18 February Monday

അസൻഡ‌് 2019 : ഇത്‌ മാറിയ കേരളത്തിന്റെ മുഖമെഴുത്ത്‌

മിൽജിത‌് രവീന്ദ്രൻUpdated: Tuesday Feb 12, 2019

‘അസൻഡ‌് 2019’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യുന്നു. മന്ത്രി ഇ പി ജയരാജൻ സമീപം

കൊച്ചി > രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളിലൊന്നായി മുന്നേറുന്ന കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച‌് അസൻഡ‌് 2019 നിക്ഷേപസംഗമം. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽവന്നശേഷം വ്യവസായാന്തരീക്ഷത്തിൽ വന്ന മാറ്റമാണ‌് വ്യവസായ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത‌്. ഇന്ത്യക്കകത്തും വിദേശത്തുമുള്ള സംരംഭകര്‍ക്ക് ഉദ്യോഗസ്ഥതലത്തിലുള്ള നടപടിക്രമം ലഘൂകരിച്ച് അനായാസം വ്യവസായം ആരംഭിക്കാനുള്ള അവസരം കേരളത്തിലുണ്ടെന്ന് വിളിച്ചോതിയ സംഗമം അവതരണത്തിലെ പുതുമകൊണ്ട‌് ശ്രദ്ധേയമായി.

കേരളത്തിന്റെ പുത്തൻ നിക്ഷേപകാന്തരീക്ഷത്തിനു സാക്ഷിയാകാൻ ഇന്ത്യക്കകത്തും പുറത്തുമുള്ള വ്യവസായപ്രമുഖർ, നയകർത്താക്കൾ, വിദേശപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങി മൂവായിരത്തോളം പേരാണ‌് കൊച്ചിയിലെ ബോൾഗാട്ടി ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ എത്തിയത‌്. വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് പ്രയോജനം ലഭിക്കാൻ ഭരണസംവിധാനത്തിലും ബിസിനസ് മേഖലയിലും സ്വീകരിച്ച എല്ലാ പരിഷ്കാരനടപടികളും സംഗമത്തിൽ അണിനിരത്തി. പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ മാതൃകയ്ക്കാണ് കേരളം ലക്ഷ്യമിടുന്നതെന്ന‌് സംഗമം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് അനായാസം ബിസിനസ് ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ  ഭരണപരിഷ്കാരങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്പരന്റ‌് ക്ലിയറന്‍സസ് (കെ സ്വിഫ്റ്റ്), ഇന്റലിജന്റ‌് ബില്‍ഡിങ‌് പ്ലാന്‍ മാനേജ‌്മെന്റ‌് സിസ്റ്റം (ഐബിപിഎംഎസ്) എന്നിവയുടെ അവതരണവും നടന്നു. നിക്ഷേപസാധ്യതകള്‍ നേരിട്ടു മനസിലാക്കുന്നത് ലക്ഷ്യമിട്ട് തയ്യാറാക്കിയ ഇന്‍വെസ്റ്റ് കേരള ഗൈഡും ഇൻവെസ‌്റ്റ‌് കേരള പോർട്ടലും സംഗമത്തിൽ പ്രകാശനംചെയ‌്തു.

സംസ്ഥാനത്ത് ഉൽപ്പാദനം വര്‍ധിപ്പിക്കണമെന്നും അതിനായി പുതിയ യൂണിറ്റുകള്‍ വേണമെന്നും സംഗമം ഉദ‌്ഘാടനംചെയ‌്ത‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായവകുപ്പ് അവതരിപ്പിച്ച  ഐബിപിഎംഎസ് വഴി കെട്ടിടനിര്‍മാണാനുമതി 30 ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് സമാപനസമ്മേളനത്തിൽ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനില്‍ പുതിയ സംവിധാനംവഴി ലഭിച്ച സര്‍ട്ടിഫിക്കറ്റ് നാലു പേര്‍ക്ക് സമ്മേളനത്തില്‍ മന്ത്രി വിതരണംചെയ്തു. വ്യവസായ സൗഹൃദത്തില്‍ കേരളത്തിന‌് 47 ശതമാനമാണ് കയറ്റമുണ്ടായതെന്നും പുതിയ നയത്തിന്റെ പിന്‍ബലത്തില്‍ അത് 95 ശതമാനം ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 10ന‌് കേരളത്തിന്റെ വ്യവസായ സൗഹൃദ ശതമാനം 47 ശതമാനമായിരുന്നത് അസെന്‍ഡ് സമ്മേളന സമയത്ത് 62 ശതമാനമായെന്ന് കെഎസ്ഐഡിസി എംഡി ഡോ. ഷര്‍മിള മേരി ജോസഫ് അറിയിച്ചു.

വ്യവസായവളർച്ചയ്ക്കും നിക്ഷേപം വർധിപ്പിക്കുന്നതിനുമായി നിലവിലുള്ള എല്ലാ നിയമങ്ങളും ഭേദഗതിചെയ്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ-വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ ചൂണ്ടിക്കാട്ടി. നിക്ഷേപകസൗഹൃദ റാങ്കിങ്ങിൽ രാജ്യത്തിന്റെ നേട്ടത്തിന്റെ ഗുണഫലം കേരളത്തിനും ലഭിക്കുമെന്ന‌് ഫിക്കി ദേശീയ പ്രസിഡന്റ‌് സന്ദീപ് സോമാനി പറഞ്ഞു. വിജ്ഞാനസംബന്ധിയായ വ്യവസായങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്ന് സർക്കാർ ആലോചിക്കണമെന്ന് സിഐഐ ദക്ഷിണേന്ത്യ ചെയർമാൻ ആർ ദിനേശ് പറഞ്ഞു. വ്യവസായങ്ങളുടെ ഭാഗത്തുനിന്നുള്ള തൊഴിലവസരം വരുംവർഷങ്ങളിൽ 20 ശതമാനം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലകൈമാറ്റത്തിലെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കണമെന്ന് കെഎസ്‌എസ‌്ഐഎ  പ്രസിഡന്റ‌് എം ഖാലിദ് പറഞ്ഞു. പ്രതീക്ഷാനിർഭരമായ തുടക്കമാണ് അസെൻഡ് കേരള സമ്മേളനത്തിൽ ഉണ്ടായിരിക്കുന്നതെന്ന‌് ടൈ കേരള ചാപ്റ്റർ പ്രസിഡന്റ‌് എം എസ് എ കുമാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top