18 June Friday

'മതരാഷ്ട്രവാദി സര്‍ക്കാരിനുള്ള കേരളജനതയുടെ താക്കീതാണ്; കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ വഴിയേ പോകരുത്'

വെബ് ഡെസ്‌ക്‌Updated: Monday May 3, 2021

'മതരാഷ്ടവാദത്തിനെതിരെ ഒരുറച്ച മതേതര കേന്ദ്രസര്‍ക്കാരുണ്ടാക്കാന്‍ കഴിയും എന്നു തെറ്റിദ്ധരിച്ചാണ് മറ്റെല്ലാം മറന്ന് കണ്ണടച്ച് ജനങ്ങള്‍ 2019ല്‍ കോണ്‍ഗ്രസിന് സമ്മതിദാനം നല്‍കിയത്. ആ ജനവിധിയെ, എല്‍.ഡി.എഫ്.സര്‍ക്കാരിനെതിരായ വിധിയായി കണ്ടു തെറ്റിദ്ധരിച്ചു എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിനു പറ്റിയ ഏറ്റവും പ്രധാനമായ പിഴവ്. ജനവിധി ശബരിമല നിലപാടിന്റെ പ്രത്യാഘാതമെന്നും അവര്‍ കരുതി'; അശോകന്‍ ചരുവില്‍ എഴുതുന്നു

ഫേസ്ബുക്ക് പോസ്റ്റ്

ഒരു മതേതര രാഷ്ട്രീയപാര്‍ടിയാണെന്ന് കോണ്‍ഗ്രസിന് സ്വയം ബോധ്യമുണ്ടാകണം.നിയമസഭാ തെരഞ്ഞെടുപ്പിലെ മഹത്തായ ജനവിധി കേന്ദ്രം ഭരിക്കുന്ന കോര്‍പ്പറേറ്റ് മതരാഷ്ട്രവാദി സര്‍ക്കാരിനുള്ള കേരളജനതയുടെ താക്കീതാണ്. ബി.ജെ.പി.ക്ക് ഇവിടെയുണ്ടായിരുന്ന അക്കൗണ്ട് അപമാനകരമെന്ന് കണ്ട് ജനങ്ങള്‍ ക്ലോസ് ചെയ്തു. ജനരോഷത്തിനു മുന്നില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞുവെങ്കില്‍ അതിനു കാരണം ആ പാര്‍ടി ഇവിടെ ബി.ജെ.പി.യുടെ കയ്യാളായി നിന്നു എന്നതാണ്.

കമ്യൂണിസ്റ്റ്, സോഷിലിസ്റ്റ് പാര്‍ടികള്‍ പോലെ മതേതര ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ പാര്‍ടി കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങള്‍ക്കിടക്ക് ഇവിടെ എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്ന് ആലോചിക്കണം.. ശബരിമല കോടതി വിധിക്കെതിരെ അവര്‍ ആര്‍.എസ്.എസിന്റെ നിഴലായിട്ടാണ് പ്രവര്‍ത്തിച്ചത്. ആചാരം ലംഘിച്ചു ക്ഷേത്രപ്രതിഷ്ട നടത്തി നവോത്ഥാനത്തിന്റെ ദീപശിഖയുയര്‍ത്തിയ ഈ കേരളത്തില്‍, കോണ്‍ഗ്രസ് പാര്‍ടിയുടെ ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനം എന്തായിരുന്നു? 'ആചാരങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷ നല്‍കും.'

മതരാഷ്ടവാദത്തിനെതിരെ ഒരുറച്ച മതേതര കേന്ദ്രസര്‍ക്കാരുണ്ടാക്കാന്‍ കഴിയും എന്നു തെറ്റിദ്ധരിച്ചാണ് മറ്റെല്ലാം മറന്ന് കണ്ണടച്ച് ജനങ്ങള്‍ 2019ല്‍ കോണ്‍ഗ്രസിന് സമ്മതിദാനം നല്‍കിയത്. ആ ജനവിധിയെ, എല്‍.ഡി.എഫ്.സര്‍ക്കാരിനെതിരായ വിധിയായി കണ്ടു തെറ്റിദ്ധരിച്ചു എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിനു പറ്റിയ ഏറ്റവും പ്രധാനമായ പിഴവ്. ജനവിധി ശബരിമല നിലപാടിന്റെ പ്രത്യാഘാതമെന്നും അവര്‍ കരുതി. ജനാധിപത്യ ചിന്തക്ക് പ്രസക്തിയില്ലാത്ത ജീര്‍ണ്ണ സമൂഹമായി കേരളം മാറിക്കഴിഞ്ഞുവെന്നും ആ ജീര്‍ണ്ണതയില്‍ ആര്‍.എസ്.എസിനൊപ്പം പുളയ്ക്കാമെന്നും അവര്‍ തീരുമാനിച്ചു.

