റു തുടങ്ങിയിട്ടുണ്ടെ ങ്കിലും രാജ്യം മുഴുവൻ വേരുകളുള്ള ഒരു പാർട്ടിയാണ് കോൺഗ്രസ്. വലിയ സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച,ഏറ്റവും പ്രഗത്ഭരും സത്യസന്ധരുമായ മന്ത്രിമാരുടെ സാന്നിധ്യം കൊണ്ട് വലിയ മതിപ്പുണ്ടാക്കിയ ഇ.എം.എസ് ഗവണ്മെന്റിനെ പിരിച്ചു വിടുന്നതിലേക്ക് നയിച്ച വിമോചനസമരത്തിന്റെ സംഘാടനത്തിലൂടെ ശീലിച്ചുപോയ കാപട്യം ഒഴിയാബാധയായി ഇപ്പോഴും നിങ്ങളെ പിന്തുടരുന്നതു കാരണം കേരളം നിങ്ങളിൽ നിന്ന് വളരെ കാര്യമായി ഒന്നും പ്രതീക്ഷിക്കുന്നില്ലെ ങ്കിലും  നന്നാകാനുള്ള സാധ്യത എന്നെന്നേക്കുമായി ഉപേക്ഷിച്ച് അനാവശ്യമായിത്തീർന്ന ഒരു പാർട്ടിയാണ് നിങ്ങളുടേത് എന്നു ഞാൻ കരുതുന്നില്ല.
 
സത്യസന്ധതയും പ്രവർത്തനശേഷിയും വീണ്ടെടുത്ത്  നിങ്ങൾക്ക് തിരിച്ചു വരാൻ പറ്റുമെങ്കിൽ നല്ലത്.( നയങ്ങളിൽ വ്യത്യസ്തമായിരിക്കെത്തന്നെ ഏതാണ്ട് തുല്യഅളവിൽ രാഷ്ട്രീയ സത്യസന്ധതയും പ്രവർത്തന സന്നദ്ധതയും ഉള്ള ഒന്നിലധികം പാർട്ടികൾ ഉണ്ടാവുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ.) രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങൾക്കാണെങ്കിൽ നിങ്ങളെ ഏറെ ആവശ്യമുണ്ടു താനും.നന്നായി മനസ്സ് വെക്കുകയാണെങ്കിൽ, ഇന്ത്യയെ ഒരു മതേതരജനാധിപത്യ രാജ്യമായി നിലനിർത്തുന്നതിൽ കോൺഗ്രസ്സിന് വലിയ സംഭാവനകൾ നൽകാൻ കഴിയും.പക്ഷേ, അന്തമറ്റ അധികാരാസക്തിയും അലസതയും നേതാക്കളുടെ അഹന്തയും സർവോപരി അരാഷ്ട്രീയതയും കൊണ്ട് സ്വയം ഇല്ലാതാകാൻ തീരുമാനിച്ചാൽ പിന്നെ എത്രപേർ ആഗ്രഹിച്ചാലും നിങ്ങളെ രക്ഷിക്കാനാവില്ല.
 
ഇനി ബി.ജെ.പിക്കാരോട് : നിങ്ങൾ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നതിനു വേണ്ടി അധികം സമയം പാഴേക്കേണ്ട.നിങ്ങളുടെ രാഷ്ട്രീയം കേരളത്തിന് വേണ്ട.അത് സ്വയം ബോധ്യപ്പെടുക. അഖിലേന്ത്യാ നേതാക്കളെ ബോധ്യപ്പെടുത്തുക.അതിനപ്പുറം പ്രത്യേകിച്ച് ഒന്നും തന്നെ നിങ്ങൾക്ക് ചെയ്യാനില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top