ആലപ്പുഴ> സൗരോർജത്തിൽ ഓടുന്ന ഇന്ത്യയിലെ ആദ്യ ടൂറിസം ബോട്ട് ‘ഇന്ദ്ര'യുടെ നിർമാണം ഈ മാസം പൂർത്തിയാകും. കായൽ സൗന്ദര്യം ആസ്വദിച്ച് യാത്രയൊരുക്കുന്ന ഈ സോളാർ ക്രൂയിസറിന്റെ സർവീസും എറണാകുളത്ത് ഉടൻ ആരംഭിക്കും. അഷ്ടമുടിക്കായലിന്റെ ഭംഗി നുകരാനാകുന്ന "സീ അഷ്ടമുടി' കൊല്ലത്ത് ഉടൻ ഓടിത്തുടങ്ങും.
സോളാർ ക്രൂയിസർ ‘ഇന്ദ്ര'ഓണത്തിന് സമർപ്പിക്കാനിരുന്നതാണ്. അവസാനഘട്ട പണികൾ പൂർത്തിയാകാത്തതിനാലാണ് നീറ്റിലിറക്കൽ വൈകിച്ചത്. മിനുക്കുപണികൾ പൂർത്തിയാകാൻ പ്രതീക്ഷിച്ചതിലും സമയമെടുത്തെന്നും പുതുവത്സര സമ്മാനമായി സർവീസ് ആരംഭിക്കാനാവുംവിധം ബോട്ട് തയ്യാറാവുമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. അരൂരിലാണ് നിർമാണം. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായതിനാലാണ് എറണാകുളത്ത് ഓടിക്കുന്നത്. ഇരുനില ബോട്ടിന് 100 സീറ്റാണ്. 24 മീറ്റർ നീളവും ഏഴുമീറ്റർ വീതിയും. 100 കിലോവാട്ടാണ് കരുതൽ ഊർജം. താഴത്തെ നില എസിയാണ്. മുകൾ നിലയിൽ യോഗങ്ങളും പരിപാടികളും നടത്താനാകുന്ന സൗകര്യമുണ്ട്.
അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ കുറഞ്ഞചെലവിൽ സഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ കാണാൻ അവസരമൊരുക്കുന്ന ക്രൂയിസറാണ് "സീ അഷ്ടമുടി'. ഇതേ മാതൃകയിൽ സീ കുട്ടനാടിന്റെ സർവീസ് രണ്ടുമാസം മുമ്പാണ് ആരംഭിച്ചത്. കുടുംബശ്രീയുടെ രുചികരമായ ഭക്ഷണം സീ അഷ്ടമുടിയിലും ഉണ്ടാകും. നോൺ എ സിയാണ്. 90 സീറ്റുണ്ട്. ലൈറ്റിനും ഫാനിനും സൗരോർജമാണ് ഉപയോഗിക്കുന്നത്. നീറ്റിലിറക്കി കൊല്ലത്തേക്ക് കൊണ്ടുപോയ ബോട്ടിന് രജിസ്ട്രേഷൻ ലഭിച്ചാലുടൻ സർവീസ് തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..