കോണ്‍ഗ്രസിന് ഇവിടെ ഇടമുണ്ട്. അതിന്റേതായ ഒരു ഇടം ഇവിടെ ആര്‍എസ്എസി നും ഉണ്ടാവാം. പക്ഷേ കോണ്‍ഗ്രസിനെ കേരളം സഹിക്കുകയില്ല. എന്തൊക്കെയാണ് കോണ്‍ഗ്രസും ആര്‍.എസ്.എസും ചേര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷം ഇവിടെ കാട്ടിക്കൂട്ടിയത്. രാഷ്ട്രീയവിരോധം കൊണ്ട് സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തെയും കോവിഡ് പ്രതിരോധ ശ്രമങ്ങളേയും അട്ടിമറിക്കാന്‍ ശ്രമിച്ചു.

ഇന്ത്യയിലെ കര്‍ഷകജനലക്ഷങ്ങള്‍ നരേന്ദ്രമോഡിക്കെതിരെ ഉജ്ജ്വലമായ സമരത്തില്‍ മുഴുകിയിരിക്കുന്ന കാലത്താണ് ഈ തെരഞ്ഞെടുപ്പ് നടന്നത് എന്ന് നമ്മള്‍ മറക്കരുത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ അവിടത്തെ മുസ്ലീം ന്യൂനപക്ഷത്തെ ചുട്ടുകളയാന്‍ ഇന്ധനം കൊടുത്തയാളാണ് മോഡി. ഇപ്പോള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ കോവിഡ് മഹാമാരിയില്‍ പെട്ട സ്വന്തം ജനതയെ (മതഭേദമില്ലാതെ) തെരുവിലേക്കും പിന്നെ ശ്മശാനത്തിലേക്കും വലിച്ചെറിയുകയാണ്. ഇതിന്റെ മുന്നിലാണ് പ്രതിസന്ധിയിലകപ്പെടുന്ന ജനതയെ വീടുമുതല്‍ പ്രാണവായു വരെ കൊടുത്തു സംരക്ഷിക്കുന്ന ഒരു ബദല്‍ സര്‍ക്കാരിനെ കേരളം അനുഭവിച്ചത്. തീര്‍ച്ചയായും ഈ വിജയം കേരളബദലിനുള്ള അംഗീകാരവും ബി.ജെ.പി.ക്കുള്ള താക്കീതുമാണ്.

കേന്ദ്രസര്‍ക്കാരിനെതിരെ കേരളം ഉയര്‍ത്തിപ്പിടിച്ച ഈ ബദലിന് അംഗീകാരം നല്‍കിയവരുടെ കൂട്ടത്തില്‍ ലക്ഷക്കണക്കിന് കോണ്‍ഗ്രസുകാരും ഉണ്ടെന്ന് ഈ തെരഞ്ഞെടുപ്പുവിജയം തെളിയിക്കുന്നു. കാരണം ആ പാര്‍ടിയില്‍ ഇപ്പോഴും ജനാധിപത്യ മതേതര വിശ്വാസികള്‍ ഉണ്ട്. തങ്ങളുടെ പാര്‍ടിയില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള മതതര ജനതയോട് നീതി പുലര്‍ത്താല്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാവണം. കമ്യൂണിസ്റ്റ് വിരോധത്തിന്റെ 'മഹനീയ' മാതൃക ഒരു പക്ഷേ ആര്‍.എസ്.എസ്. ആകാം. പക്ഷേ ആ വഴിയേ യാത്ര ചെയ്ത് കോണ്‍ഗ്രസ് നാമാവശേഷമാകരുത്. ദേശീയതലത്തിലെ പ്രതിപക്ഷകക്ഷി എന്ന നിലയില്‍ മതരാഷ്ട്രവാദത്തിനും കോര്‍പ്പറേറ്റ് മേധാവിത്തത്തിനും എതിരായ നയസമീപനങ്ങള്‍ സ്വീകരിക്കണം. ജനകീയ പ്രക്ഷോഭങ്ങളില്‍ ആ പാര്‍ടി ഭാഗഭാക്കാകണം.

ദയനീയമായ പരാജയമാണ് കോണ്‍ഗ്രസിന് ഇവിടെ ഉണ്ടായിരിക്കുന്നത്. എന്നുവെച്ച് ആ പാര്‍ടിയുടെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെടുന്നില്ല. പക്ഷേ ആത്മപരിശോധനക്കും തിരുത്തലിനും തയ്യാറാവണം. ഈ അവസരത്തില്‍ രണ്ടു കാര്യങ്ങളിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്തത്തിന്റെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നു.

1. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ വിരോധങ്ങള്‍ മാറ്റിവെച്ച് പങ്കാളിയാകണം.

2. കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് മതരാഷ്ട്രവാദീ നയങ്ങള്‍ക്കെതിരായ കേരളബദലിനെ കോണ്‍ഗ്രസ് അംഗീകരിക്കണം. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരായ പ്രതിരോധത്തിന്റെ ശരിയായ നേതൃത്വം കേരളത്തില്‍ ഇടതുപക്ഷമാണെന്ന് തിരിച്ചറിഞ്ഞ് അതിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ തയ്യാറാവണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top