17 June Monday

ഞങ്ങളെ ചുട്ടുകൊല്ലാൻ തീയിട്ടത‌് ചാനൽ അറിഞ്ഞില്ലേ: പീതാംബരന്റെ ഭാര്യ മഞ്ജു ഏഷ്യാനെറ്റ‌് ചാനലിന്റെ വഞ്ചന വെളിപ്പെടുത്തുന്നു

പി സുരേശൻUpdated: Friday Feb 22, 2019


പെരിയ കൊലക്കേസിലെ പ്രതി പീതാംബരന്റെ അടുത്ത ബന്ധുക്കളെ കാണിച്ച‌് സിപിഐ എം വിരുദ്ധ വാർത്ത ചമച്ച ഏഷ്യാനെറ്റ‌് ചാനൽ, വീടും പാഠപുസ‌്തകവും കോൺഗ്രസ‌് അക്രമികൾ കത്തിച്ചത‌് മറച്ചുവച്ചു.

‘തങ്ങളുടെ ജീവിത സമ്പാദ്യം കത്തിക്കരിഞ്ഞതും  ചാനലിനോട‌് പറഞ്ഞിരുന്നു, എന്നാലവർ അതൊന്നും കാണിച്ചില്ല.  ഞങ്ങളെ ചുട്ടുകൊല്ലുന്നതിനാണ‌് രാത്രിയിൽ വീടിന‌് തീയിട്ടത‌്. അത‌് ചാനൽ അറിഞ്ഞില്ലേ?’ പീതാംബരന്റെ ഭാര്യ മഞ‌്ജു ചാനലിന്റെ വഞ്ചന വെളിപ്പെടുത്തുന്നു.

സിപിഐ എമ്മിനെതിരെ വ്യാജവാർത്ത ചമയ‌്ക്കാൻ  ചാനൽ സംഘമെത്തിയത‌് പാതിരാത്രി. പെരിയ കല്യോട്ടെ കോൺഗ്രസ‌് പ്രവർത്തകരുടെ  കൊലപാതകക്കേസിൽ അറസ‌്റ്റിലായ കുടുംബനാഥന‌് രക്ഷപ്പെടാൻ സഹായകമായ കാര്യങ്ങളുണ്ടെന്ന‌് അറിയിച്ചപ്പോഴാണ‌് അവരോട‌് സംസാരിക്കാൻ തയ്യാറായത‌്. ഭയത്തിന്റെയും ഭീഷണിയുടെയും നിഴലിൽ കഴിയുന്ന കുടുംബത്തിന്റെ മാനസികാവസ്ഥ ചൂഷണംചെയ്യാൻ ചാനൽസംഘം കെണിയൊരുക്കുകയായിരുന്നു. 

‘നിങ്ങളുടെ ഭർത്താവിനെ പാർടിയിൽനിന്ന‌് പുറത്താക്കി. ഇനി പാർടി സംരക്ഷിക്കില്ല. എന്തിനാണ‌് നിങ്ങൾ പാർടിക്കൊപ്പം നിൽക്കുന്നത‌്. ജയിലിൽ പോയത‌് പാർടിക്കുവേണ്ടിയല്ലേ. പാർടിക്ക‌് വേണ്ടിയല്ലേ കൊന്നത‌്’. ഇതായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.

‘എന്റെ അപ്പോഴത്തെ മാനസികാവസ്ഥ ചാനൽ മുതലെടുക്കുകയായിരുന്നു. വാർത്തകണ്ടപ്പോഴാണ‌് പാർടിക്കെതിരെ ഉപയോഗിക്കാനാണെന്ന‌് മനസ്സിലായത‌്. എന്നെ അവർ ചതിക്കുകയായിരുന്നു’.

അമ്മ തമ്പായിയെയും മകൾ ദേവികയെയും ഇതിലേക്ക‌് വലിച്ചിഴക്കുകയായിരുന്നുവെന്നും മഞ‌്ജു പറഞ്ഞു. 77 വയസ്സായ അമ്മ  വീട‌് കത്തിക്കരുതെന്ന‌് അക്രമികളോട‌് കാലുപിടിച്ച‌് അപേക്ഷിച്ചതാണ‌്. വാഴയും കമുകും നശിപ്പിക്കരുതെന്നും പൊട്ടിക്കരഞ്ഞ‌് പറഞ്ഞു. അമ്മയെ ചവിട്ടിത്തെറിപ്പിച്ചാണ‌്  വീട‌് മുഴുവൻ തീയിട്ടത‌്. ഉടുതുണി മാത്രമാണ‌് ബാക്കിയായത‌്. പുസ‌്തകം കത്തിക്കുമ്പോൾ മകൾ ദേവിക എനിക്ക‌് പഠിക്കണം അത‌് നശിപ്പിക്കരുതെന്ന‌് യാചിച്ചിട്ടും രക്ഷയുണ്ടായില്ല. എന്നാൽ ഇക്കാര്യങ്ങൾ ചാനൽ വെളിപ്പെടുത്തിയില്ല.

ഞാൻ വിശ്വസിക്കുന്ന പാർടി  ആളുകളെ കൊല്ലാൻ പറഞ്ഞുവിടുമെന്ന‌് കരുതുന്നില്ല. എന്റെ ഭർത്താവും അങ്ങനെ ചെയ്യുമെന്ന‌് വിശ്വസിക്കുന്നില്ല. കേസിൽ പ്രതിയായതുകൊണ്ടാണ‌് പാർടി പുറത്താക്കിയത‌്. അതിന‌് പാർടിയെ കുറ്റപ്പെടുത്തുന്നില്ല. പാർടി ജനങ്ങളുടെയാകെയാണ‌്. എന്റെ ജീവനുള്ള കാലത്തോളം പാർടിക്കാരിയായി തുടരും. പൊലീസ‌് സംരക്ഷണമുണ്ടെങ്കിലും ഏത‌് സമയത്തും ഞങ്ങൾക്കുനേരെ അക്രമമുണ്ടാകുമെന്ന ഭയത്തിലാണ‌് കഴിയുന്നത‌്.


പ്രധാന വാർത്തകൾ
 Top